ഒരു വര്‍ഷത്തെ വൈദ്യുതി ബില്‍ മുന്‍കൂറായി അടച്ചാല്‍ ഇളവുകള്‍ നല്‍കുമെന്ന വാഗ്ദാനവുമായി വൈകാതെ കേരളത്തിലെ വൈദ്യുതി വകുപ്പ് ഉപഭോക്താക്കളുടെ മുന്നിലെത്തിക്കും.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോര്‍ഡിന് അടിയന്തരമായി പണം ആവശ്യമുള്ള സാഹചര്യത്തിലാണ് പുതിയ നീക്കം.
ഇതിനുള്ള സ്കീം തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ അനുവാദം നല്കി.
വൈദ്യുതി മേഖലയിലെയും ബോര്‍ഡിന്റെയും പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ബോര്‍ഡ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.
നിലവില്‍ ആറ് മാസത്തെ ബില്‍ അടച്ചാല്‍ രണ്ട് ശതമാനവും ഒരു വര്‍ഷത്തേക്ക് നാലുശതമാനവും പലിശയാണ് ബോര്‍ഡ് കണക്കാക്കുന്നത്.
പലിശ കൂട്ടി ഈ രീതി വ്യാപകമാക്കാനാണ് ബോര്‍ഡിന്റെ നീക്കം.
വാണിജ്യ ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്ക് നല്കുന്ന പലിശ വാഗ്ദാനം ചെയ്താല്‍ മുന്‍കൂര്‍ പണം അടയ്ക്കാന്‍ കൂടുതല്‍ പേര് തയ്യാറായേക്കുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. ഈ പലിശത്തുക ബില്ലില്‍ നിന്ന് കുറയ്ക്കുകയും ചെയ്യും.
ഉപഭോക്താവിന് ബാങ്ക് നിക്ഷേപത്തിന്റെ പലിശ നല്കിയാലും പുറത്തുനിന്ന് വായ്പ എടുക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ബോര്‍ഡിന് പണം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രയോജനം.
ഓരോ രണ്ടുമാസത്തെയും ബില്‍ തുക ഇതില്‍ നിന്ന് കുറയ്ക്കും. ശേഷിക്കുന്ന തുക എത്രയാണെന്ന് ഓരോ ബില്ലിലും അറിയിക്കും.
അക്കൗണ്ടില്‍ മതിയായ തുകയുണ്ടെങ്കില്‍ തുടര്‍ന്നുള്ള ബില്ലുകളില്‍ വരവുവെയ്ക്കും. കുറവാണെങ്കില്‍ ഉപഭോക്താവ് നല്‍കുകയും വേണം.
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കുടിശ്ശിക ഉടനെ കിട്ടാനുള്ള സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളില്‍ നിന്ന് മുന്‍കൂറായി പണം സമാഹരിക്കാന്‍ ബോര്‍ഡ് ശ്രമിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.