ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. പത്തുനാള്‍ ഇനി മലയാളികള്‍ തിരുവോണത്തിനായുള്ള കാത്തിരിപ്പിലായിരിക്കും. ഇന്ന് മുതൽ ജാതി മത ഭേദമെന്യേ ഓരോ വീടുകളുടെയും മുന്നിൽ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ പൂക്കളങ്ങള്‍ മാവേലി തമ്പുരാനെ വരവേൽക്കാനായി ലോകത്തെവിടെയുമുള്ള മലയാളികൾ ഇട്ട് തുടങ്ങും .
വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ കേരളം വാണിരുന്ന അസുര ചക്രവര്‍ത്തി മഹാബലി തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് തിരുവോണമെന്നാണ് വിശ്വാസം. തിരുവോണ നാളില്‍ പ്രജകളെ കാണാനെത്തുന്ന മഹാബലി ചക്രവര്‍ത്തിയെ സ്വീകരിക്കുന്നതിനായാണ് പ്രജകള്‍ പൂക്കളം ഒരുക്കിയിരുന്നതെന്നാണ് ഐതീഹ്യം.
ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിലാണ് വീട്ടുമുറ്റത്ത് അത്തപ്പൂക്കളം ഒരുക്കുന്നത്. അത്തം നാളില്‍ പൂക്കളമൊരുക്കി മലയാളികള്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. മുക്കൂറ്റിയും കാക്കപ്പൂവും തുമ്പപ്പൂവും പറമ്പുകളില്‍ ഇന്നില്ല. കാട്ടിലും മേട്ടിലും നടന്നു ശേഖരിച്ച പൂക്കളുടെ കാലം ഓര്‍മ്മയില്‍ ആണ്. കഥകളിയും വള്ളംകളിയും ദേവരൂപങ്ങളുമെല്ലാം പൂക്കളങ്ങള്‍ക്ക് ഇനിയുള്ള നാളുകളില്‍ ഡിസൈനുകളാകും. ചാണകം മെഴുകി പൂക്കളം ഇടുന്ന രീതി നന്നേ കുറഞ്ഞുവെങ്കിലും സ്‌നേഹത്തിന്റെ കളങ്ങളിലേക്ക് പല വര്‍ണ്ണത്തിലുള്ള പൂക്കള്‍ ഇങ്ങനെ നിറയുന്നുണ്ട്.
തമിഴ്‌നാട്ടിൽനിന്നും കർണാടകത്തിൽനിന്നും കൂടുതലായി പൂവുകൾ എത്തിത്തുടങ്ങി. ചെണ്ടുമല്ലി, അരളി, തെച്ചി, വാടാമല്ലി, വിവിധ നിറത്തിലുള്ള റോസാപ്പൂക്കൾ എന്നിവ വിപണിയിൽ സുലഭമാണ്. വീടുകളിലും സ്ഥാപനങ്ങളിലും പൂക്കളം ഒരുക്കാനും പൂക്കള മത്സരങ്ങളിൽ പങ്കെടുക്കാനുമുള്ളവരെ കാത്ത് തെരുവോരങ്ങളിലും പൂവിപണി ഉയരും. സംസ്ഥാനസർക്കാരിന്റെ ഓണാഘോഷം 27ന് തുടങ്ങും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.