കെആർ പുരത്തിന് സമീപം വെടിവെപ്പ് നടന്നു

ബെംഗളൂരു: കെആർ പുരത്തിന് സമീപം വെടിവെപ്പ്.  ഒരു വർഷം മുമ്പ് ബെംഗളൂരുവിലേക്ക് താമസം മാറി എത്തിയ റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഏർപ്പെട്ടിരുന്ന ആന്ധ്രാപ്രദേശിൽ നിന്നുള്ള റൗഡിയെ വ്യാഴാഴ്ച കെആർ പുരത്തിന് സമീപം നാലംഗ സംഘം ഒന്നിലധികം തവണ വെടിവവെച്ചതായി സിറ്റി പോലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ കാർ ഡ്രൈവർക്കും ഒരു വെടി ഏറ്റിരുന്നു .

ശിവശങ്കർ റെഡ്ഡി (29) കുറുദുസൊന്നേനഹള്ളിയിലെ ഹാപ്പി ഗാർഡൻ ലേഔട്ടിലെ തന്റെ കെട്ടിട നിർമ്മാണ സ്ഥലത്ത് നിർമ്മാണ തൊഴിലാളികളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ഹെൽമറ്റ് ധരിച്ച നാല് പേർ രണ്ട് ബൈക്കുകളിലായി എത്തി വെടിയുതിർത്തത്.

ബൈക്കിന്റെ പിറകിൽ ഇരുന്നവർ 10 ബുള്ളറ്റുകളോളം വെടിയുതിർത്തു. ഇവയിൽ നാലെണ്ണമാണ് ശിവശങ്കറിനു കൊണ്ടത്. തോളിലും ഇടുപ്പിലും പുറകിലും കാലിലും പരിക്കേറ്റു. കൂടെയുണ്ടായിരുന്ന ഡ്രൈവർ അശോക് റെഡ്ഡി (33 )യുടെ കാലിലാണ് വെടിയുണ്ട ഏറ്റത്. ബാക്കിയുള്ള ബുള്ളറ്റുകൾ ലക്ഷ്യം തെറ്റിയതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അശോക് തന്റെ ടൊയോട്ട ഫോർച്യൂണറിൽ രക്തം വാർന്നൊഴുകുന്ന ശിവശങ്കറിനെ കയറ്റി ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മഹാദേവപുരയിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതരിൽ നിന്ന് പോലീസിന് വിവരം ലഭിച്ചു. തുടർന്ന് ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ (എഫ്എസ്എൽ) ബാലിസ്റ്റിക് വിദഗ്ധർ കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ച് പരിശോധനയ്ക്കായി വെടിയുണ്ടകൾ ശേഖരിച്ചു. നാടൻ തോക്കിൽ നിന്നാണ് വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു.

കൊലപാതകം, കൊലപാതകശ്രമം, കൊള്ളയടിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിയായ ശിവശങ്കറിനെ ആന്ധ്രാപ്രദേശിലെ മദനപ്പള്ളി പോലീസ് സ്‌റ്റേഷനിൽ റൗഡി പട്ടികയിൽ ഉൾപെടുത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ഒരു വർഷം മുമ്പ് ബംഗളൂരുവിലേക്ക് താമസം മാറിയ അദ്ദേഹം റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞ ആറുമാസമായി കെ.ആർ.പുരത്ത് 60X40 സ്ഥലത്ത് ബഹുനില വാസയോഗ്യമായ കെട്ടിടം നിർമിക്കുകയാണ്.

ശിവശങ്കറിന് ബാബു എന്ന ബിസിനസ്സ് പങ്കാളിയുണ്ടായിരുന്നെന്നും ഏതാനും മാസങ്ങൾക്കുമുമ്പ് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ശിവശങ്കർ ബാബുവിനോട് പണം ആവശ്യപ്പെടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും ആരാരോപണമുണ്ട്. സെപ്റ്റംബറിൽ ബാബു ശിവശങ്കറിനെതിരെ വൈറ്റ്ഫീൽഡ് പോലീസിൽ കൊള്ളയടിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവയ്ക്ക് പരാതി നൽകി.എന്നാൽ ശിവശങ്കർ അറസ്റ്റിലായെങ്കിലും നവംബറിൽ ജാമ്യത്തിൽ പുറത്തിറങ്ങി.

അക്രമികൾ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരാണെന്നും ഇവരെ കണ്ടെത്തുന്നതിനായി മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പോലീസ് സംഘം മദനപ്പള്ളി പോലീസുമായി ബന്ധപ്പെടുകയും ശിവശങ്കറിനെ കുറിച്ച് വിവരം ലഭിക്കുകയും ചെയ്തു.

രണ്ടാമത്തെ സംഘം കെആർ പുരം, മഹാദേവപുര, ആന്ധ്രപ്രദേശ് വരെയുള്ള പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കെആർ പുരം ആയുധ നിയമപ്രകാരവും വധശ്രമത്തിനുമെതിരെ (ഐപിസി സെക്ഷൻ 307) കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us