ബെംഗളൂരു: ഗതാഗത നിയമം ലംഘിച്ചത് ചോദ്യം ചെയ്ത ട്രാഫിക് പോലീസുകാരനോട് കയര്‍ത്ത് കര്‍ണാടക ബി.ജെ.പി എം.എല്‍.എ അരവിന്ദ് ലിംബാവലിയുടെ മകള്‍.
എം എൽ എ യുടെ ബിഎംഡബ്ല്യു കാറിലെത്തിയ യുവതി ട്രാഫിക് സിഗ്നല്‍ മറികടന്നതിനാണ് പോലീസുകാരന് ചോദ്യം ചെയ്തത്. എന്നാല്‍ ഇതു വകവയ്ക്കാതെ ആയിരുന്നു യുവതിയുടെ പെരുമാറ്റം.
അരവിന്ദ് ലിംബാവലിയുടെ മകളാണ് വെള്ള നിറത്തിലുള്ള ബി.എം.ഡബ്ല്യു കാര്‍ ഓടിച്ചിരുന്നത്. ട്രാഫിക് സിഗ്നല്‍ ചുവപ്പ് ആയിരിക്കുമ്പോഴാണ് കാര്‍ നിര്‍ത്താതെ യുവതി ഓടിച്ചുപോയത്. ട്രാഫിക് പോലീസ് തടഞ്ഞപ്പോള്‍ അവരോട് യുവതി ദേഷ്യപ്പെടുകയായിരുന്നു. മാത്രമല്ല അവര്‍ സീറ്റ് ബെല്‍റ്റും ധരിച്ചിട്ടുണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
“എനിക്ക് ഇപ്പോള്‍ പോകണം. വാഹനം പിടിച്ചുവയ്ക്കരുത്. ഓവര്‍ടേക്ക് ചെയ്തതിന് നിങ്ങള്‍ക്ക് എനിക്കെതിരെ കേസെടുക്കാന്‍ കഴിയില്ല. എം.എല്‍.എയുടെ വാഹനമാണിത്. ഞങ്ങള്‍ അശ്രദ്ധമായി ഓടിച്ചിട്ടില്ല. അരവിന്ദ് ലിംബാവലി എന്റെ അച്ഛനാണ്’ എന്നായിരുന്നു യുവതിയുടെ മറുപടി.
യുവതിയും പോലീസുകാരനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ രാജ്ഭവനു മുന്നിലെ റോഡില്‍ ആളുകള്‍ തടിച്ചുകൂടി. നിയമം തെറ്റിച്ചത് സംബന്ധിച്ച തെളിവുകള്‍ നിരത്തിയ പോലീസ് യുവതിക്ക് 10,000 രൂപ പിഴ ചുമത്തുകയായിരുന്നു. എന്നാല്‍ പിഴയടക്കാനുള്ള തുക ഇപ്പോള്‍ തന്റെ കയ്യിലില്ലെന്നും തന്നെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. പിന്നീട് കൂടെയുണ്ടായിരുന്ന സുഹൃത്ത് പിഴയടച്ചപ്പോള്‍ യുവതിയെ വിട്ടയക്കുകയായിരുന്നു. സംഭവം പകര്‍ത്തിയ ഒരു റിപ്പോര്‍ട്ടറോട് അവര്‍ മോശമായി പെരുമാറിയതായും പരാതിയുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.