മന്ത്രി എന്നെ തല്ലിയതല്ല, തലോടിയതാണ്; അടിയേറ്റതെന്ന് പറയപ്പെടുന്ന സ്ത്രീ 

ബെംഗളൂരു: ചാമരാജ് നഗറിൽ ഭൂരേഖ കൈമാറ്റ ചടങ്ങിനിടെ പരാതിയുമായെത്തിയ വനിതയെ കർണാടക ഭവനമന്ത്രി വി. സോമണ്ണ മുഖത്തടിച്ച സംഭവം ട്വിസ്റ്റിലേക്ക്.

അടിയേറ്റ കെമ്പമ്മ എന്ന വീട്ടമ്മ മന്ത്രിയെ ദൈവതുല്യനാക്കി വാനോളം പുകഴ്ത്തുന്ന വിഡിയോ മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു.

”മന്ത്രി സോമണ്ണ എന്നെ തല്ലിയതല്ല, കവിളിൽ തലോടി സാന്ത്വനിപ്പിക്കുകയായിരുന്നു. വീട്ടിൽ മറ്റ് ദൈവങ്ങളോടൊപ്പം മന്ത്രിയെ ആരാധിക്കുന്നുണ്ട്. വളരെ ദരിദ്ര കുടുംബത്തിൽ നിന്നുള്ളയാളാണ് ഞാൻ. ഞാൻ അദ്ദേഹത്തിന്റെ കാലിൽ വീണു, ഭൂമി അനുവദിച്ച് എന്നെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. അപ്പോൾ അദ്ദേഹം എന്നെ ഉയർത്തി ആശ്വസിപ്പിച്ചു. പക്ഷേ, എന്നെ തല്ലിയതായി ചിലർ തെറ്റായി വ്യാഖ്യാനിക്കുന്നു” -കെമ്പമ്മ പറഞ്ഞു.

”ആദ്ദേഹം ഞങ്ങൾക്ക് ഭൂമി നൽകി. ഞങ്ങൾ അടച്ച 4,000 രൂപയും അദ്ദേഹം തിരികെ നൽകി. മറ്റ് ദൈവങ്ങൾക്കും ദേവതകൾക്കും ഒപ്പം അദ്ദേഹത്തിന്റെ ഫോട്ടോ വീട്ടിൽ സൂക്ഷിച്ച് ഞങ്ങൾ ആരാധിക്കുന്നു” -മക്കളെയും ചേർത്തുനിർത്തി കെമ്പമ്മ വീഡിയോയിൽ പറഞ്ഞു.

അടിക്കുന്നതിന്റെ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിക്കുകയും വാർത്തയാവുകയും ചെയ്തതോടെ മന്ത്രിക്കെതിരെ നാനാതുറകളിൽനിന്ന് രൂക്ഷ വിമർശനമുയർന്നിരുന്നു. പിന്നാലെ മന്ത്രി ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞ 40 വർഷമായി താൻ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുണ്ടെന്നും പരാതിക്കിടയാക്കിയ സംഭവം ആർക്കെങ്കിലും വേദനയുളവാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

ശനിയാഴ്ച്ച ചാമരാജ് നഗറിലെ ഗുണ്ടൽപേട്ട് താലൂക്കിൽ ഹംഗളയിലാണ് വിവാദ സംഭവം. ഭൂരഹിതരായ ഗുണഭോക്താക്കൾക്ക് സർക്കാർ പതിച്ചുനൽകിയ ഭൂമിയുടെ രേഖകൾ കൈമാറുന്ന ചടങ്ങായിരുന്നു ഇത്. പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതിൽ വിവേചനം കാണിച്ചെന്നാരോപിച്ച്‌ ചില വീട്ടമ്മമാർ മന്ത്രിയെ ഘോരാവോ ചെയ്യാൻ ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് മന്ത്രി വീട്ടമ്മയുടെ കരണത്തടിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us