ബെംഗളൂരു: നഗരം കൊടുംചൂടിൽ ഉരുകുമ്പോൾ നഗരത്തിലെ മരങ്ങളെ ‘കൂളിങ് പെയിന്റ്’ അടിച്ച് സന്നദ്ധസംഘടനകൾ.
വിവിധ രാസ പദാർഥങ്ങളടങ്ങിയ പ്രത്യേകതരം പെയിന്റ് മരങ്ങളിൽ അടിച്ചാൽ ചൂടിൽ നിന്ന് സംരക്ഷണമാകുമെന്നും മരങ്ങളുടെ ആയുസ്സ് വർധിക്കുമെന്നും സംഘടനാ പ്രവർത്തകർ പറയുന്നു.
കഴിഞ്ഞ ദിവസം ‘ബെംഗളൂരു ഹുഡുഗരു’ എന്ന സംഘടനയിലെ അംഗങ്ങൾ യെലഹങ്ക ന്യൂടൗണിലെ 30-ഓളം മരങ്ങളിൽ പെയിന്റടിച്ചു.
പ്രദേശവാസികളുടെ സഹകരണത്തോടെയായിരുന്നു ഇത്.
മനുഷ്യരും മൃഗങ്ങളും ചൂടുകാലത്ത് ബുദ്ധിമുട്ടുന്നതു പോലെ മരങ്ങൾക്കും ചൂട് സഹിക്കേണ്ടിവരുന്നുണ്ടെന്ന് അംഗങ്ങൾ പറഞ്ഞു.
നഗരത്തിലെ പല മരങ്ങളും ശരിയായി പരിചരിക്കാത്തതിനാൽ മോശം അവസ്ഥയിലാണെന്നും കൂളിങ് പെയിന്റ് അടിച്ചാൽ മരങ്ങളുടെ ആയുസ്സ് കൂട്ടാമെന്നും ഇവർ പറയുന്നു.
പൈരെത്രിൻ, ഓർഗാനോഫോസ്ഫേറ്റ് തുടങ്ങിയ വസ്തുക്കൾ വേപ്പെണ്ണ, ഗോതമ്പുപൊടി തുടങ്ങിയവയുമായി ചേർത്താണ് പെയിന്റ് തയ്യാറാക്കുന്നത്.
വെള്ളനിറം ലഭിക്കുന്നതിനായി വൈറ്റ് വാഷ് പൊടിയും ഉപയോഗിക്കുന്നുണ്ട്.
എല്ലാ ഞായറാഴ്ചകളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി മരങ്ങളിൽ പെയിന്റടിക്കാനാണ് തീരുമാനം.
അടുത്ത ആഴ്ചകളിൽ ഇന്ദിരാനഗർ, കെ.ആർ. പുരം, ശാന്തിനഗർ എന്നിവിടങ്ങളിലാകും പെയിന്റടിക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.