വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന് സൂചിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന് സൂചിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി തുറന്ന ഏറ്റുമുട്ടലിന് കുറവുണ്ടായെങ്കിലും ബില്ലുകളുടെ കാര്യത്തിൽ മയപ്പെടാനില്ലെന്ന നിലപാടിൽ തന്നെയാണ് ഗവർണർ.

മന്ത്രിമാരുമായുള്ള അത്താഴ ചർച്ചയിലാണ് നിലപാട് ആവർത്തിച്ചത്. ചാൻസലർ ബിൽ, ലോകായുക്ത ബിൽ എന്നിവയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ഗവർണർ ആവർത്തിക്കുന്നു. എന്നാൽ വഖഫ് ബില്ലിൽ അനുകൂല തീരുമാനം ഉണ്ടാകും. ഭരണകാര്യങ്ങൾ മുഖ്യമന്ത്രി നേരിട്ട് വിശദീകരിക്കാത്തതിലെ അതൃപ്തി ഗവർണർ മന്ത്രിമാരെ അറിയിച്ചുവെന്നാണ് സൂചന.

 

ബില്ലുകളെ കുറിച്ച് നിരവധി ചോദ്യങ്ങൾ ഗവർണ്ണർ മന്ത്രിമാർക്ക് മുന്നിൽ ഉന്നയിച്ചു. മന്ത്രി പി രാജീവാണ് കൂടുതൽ വിശദീകരണവും നല്കിയത്. ലോകായുക്ത ബില്ലിലെ ഭേദഗതി ലോക്പാൽ നിയമത്തിന് സമാനമെന്നായിരുന്നു പി രാജീവ് വിശദീകരിച്ചത്. ചാൻസലർ ബിൽ ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുമെന്നും വിശദീകരിച്ചു. പി രാജീവ്, ആർ ബിന്ദു, വി എൻ വാസവൻ, വി അബ്ദു റഹ്മാൻ, ചിഞ്ചുറാണി എന്നിവരാണ് ഗവർണറെ നേരിട്ട് കണ്ടത്. മന്ത്രിമാരുടെ വിശദീകരണം പൂർണമായും കേട്ട ഗവർണർ മുഖ്യമന്ത്രി നേരിട്ട് എത്തി ബില്ലുകളിൽ വിശദീകരണം നൽകാൻ തയ്യാറാകാഞ്ഞതിൽ അതൃപ്തി പ്രകടിപ്പിച്ചു. കൃത്യമായ ഇടവേളകളിൽ ഭരണകാര്യങ്ങൾ മുഖ്യമന്ത്രി നേരിട്ട് വിശദീകരിക്കാത്തതിലും നീരസം അറിയിച്ചുവെന്നാണ് സൂചന.

നിയമസഭ പാസാക്കിയ ബില്ലുകൾ നിയമാനുസൃതം ആണെന്ന് ഉറപ്പില്ലെന്നും നിയമസഭയുടെ അധികാര പരിധി കടന്നുള്ള ബില്ലുകളിൽ ഒപ്പു വയ്ക്കാനുള്ള ബുദ്ധിമുട്ടും നേരത്തെ തന്നെ ഗവർണർ വ്യക്തമാക്കിയിരുന്നു.

സർക്കാരിന്റെ അഭിമാന പ്രശ്നമായ ചാൻസലർ ബില്ലിലും, ലോകായുക്ത ബില്ലിലും ഗവർണർ വിട്ടു വീഴ്ച ചെയ്യാൻ സാധ്യത കുറവാണ്. അതേസമയം

അനുമതി കിട്ടാതിരിക്കുന്ന വഖഫ്, സഹകരണ ഭേദഗതി ബില്ലുകളിൽ ഗവർണ്ണർ ഒപ്പ് വെക്കുമെന്നാണ് സൂചന..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us