ന്യൂഡൽഹി: ടെലിഫോൺ, മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ സ്വകാര്യ ടെലികോം കമ്പനികളുടെ കൈപ്പിടിയിലായ സ്ഥിതിയിലേക്ക് വൈദ്യുതി മേഖലയും. വൈദ്യുതി നിയമഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയാൽ വൈദ്യുതി വിതരണ മേഖലയിൽ സംഭവിക്കാൻ പോകുന്ന മാറ്റമാണിത്. സേവനവും നിരക്കും സ്വകാര്യ മേഖല തീരുമാനിക്കും.
ഗാർഹിക, വാണിജ്യ ഉപയോക്താക്കൾക്ക് ഏത് കമ്പനിയിൽ നിന്നാണ് വൈദ്യുതി വാങ്ങേണ്ടതെന്ന് സ്വന്തമായി തീരുമാനിക്കാം. വിതരണ ശൃംഖല വിവേചന രഹിതമായി എല്ലാവർക്കും തുറന്നു കൊടുക്കാൻ പാകത്തിൽ വൈദ്യുതി നിയമത്തിന്റെ 42-ാം വകുപ്പ് ഭേദഗതി ചെയ്യും.
ഈ രീതിയിൽ ലൈസൻസ് ലഭിച്ച എല്ലാവർക്കും വൈദ്യുതി ലൈനുകൾ ഉൾപ്പെടെ വിതരണ ശൃംഖല ഉപയോഗിക്കാം. ഇതിനായി സെക്ഷൻ 14 ഭേദഗതി ചെയ്യും. മത്സരം പ്രോത്സാഹിപ്പിച്ചാൽ കാര്യക്ഷമത വർധിപ്പിക്കുമെന്നും സേവനം മെച്ചപ്പെടുമെന്നും കമ്പനികളുടെ നിലനിൽപ്പ് ഭദ്രമാവുമെന്നുമാണ് സർക്കാരിന്റെ വിശദീകരണം. പ്രതിവർഷം വൈദ്യുതി നിരക്ക് പരിഷ്കരിക്കാൻ കമ്പനികൾക്ക് ഈ ഭേദഗതി അധികാരം നൽകും. ഇതിന് സെക്ഷൻ 62 ഭേദഗതി ചെയ്യും. പരമാവധി ഉപയോഗം, മിനിമം നിരക്ക് തുടങ്ങിയ കാര്യങ്ങൾക്കായി പുതുക്കിയ വ്യവസ്ഥ കൊണ്ടുവരും. വൈദ്യുതി വിതരണ അതോറിറ്റികളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി സെക്ഷൻ 166 ഭേദഗതി ചെയ്യും. വൈദ്യുതി നിയമം ലംഘിക്കുന്നവർക്ക് തടവും പിഴയും നിശ്ചയിക്കാൻ സെക്ഷൻ 146 ഭേദഗതി ചെയ്യാനും ബിൽ നിർദ്ദേശിക്കുന്നു. എല്ലാ വൈദ്യുതി സബ്സിഡികളും അവസാനിക്കുമെന്നും ഇത് കർഷകർക്കും ദരിദ്രർക്കും വളരെയധികം ദോഷം ചെയ്യുമെന്നും പണിമുടക്കുന്ന വൈദ്യുതി മേഖലയിലെ ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.