ബെംഗളൂരു : കർണാടകത്തിൽ സ്ത്രീകൾക്ക് ട്രാൻസ്പോർട്ട് ബസുകളിൽ യാത്ര സൗജന്യമാക്കിയ ശക്തി പദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ ജി.എസ്.ടി. വരുമാനം വർധിച്ചതായി പഠനം.
തൊഴിൽരംഗത്ത് സ്ത്രീകളുടെ സാന്നിധ്യം വർധിച്ചതായും അവരുടെ സാമ്പത്തിക ക്രയവിക്രയങ്ങൾ കൂടിയതായും സംസ്ഥാന സർക്കാരിനു കീഴിലുള്ള ഫിസ്‌കൽ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇതിന്റെ ഫലമായാണ് ജി.എസ്.ടി. വർധിച്ചത്.
കഴിഞ്ഞവർഷം ജൂണിലാണ് ശക്തി പദ്ധതി ആരംഭിച്ചത്. അതിനുശേഷം ഈവർഷം മാർച്ചുവരെ സംസ്ഥാനം സംഭരിച്ച ജി.എസ്.ടി. തുകയിൽ മുൻവർഷത്തെക്കാൾ 309.64 കോടി രൂപ വർധിച്ചതായാണ് കണക്ക്.
ഇത് സ്ത്രീകളുടെ ക്രയവിക്രയശേഷി വർധിച്ചതുകൊണ്ടാണെന്നും പറയുന്നു. ബസ്‌യാത്ര സൗജന്യമാക്കിയതോടെ സ്ത്രീകളുടെ വരുമാനത്തിൽ വർധനയുണ്ടായി.
ഈ തുക അവർ സാധനങ്ങൾ വാങ്ങിയും മറ്റും ചെലവഴിച്ചു. ഇതാണ് സർക്കാരിന്റെ നികുതിവരുമാനം വർധിപ്പിച്ചത്. പദ്ധതിയുടെ ഫലമായി അടുത്ത സാമ്പത്തികവർഷം 371.57 കോടി രൂപയുടെ വർധനയുണ്ടാകുമെന്ന് പഠനം പ്രവചിക്കുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അഞ്ചിന വാഗ്ദാനപദ്ധതികളിലൊന്നായിരുന്നു ശക്തി പദ്ധതി.
കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ പദ്ധതി നടപ്പാക്കി. ഇതോടെ സംസ്ഥാനത്ത് യാത്രചെയ്യുന്ന സ്ത്രീകളുടെ എണ്ണം കുതിച്ചുയർന്നു.
ക്ഷേത്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമെത്തുന്ന സ്ത്രീകളുടെ എണ്ണവും വർധിച്ചു. ക്ഷേത്രങ്ങളിലെ വരുമാനവും ഇതിന്റെ ഫലമായി വർധിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.