ന്യൂയോര്‍ക്ക്: ലോക ക്രൈം സിനിമകളുടെ പിതാവ് എന്നറിയപ്പെടുന്ന ‘ദി ഗോഡ്ഫാദർ’ സിനിമയിലെ ഗ്യാങ്സ്റ്റർ ‘സോണി കോർലിയോൺ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രശസ്തനായ ഹോളിവുഡ് നടൻ ജെയിംസ് കാൻ(82) അന്തരിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം. ദി ഗോഡ്ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അക്കാദമി അവാർഡിനും സഹനടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനും നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. റോളര്‍ ബോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സാറ്റേണ്‍ പുരസ്കാരം നേടി. ദി ഗോഡ്ഫാദറിന്റെ രണ്ടാം ഭാഗത്തിൽ അതിഥി വേഷവും ചെയ്തിരുന്നു.
ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്സില്‍ 1940ലാണ് ജയിംസ് കാനിന്റെ ജനനം. ആര്‍തര്‍ കാന്‍, സോഫി എന്നിവരായിരുന്നു മാതാപിതാക്കള്‍. രണ്ട് സഹോദരങ്ങളുണ്ട്. പിതാവിന് കശാപ്പ് ജോലി ആയിരുന്നു. കാന്‍ ഫുട്ബോള്‍ കളിക്കാരനാകണമെന്നായിരുന്നു ആഗ്രഹിച്ചത്. ന്യൂയോർക്ക് ഹൊഫ്സ്ത്ര സർവ്വകലാശാലയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. പഠനം പൂര്‍ത്തിയാക്കിയതോടെ താത്പര്യം അഭിനയത്തിലേയ്ക്കായി. ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുമായി പരിചയത്തിലായതാണ് അഭിനയത്തിലേക്ക് തിരിയാന്‍ കാരണം. തുടര്‍ന്ന് പ്ലേഹൗസ് സ്കൂള്‍ ഓഫ് തിയ്യേറ്ററില്‍ ചേര്‍ന്ന് അഭിനയം പഠിച്ചു. വില്ല്യം ഗോള്‍ഡ്മാനും സഹോദരങ്ങളും ചേര്‍ന്ന് നിര്‍മ്മിച്ച നാടകത്തില്‍ അഭിനയിച്ചാണ് കലാജീവിതം ആരംഭിക്കുന്നത്. പിന്നീട് വില്ല്യം ഗോള്‍ഡ്മാന്റെ ഒട്ടേറെ നാടകങ്ങളില്‍ വേഷമിട്ടു.1960കളിലാണ് കാൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്.
എല്‍ ഡൊറാഡോ, കൗണ്ട് ഡൗണ്‍, ദി റെയിന്‍ പീപ്പിള്‍, ബ്രയാൻസ് സോംഗ്, സിൻഡ്രെല്ല ലിബർട്ടി, ദി ഗാംബ്ലർ, റോളർബോൾ, എ ബ്രിഡ്ജ് ടൂ ഫാർ, കംസ് എ ഹോഴ്സ്മാൻ തുടങ്ങിയ ചിത്രങ്ങളിൽ കാൻ സുപ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. തീഫ്, ഗാർഡൻസ് ഓഫ് സ്റ്റോൺ , മിസറി, ഡിക്ക് ട്രേസി , ബോട്ടിൽ റോക്കറ്റ്, ഡോഗ്വില്ലെ, ദി യാർഡ്സ്, എൽഫ് എന്നീ സിനിമകളുടെ ഭാഗമായി.
കാൻ നാലുതവണ വിവാഹിതനായിട്ടുണ്ട്. നാല് ഭാര്യമാരുമായി വിവാഹമോചനം നേടി. ഒരു മകളും മൂന്ന് ആൺമക്കളും ഉണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.