ബെംഗളൂരു: കൊലക്കേസ് പ്രതിയായ 19-കാരനെ പോലീസ് വെടിവെച്ച് വീഴ്ത്തി കീഴ്പ്പെടുത്തി.
അനേക്കലിലാണ് പോലീസുകാരനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ച് വീഴ്ത്തി പിടികൂടിയത്.
വെടിയേറ്റ പ്രതി ആകാശിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നഗരത്തിലെ സെയില്‍സ്മാനായ ഹേമന്ദി(24)നെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ആകാശ്.
ജൂലായ് 31-നാണ് ആകാശും മറ്റുനാലുപേരും ചേര്‍ന്ന് ഹേമന്ദിനെ കൊലപ്പെടുത്തിയത്.
സംഭവത്തില്‍ കേസെടുത്തതോടെ ഒളിവില്‍പോയ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.
ഇതിനിടെയാണ് പ്രതികളിലൊരാളായ ആകാശ് അനേക്കലിലെ പൊളിഞ്ഞുകിടക്കുന്ന വീടിനുള്ളില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്.
തുടര്‍ന്ന് പോലീസ് ഇവിടേക്കെത്തിയതോടെ പ്രതി പോലീസുകാരനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
കോണ്‍സ്റ്റബിളിനെ ആക്രമിച്ച പ്രതിയോട് കീഴടങ്ങാൻ എസ്.ഐ. അടക്കമുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.
ആകാശത്തേക്ക് വെടിയുതിര്‍ത്ത് മുന്നറിപ്പ് നല്‍കിയെങ്കിലും പ്രതി ഓടിപ്പോയി.
ഇതോടെയാണ് പ്രതിയെ പിന്തുടര്‍ന്ന എസ്.ഐ. വലതുകാലില്‍ വെടിവെച്ച് പ്രതിയെ കീഴ്പ്പെടുത്തിയത്.
പി.യു വിദ്യാര്‍ഥിയായ 17-കാരനാണ് കൊലയാളിസംഘത്തിന്റെ തലവനെന്നാണ് പോലീസ് പറയുന്നത്.
ഇയാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് അച്ഛന് മുന്നില്‍ തെളിയിക്കാനും റൗഡിയായി കുപ്രസിദ്ധി നേടാനുമാണ് 17-കാരൻ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം.
തുടര്‍ന്ന് ആകാശ് ഉള്‍പ്പെടെയുള്ള നാല് കൂട്ടാളികള്‍ക്കൊപ്പം ചേര്‍ന്ന് ഹേമന്ദിനെ വെട്ടിക്കൊല്ലുകയായിരുന്നു.
ജൂലായ് 31-ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹേമന്ദിനെ ബൈക്ക് തടഞ്ഞുനിര്‍ത്തിയാണ് പ്രതികള്‍ ആക്രമിച്ചത്.
കൊലപാതകത്തിന് മുൻപ് 17-കാരൻ കാമുകിയെ വിളിച്ച് താൻ ഒരാളെ കൊല്ലാൻപോവുകയാണെന്ന് വീമ്പിളക്കിയിരുന്നു.
വീഡിയോകോളിലൂടെയാണ് മുഖ്യപ്രതി ഇക്കാര്യം കാമുകിയോട് വെളിപ്പെടുത്തിയത്.
കൃത്യം നടത്തിയശേഷം വീണ്ടും വിളിക്കാമെന്നും പറഞ്ഞു.
എന്നാല്‍, പ്രതിയുടെ കാമുകി ഇക്കാര്യങ്ങള്‍ തന്റെ സുഹൃത്തുക്കളോട് പങ്കുവെച്ചു.
തുടര്‍ന്ന് പോലീസിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതാണ് കൊലക്കേസ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കൊലപാതകത്തിന് ശേഷം മുഖ്യപ്രതി അച്ഛനില്‍നിന്ന് ഏഴായിരം രൂപയും കാറും കടംവാങ്ങിയിരുന്നതായും പോലീസ് പറയുന്നുണ്ട്.
ഇയാൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
കൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും അത് മറച്ചുവെച്ചതിനും പ്രതിയെ സഹായിച്ചതിനുമാണ് അച്ഛനെതിരേ കേസെടുത്തത്.
കേസിലെ മുഖ്യപ്രതിയായ 17-കാരനെ ക്രിമിനല്‍പ്രവര്‍ത്തനങ്ങള്‍ കാരണം കോളേജില്‍നിന്ന് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നതായാണ് വിവരം.
ഹോസ്റ്റല്‍ വാര്‍ഡൻ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു കോളേജ് അധികൃതര്‍ നടപടിയെടുത്തത്.
ഇതിനുശേഷം വാര്‍ഡനെ കൊലപ്പെടുത്തി പ്രതികാരം ചെയ്യാനും 17-കാരൻ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.