പൊടിശല്യം കുറയ്ക്കാൻ റോഡിൽ വെള്ളംതളിക്കും; പദ്ധതിയുമായി ബി.ബി.എം.പി.

ബെംഗളൂരു: നഗരത്തിലെ പൊടിശല്യം കുറയ്ക്കുന്നതിന് റോഡിലേക്ക് വെള്ളംതളിക്കുന്ന പദ്ധതിയുമായി ബി.ബി.എം.പി. വെള്ളംതളിക്കുന്നതിന് അഞ്ചുടാങ്കർ ലോറികൾ വാടകയ്ക്കെടുക്കുന്നതിന് ബി.ബി.എം.പി. ടെൻഡർ ക്ഷണിച്ചു.6000 ലിറ്റർ സംഭരണശേഷിയുള്ള, 30 മീറ്റർ ദൂരംവരെ വെള്ളം ചീറ്റാൻ സംവിധാനമുള്ള ടാങ്കറുകളാണ് നിരത്തിലിറക്കുക.നഗരത്തിലെ ഏറ്റവും പൊടിശല്യമുള്ള അഞ്ച് റോഡുകളിൽ ഈ ടാങ്കറുകൾ നിയോഗിക്കും.

ദിവസത്തിൽ ചുരുങ്ങിയത് മൂന്നുതവണയെങ്കിലും ടാങ്കറുകളുപയോഗിച്ച് റോഡിലും അന്തരീക്ഷത്തിലും വെള്ളം തളിക്കാനാണ് പദ്ധതി.ആദ്യഘട്ടത്തിൽ വിജയകരമായാൽ കൂടുതൽ ടാങ്കറുകളെത്തിക്കും. മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽനിന്നുള്ള വെള്ളമാണ് ഇതിലുപയോഗിക്കുക. പൊടിശല്യം കുറയുന്നതോടെ അന്തരീക്ഷ മലിനീകരണത്തോത് കുത്തനെ കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

മുൻവർഷങ്ങളിലും റോഡിൽ വെള്ളംതളിക്കുന്ന പദ്ധതി ആവിഷ്‌കരിച്ചിരുന്നെങ്കിലും കൃത്യമായ നിരീക്ഷണ സംവിധാനമില്ലാതിരുന്നതിനാൽ പരാജയപ്പെട്ടിരുന്നു.എന്നാൽ ഇത്തവണ ടാങ്കറുകൾ നിരീക്ഷിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് ബി.ബി.എം.പി.യുടെ തീരുമാനം. വാടകയ്ക്കെടുക്കുന്ന ടാങ്കറുകളിൽ ജി.പി.എസ്. സംവിധാനവും ഘടിപ്പിക്കും.പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി വിവിധ പ്രദേശങ്ങളിൽ സർവേ നടത്താനും തീരുമാനമുണ്ട്. കൂടുതൽ പൊടിശല്യമുള്ള പ്രദേശങ്ങൾ സർവേയിലൂടെ കണ്ടെത്തും. ആദ്യഘട്ടത്തിൽ പ്രധാന റോഡുകൾക്കായിരിക്കും പരിഗണന.

ദിവസം എത്രതവണ വെള്ളം തളിക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അതത് പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് തീരുമാനിക്കും.അതേസമയം, വെള്ളംതളിച്ച് പൊടിശല്യം അകറ്റുന്നത് പ്രായോഗികമല്ലെന്നും വാദമുണ്ട്. ആർദ്രത തീരെയില്ലാത്ത പ്രദേശങ്ങളിൽ വെള്ളം തളിക്കുന്നതിന്റെ ഗുണം പരമാവധി രണ്ടുമണിക്കൂറേ ലഭിക്കുകയുള്ളൂ.പിന്നീട് പൊടിശല്യം മുമ്പുണ്ടായിരുന്നതിനെക്കാൾ രൂക്ഷമാകുന്ന സാഹചര്യവുമുണ്ടാകും. വലിയ അളവിൽ വെള്ളം കണ്ടെത്തേണ്ടിവരുന്നതും ബുദ്ധിമുട്ടാകുമെന്നാണ് വാദം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us