ബെംഗളൂരു: ആസിഡ് ആക്രമണങ്ങൾക്കെതിരെ നിലവിലുള്ള നിയമം കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച പറഞ്ഞു. ബെംഗളൂരുവിലെ ആസിഡ് ആക്രമണ സംഭവം വളരെ ദൗർഭാഗ്യകരമാണെന്നും ആസിഡ് ആക്രമണങ്ങൾക്കെതിരെ കർശനമായ നിയമം കൊണ്ടുവരുന്നതിനും നിലവിലുള്ള നിയമം കൂടുതൽ കർക്കശമാക്കുന്നതിനും വേണ്ടി പ്രവർത്തിക്കാൻ നിയമവിദഗ്ധരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റായ്ച്ചൂരിൽ മലിനജലം മൂലമുണ്ടായ മരണങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് പേരെ ഇതിനകം സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും, കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്നും എല്ലാ വാർഡുകളിൽ നിന്നും വെള്ളം ശേഖരിക്കാനും പരിശോധിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോൾ ഇന്ത്യയിലെ ചില സ്ഥലങ്ങളിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി നേതാക്കളുടെ വിവാദ പ്രസ്താവനകൾക്കെതിരെ അക്രമാസക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി ഒരു യോഗം നടത്തിയ ശേഷം, സെൻസിറ്റീവ് ഏരിയകളിൽ സേനയെ വിന്യസിക്കാനും ഐക്യം നിലനിർത്തുന്നതിനായി എല്ലാ സമുദായ നേതാക്കളുമായി ആശയവിനിമയം നടത്താനും നിർദ്ദേശം നൽകിയതായും ബൊമ്മൈ പറഞ്ഞു. സ്ഥിതിഗതികൾ സമാധാനപരമാണെന്നും നിയന്ത്രണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് നടക്കുന്ന നാല് ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലും ബിജെപി വിജയിക്കുമെന്നും ബൊമ്മൈ ആത്മവിശ്വാസം പ്രകടിപ്പിച്ചു.