കര്‍ണാടക തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷം

കര്‍ണാടക തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതിനിടെ പാളയത്തില്‍ പടയുമായി കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡികെ ശിവകുമാറും. കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ടപ്പട്ടിക പുറത്ത് വരാനിരിക്കെയാണ് സിദ്ധരാമയ്യ നിലപാട് വ്യക്തമാക്കിയത്.

കര്‍ണാടക തെരഞ്ഞെടുപ്പ് മെയ് പത്തിന് നടക്കാനിരിക്കെ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം ബദ്ധവൈരികളായ സിദ്ധരാമയ്യയും ഡികെ ശിവകുമാറും തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ സിദ്ധരാമയ്യ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായ ഡികെ ശിവകുമാറിന് നേരെ ആദ്യ ഒളിയമ്പ് എയ്തുകഴിഞ്ഞു.

താനും ശിവകുമാറും മുഖ്യമന്ത്രി സ്ഥാനാഭിലാഷികളാണെന്നും എന്നാല്‍ ഹൈക്കമാന്‍ഡ് ശിവകുമാറിന് മുഖ്യമന്ത്രി പദം നല്‍കില്ലെന്നും സിദ്ദരാമയ്യ നിലപാട് വ്യക്തമാക്കി. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദരാമയ്യ മനസ് തുറന്നത്. എന്തുകൊണ്ടാണ് ചെറുപ്പക്കാര്‍ക്ക് മുഖ്യമന്ത്രി പദം നല്‍കാത്തതെന്ന ചോദ്യത്തിന് താന്‍ മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പാണിതെന്നും മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ തനിക്ക് ഈ അവസരം നല്‍കണമെന്നും പറയുന്നു. കര്‍ണാടക കോണ്‍ഗ്രസിലെ മുഖമാണ് ഡികെ ശിവകുമാര്‍. കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം പരിഹരിക്കുന്ന ഡികെയെ തഴയാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകുമോ എന്നതും കണ്ടറിയണം.

ഭാരത് ജോഡോ യാത്ര കര്‍ണാടകയിലെത്തിയപ്പോഴാണ് പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള സിദ്ധരാമയ്യ ശിവകുമാര്‍ തര്‍ക്കം ഒന്നടങ്ങിയത്. എന്നാല്‍ ഫെബ്രുവരിയില്‍ രണ്ട് കൂട്ടരും സംസ്ഥാനത്ത് നടത്തിയ വ്യത്യസ്ത റാലികള്‍ കര്‍ണാടക കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷമാക്കുകയാണ്. ഇരു കൂട്ടര്‍ക്കുമിടയിലെ പല പ്രശ്‌നങ്ങളും നേതൃത്വം രമ്യതയില്‍ പരിഹരിച്ചപ്പോഴും മുഖ്യമന്ത്രി പദത്തെ ചൊല്ലിയുളള തര്‍ക്കം അത്ര എളുപ്പത്തില്‍ തീര്‍ക്കാന്‍ ഹൈക്കമാന്‍ഡിന് സാധിക്കില്ല.

സ്ഥാനാര്‍ത്ഥിപ്പട്ടിക നിര്‍ണയത്തിലടക്കം ഇരുചേരികളിലുമുള്ള പടലപിണക്കം വിഷയമായിരുന്നു. ഇരു വിഭാഗത്തിലുമുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം മുഖ്യമന്ത്രി നിര്‍ണയത്തെ സ്വാധീനിക്കുമെന്നതും തര്‍ക്കത്തിന്റെ ആക്കം കൂട്ടുന്നു. എന്നാല്‍ തൂക്കു മന്ത്രിസഭയാണ് കര്‍ണാടക വിധിയെഴുതുന്നതെങ്കില്‍ ജനതാദള്‍ സെക്യുലറിന്റെ എച്ച് ഡി കുമാരസ്വാമിയുമായുള്ള പുതിയ സഖ്യ സാധ്യതയെ തള്ളിക്കളായാന്‍ ആകില്ല. മുഖ്യമന്ത്രി പദത്തില്‍ കുറഞ്ഞൊന്നും കുമാരാസ്വാമിയും മുന്നോട്ടുവെക്കില്ല എന്നതും കര്‍ണാടക കോണ്‍ഗ്രസിന് തലവേദനയാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us