ബെംഗളൂരു : നഗരത്തിൽനിന്ന് വിമാനത്താവളത്തിലേക്കുള്ള മെട്രോ പാതയുടെ നിർമാണം പൂർത്തിയാക്കുന്നതുൾപ്പെടെ വിവിധ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.
ഏറെ കാത്തിരിക്കുന്ന ബെംഗളൂരു സിൽക്ക് ബോർഡ്- കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം മെട്രോ പാത 2026 ജൂണിൽ പൂർത്തിയാകുമെന്ന് ഗവർണർ താവർചന്ദ് ഗെഹ്‌ലോത് പറഞ്ഞു.
ഇതിന്റെ പ്രവൃത്തി സമയബന്ധിതമായി പുരോഗമിക്കുകയാണ്. റാഗിഗുഡ മുതൽ സെൻട്രൽ സിൽക്ക്‌ബോർഡ് വരെയുള്ള പാതയുടെ നിർമാണം ഇതിനോടകം 98 ശതമാനം പൂർത്തിയായി.
ഡബിൾ ഡക്കർ മാതൃകയിലാണ് ഈ പാതയുടെ ഭൂരിഭാഗവും നിർമിക്കുന്നതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
ഹാസനിലും റായ്ച്ചൂരിലും നിർമിക്കുന്ന ചെറു വിമാനത്താവളങ്ങളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഗവർണർ പറഞ്ഞു.
വിജയപുരയിലെ വിമാനത്താവളത്തിൽ ഈ വർഷം സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ഈ മേഖലയുടെ സമഗ്ര വികസനം ഉറപ്പാക്കാനാകും.
ബെംഗളൂരുവിലെ കുടിവെള്ള പദ്ധതികളെക്കുറിച്ചും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വിശദീകരിച്ചു.
ഏറ്റവുമൊടുവിൽ ബെംഗളൂരു കോർപ്പറേഷനോട് കൂട്ടിച്ചേർത്ത 110 ഗ്രാമങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി അടുത്തമാസം കമ്മിഷൻ ചെയ്യും.
775 എം.എൽ.ഡി. വെള്ളമാണ് പദ്ധതിയനുസരിച്ച് ഈ പ്രദേശങ്ങളിൽ വിതരണം ചെയ്യുക. കോർപ്പറേഷൻ പരിധിയിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമായ പ്രദേശമാണിത്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ നൂറുകണക്കിന് വീടുകളിൽ പൈപ്പുവഴി കുടിവെള്ളമെത്തും.
സാധാരണക്കാർക്ക് കുറഞ്ഞചെലവിൽ ഭക്ഷണം നൽകുന്ന ഇന്ദിരാകാന്റീനുകളുടെ പുനരുജ്ജീവനം സർക്കാർ ലക്ഷ്യമിടുന്നതായും ഗവർണർ അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 188 കാന്റീനുകൾ കൂടി തുറക്കാൻ പദ്ധതി തയ്യാറാക്കിവരുകയാണ്.
നിലവിൽ ലഭ്യമാകുന്ന വിഭവങ്ങൾക്കുപുറമേ പുതിയ വിഭവങ്ങൾ ഉൾപ്പെടുത്തുന്നതും സർക്കാറിന്റെ സജീവ പരിഗണനയിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.