ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു 

ബെംഗളൂരു: ശാസ്ത്ര-ഗവേഷണ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ആറ് പേര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മാനവികവിഷയങ്ങള്‍, ഗണിതശാസ്ത്രം, എന്‍ജിനിയറിംഗ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്, സാമൂഹികശാസ്ത്രം , ലൈഫ് സയന്‍സ്, ഭൗതികശാസ്ത്രം എന്നീ ആറു വിഭാഗങ്ങളിലാണ് പുരസ്‌കാരത്തിനര്‍ഹരായവരെ തിരഞ്ഞെടുത്തത്. സ്വര്‍ണപ്പതക്കവും ഫലകവും 80.84 ലക്ഷം രൂപയുമാണ് പുരസ്‌കാരമായി ലഭിക്കുക. 218 അപേക്ഷകരില്‍ നിന്നാണ് പുരസ്‌കാരത്തിനര്‍ഹരായ ആറുപേരെ തിരഞ്ഞെടുത്തത്.

മാനവിക വിഷയത്തില്‍ ബംഗളൂരു നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ സുധീര്‍ കൃഷ്ണസ്വാമിക്ക് പുരസ്‌കാരം ലഭിച്ചു. ഗണിതശാസ്ത്രവിഭാഗത്തില്‍ ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ ഗണിതശാസ്ത്രം പ്രൊഫസര്‍ മഹേഷ് കക്ഡെയ്‌ക്കും ഭൗതികശാസ്ത്രത്തില്‍ പുണെ നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ ആസ്ട്രോണമി പ്രൊഫസര്‍ നിസിം കനെകര്‍ പുരസ്‌കാരം സ്വന്തമാക്കി. എന്‍ജിനിയറിംഗ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ഖരഗ്പുര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് പ്രൊഫസറും റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്‌മെന്റ് ഡീനുമായ സുമന്‍ ചക്രവര്‍ത്തി പുരസ്‌കാരം നേടി.

സാമൂഹികശാസ്ത്രത്തില്‍ യാലെ സര്‍വ്വകലാശാലയിലെ ഇക്കണോമിക് ഗ്രോത്ത് സെന്റര്‍ പ്രൊഫസര്‍ രോഹിണി പാണ്ഡെയ്‌ക്കാണ് പുരസ്‌കാരം. ലൈഫ് സയന്‍സസില്‍ മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്‌ ബയോളജിക്കല്‍ സയന്‍സ് വിഭാഗം പ്രൊഫസറും ചെയര്‍പേഴ്സണുമായ വിദിത വൈദ്യയാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

ബെംഗളൂരു ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്റെ ഓഫീസിലാണ് പുരസ്‌കാര പ്രഖ്യാപന ചടങ്ങ് നടന്നത്. ചടങ്ങില്‍ ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ ട്രസ്റ്റിമാരായ ക്രിസ് ഗോപാലകൃഷ്ണന്‍, നാരായണമൂര്‍ത്തി, ശ്രീനാഥ് ഭട്നി, കെ. ദിനേശ്, മോഹന്‍ദാസ് പൈ, സലില്‍ പരേഖ്, എസ്.ഡി. ഷിബുലാല്‍ എന്നിവര്‍ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us