തിരുവനന്തപുരം: കശ്മീർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പരിപാടികൾ റദ്ദാക്കി കെ.ടി ജലീൽ കേരളത്തിലെത്തി. ഇന്ന് ഉച്ചതിരിഞ്ഞ് മടങ്ങാൻ നേരത്തെ തീരുമാനിച്ച അദ്ദേഹം അതിരാവിലെ തന്നെ പുറപ്പെട്ടു. കശ്മീർ പോസ്റ്റിൽ സി.പി.എം പോലും തള്ളിപ്പറഞ്ഞതോടെ വിവാദ ഭാഗങ്ങൾ ജലീല്‍ പിന്‍വലിച്ചിരുന്നു. ബിജെപി പ്രവർത്തകനായ അഭിഭാഷകൻ ജലീലിനെതിരെ ഡൽഹി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് കെടി ജലീൽ കശ്മീരിലെത്തിയത്. പിന്നീട് ഡൽഹിയിലും ചില പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. കേരള ഹൗസിലെത്തിയപ്പോൾ മാധ്യമപ്രവർത്തകർ വിവാദത്തെ കുറിച്ച് പ്രതികരണം തേടിയെങ്കിലും അദ്ദേഹം നിശബ്ദനായി മടങ്ങുകയായിരുന്നു .അതേസമയം കേരളത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് ഹിന്ദു ഐക്യവേദിയുടെ തീരുമാനം. പ്രധാന നഗരങ്ങളിലും സ്ഥലങ്ങളിലും സംഘടന ഇന്ന് പ്രകടനങ്ങൾ നടത്തും. സെക്രട്ടേറിയറ്റ് സമരവും സംഘടിപ്പിക്കും. കെ.ടി ജലീലിന്റെ കോലം കത്തിക്കുമെന്ന് ആണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. കെ.ടി ജലീലിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ആസാദ് കശ്മീർ എന്നത് ഇന്‍വര്‍ട്ടഡ് കോമയിലാണ് എഴുതിയതാണെന്നായിരുന്നു ജലീലിന്റെ ആദ്യ വിശദീകരണം. ഇതിന്റെ അർത്ഥം മനസ്സിലാകാത്തവരോട് സഹതാപം മാത്രമേ ഉള്ളൂവെന്ന് കെടി ജലീൽ പ്രതികരിച്ചു. ഈ പ്രതികരണത്തിന് ശേഷവും പ്രതിഷേധം ഉയർന്നതോടെ പോസ്റ്റിലെ വിവാദ ഭാഗങ്ങൾ നീക്കം ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.