കേരളത്തിലെ പുരുഷൻമാർക്ക് പെണ്ണ് കിട്ടാനില്ല; വില്ലനാകുന്നത് ഗാമോഫോബിയ; ചില്ലറക്കാരനല്ലാത്ത ഈ മാനസിക വൈകല്യം എന്തെന്നെറിയാമോ? വായിക്കാം

രാജ്യത്തെ പുരുഷൻമാർക്ക് വിവാഹം കഴിക്കാൻ സ്ത്രീ പങ്കാളികളെ കിട്ടാനില്ല എന്ന തരത്തിൽ പലവിധ സർവേഫലങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു.

2018നു ശേഷമാണ് ഇങ്ങനെ ഒരു മാറ്റം കാണുന്നത് എന്നാണ് സർവേകൾ വ്യക്തമാക്കുന്നത്. കേരളത്തിലെ സ്‌ത്രീ- പുരുഷ അനുപാതം 1084: 1000 ആണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

എന്നിട്ടും എന്തുകൊണ്ടായിരിക്കാം പുരുഷൻമാർക്ക് സ്‌ത്രീകളെ കിട്ടാനില്ലാത്തത്?

വിവിധ സ്രോതസ്സുകളിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് മുപ്പത്തിയൊന്ന് മുതൽ തൊണ്ണൂറ്റിയെട്ട് ശതമാനംവരെ പെൺകുട്ടികൾ വിവാഹത്തിന് താല്പര്യപ്പെട്ട് മുന്നോട്ടു വരുന്നില്ല എന്നാണ്.

പ്രണയ വിവാഹങ്ങൾ കൂടുന്നതും ലിവിംഗ് ടുഗെതർ വർദ്ധിക്കുന്നതും ജാതക പ്രശ്നങ്ങളും പോലുള്ള കാരണങ്ങൾ കൊണ്ടുമാത്രമല്ല പെൺകുട്ടികളുടെ പ്രൊഫൈൽ എണ്ണം കുറയുന്നത്.

ഇന്നത്തെ കാലത്ത് മിക്ക പെൺകുട്ടികളും ഇതിന് കാരണമായി പറയുന്നത് ഗാമോഫോബിയ ആണ്.

വിവാഹത്തിനോടും ബന്ധങ്ങളോടും ഉള്ള ഭയമാണ് ഗാമോഫോബിയ.

വിവാഹത്തിനെക്കുറിച്ചും കമ്മിറ്റ്മെന്റിനെക്കുറിച്ചുമൊക്കെ ചിന്തിക്കുമ്പോൾ തന്നെ പലർക്കും പാനിക്ക് അറ്റാക്ക് ഉണ്ടാവുന്നു.

എന്താണ് ഗാമോഫോബിയ?

വിവാഹം, പ്രണയബന്ധം പോലുള്ള വലിയ ഉത്തരവാദിത്തങ്ങളിൽ ഏർപ്പെടാനുള്ള ഭയമാണ് ഗാമോഫോബിയ.

മറ്റെല്ലാ ഫോബിയകളെയും പോലെ ഇതും ഒരു മാനസികാരോഗ്യ പ്രശ്‌നമാണ്. ഗാമാഫോബിയ സ്‌ത്രീകളിലും പുരുഷൻമാരിലും ഉണ്ടാകാറുണ്ടെങ്കിലും സ്‌ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്.

അഞ്ചുമുതൽ പത്തുശതമാനം പേരിൽ ഈ മാനസികവൈകല്യം ഉണ്ടാകാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

വിവാഹത്തിന്റെ ഗ്രീക്ക് നാമമാണ് ‘ഗാമോസ്’. ഫോബിയ എന്നാൽ ഭയവും. ഇതിൽ നിന്നാണ് ഗാമോഫോബിയ എന്ന വാക്ക് ഉണ്ടാവുന്നത്.

അടിസ്ഥാനമില്ലാത്ത ഭയം ഉള്ളവരാണ് ഗാമോഫോബിയ ഉള്ളവർ. ഇവർക്ക് നീണ്ടുനിൽക്കുന്ന സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാൻ പോലും ഭയമായിരിക്കും.

ഒരു ബന്ധം പെട്ടെന്ന് അവസാനിച്ചുപോകുമോയെന്ന ഭയമാണ് ഗാമോഫോബിയയുടെ പ്രധാനകാരണമായി കണക്കാക്കുന്നത്.

പ്രണയബന്ധങ്ങൾ ഇല്ലാത്തവർ ഇന്നത്തെ കാലത്ത് വളരെ ചുരുക്കമായിരിക്കും. അവയിൽ തന്നെ മാനസിക- ശാരീരിക പീഡനങ്ങൾ ഏറ്റുവാങ്ങി ബന്ധം അവസാനിപ്പിക്കേണ്ടി വന്നവരുമുണ്ട്.

ബന്ധം അവസാനിച്ചെങ്കിലും അതേൽപ്പിച്ച ആഘാതവും മുറിവും വർഷങ്ങളെടുത്തും ഉണങ്ങാത്തവരായിരിക്കും പലരും.

ഇത്തരക്കാരിലും ഗാമോഫോബിയ ഉണ്ടാവും. ഇനിയും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വരുമോയെന്ന ഭയമായിരിക്കും വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ പലരും ഭയപ്പെടുത്തുന്നത്.

ഗാമോഫോബിയ ഉള്ളവ‌ർക്ക് സന്തുഷ്ടരായ ദമ്പതികളെയും പ്രണയിതാക്കളെയും കാണുമ്പോൾതന്നെ ഉത്കണ്ഠ അനുഭവപ്പെടാം.

മറ്റുള്ളവരെ തന്നിൽ നിന്ന് അകറ്റി നിർത്തുന്നതും ബന്ധങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കുന്നതും പുതിയൊരു ബന്ധത്തിലേയ്ക്ക് കടക്കാതിരിക്കുന്നതും ഇത്തരക്കാരിൽ സാധാരണമാണ്.

ആ‌ർക്കൊക്കെ ഗാമോഫോബിയ ഉണ്ടാവാം?

ബോർഡർലൈൻ പേഴ്‌സണാലിറ്റി ഡിസോർ‌‌ഡർ(ബിപിഒ) ഉള്ളവരിൽ ഗാമോഫോബിയയ്ക്കുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

ബോർഡർലൈൻ പേഴ്‌സണാലിറ്റി ഡിസോർഡർ എന്നത് ഒരു വ്യക്തിയുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ ബാധിക്കുന്ന ഒരു മാനസിക രോഗമാണ്.

ഇത്തരത്തിൽ വൈകാരിക നിയന്ത്രണം നഷ്ടപ്പെടുന്നത് സ്വത്വബോധത്തെയും മറ്റുള്ളവരുമായുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിക്കുന്നു.

ബിപിഒ സ്ത്രീകളിലാണ് കൂടുതലായും കാണപ്പെടുന്നത്. ഉത്കണ്ഠാ രോഗം (ആൻസൈറ്റിയ) പാരമ്പര്യമായി ലഭിക്കാനിടയുള്ള രോഗമായതിനാൽ ഗാമോഫോബിയയും അത്തരത്തിൽ രൂപപ്പെടാൻ സാദ്ധ്യതയേറെയാണ്.

മാത്രമല്ല, ജനിതകമാറ്റങ്ങളും പലവിധ ഫോബിയകളും ഉണ്ടാകുന്നതിന് കാരണമാവുന്നു.

ഗാമോഫോബിയയുടെ കാരണങ്ങൾ

മാതാപിതാക്കളുടെ ബന്ധത്തിലെ തകർച്ച, മാതാപിതാക്കളുടെ വിവാഹമോചനം
പ്രണയബന്ധത്തിലോ വിവാഹത്തിലോ മുൻപ് നേരിട്ട തകർച്ചയും അനുഭവങ്ങളും
തെറ്റായ പങ്കാളിയെ തിരഞ്ഞെടുക്കുമോയെന്ന പേടി
സാംസ്‌കാരികവും മതപരവുമായ സമ്മർദ്ദങ്ങൾ

ഗാമോഫോബിയയുടെ ലക്ഷണങ്ങൾ

  • വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ വിറയൽ ഉണ്ടാവുക
  • തളർ‌ച്ചയും തലകറക്കവും
  • അമിതമായി വിയർക്കുക
  • നെഞ്ചിടിപ്പ് വർദ്ധിക്കുക
  • ശ്വാസതടസം നേരിടുക
  • വയറിളക്കം അനുഭവപ്പെടുക

ഗാമോഫോബിയ എങ്ങനെ നിർണ്ണയിക്കാം?

ഗാമോഫോബിയ നിർണ്ണയിക്കാൻ മാനസികാരോഗ്യ വിലയിരുത്തൽ നടത്തുകയാണ് സാധാരണയായി ചെയ്യുന്നത്. ഇതിന് ഒരു പ്രത്യേക പരിശോധനയില്ല.  രോഗലക്ഷണങ്ങളെക്കുറിച്ചും മാനസികാരോഗ്യ ചരിത്രത്തെക്കുറിച്ചും മറ്റ് ഭയങ്ങളുണ്ടോയെന്നും മാനസികാരോഗ്യ വിദഗ്ദ്ധ ചോദിച്ച് മനസിലാക്കുന്നു.

സൈക്കോതെറാപ്പി (ടോക് തെറാപ്പി)യുടെ വിഭാഗത്തിൽ വരുന്ന കൊഗ്‌നിറ്റീവ് ബിഹേവിയറൽ തെറാപ്പി (സിബിറ്റി)യാണ് ഗാമോഫോബിയയുടെ ചികിത്സയ്ക്കായി പ്രധാനമായും ഉപയോഗിക്കുന്നത്.

എക്‌സ്‌പോഷർ തെറാപ്പി, കൗൺസലിംഗ് എന്നിവയും ഗാമോഫോബിയയുടെ ചികിത്സയിൽ പ്രധാനമാണ്.

ഗാമോഫോബിയ ഗുരുതരമാകുന്നത് എപ്പോൾ?

വിഷാദരോഗം, ആത്മഹത്യാപ്രവണത
ഉത്കണ്ഠ, പാനിക് അറ്റാക്ക്
ഉദ്ധാരണക്കുറവ്
സബ്‌സ്റ്റൻസ് യൂസ് ഡിസോർഡർ അനുഭവപ്പെട്ടുതുടങ്ങിയാൽ ഡോക്ടറെ സമീപിക്കേണ്ടതുണ്ട്
ഗാമോഫോബിയയുമായി ബന്ധപ്പെട്ട് വരുന്ന മറ്റ് ഫോബിയകൾ

ഫിലോഫോബിയ (പ്രണയത്തോടുള്ള ഭയം)
പിസ്റ്റാൻത്രോഫോബിയ (മറ്റുള്ളവരെ വിശ്വസിക്കാനുള്ള ഭയം അല്ലെങ്കിൽ സ്നേഹിക്കുന്ന ഒരാളിൽ നിന്ന് വേദനിപ്പിക്കപ്പെടുമോ എന്ന ഭയം)
ജെനോഫോബിയ (ലൈംഗികതയെയോ ലൈംഗിക അടുപ്പത്തെയോ കുറിച്ചുള്ള ഭയം)
ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us