ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളിക്കെതിരെ ഹനുമാൻ ചാലിസ ആലപിച്ച് ശ്രീരാമസേന

ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാനത്തൊട്ടാകെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളിക്കെതിരെ ഹനുമാന്‍ ചാലിസയുമായി രംഗത്തിറങ്ങിയതോടെ കര്‍ണാടക പോലീസ് അതീവ ജാഗ്രതയില്‍.

ബാങ്കുവിളിയെ എതിര്‍ത്ത് കൊണ്ട് വിവിധ ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് ഹനുമാന്‍ ചാലിസ ആലപിച്ചു. ശ്രീരാമസേന സ്ഥാപകന്‍ പ്രമോദ് മുത്തലിക് മൈസൂരു ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ രാവിലെ അഞ്ച് മണിക്ക് ഇത്   ഉദ്ഘാടനം ചെയ്തു. ബാങ്കുവിളിക്കെതിരെ ഹനുമാന്‍ ചാലിസ ആലാപനവും ‘സുപ്രഭാത’ പ്രാര്‍ഥനകളും ആയിരത്തിലധികം ക്ഷേത്രങ്ങളില്‍ നടത്തിയതായി അദ്ദേഹം പറഞ്ഞു.

മതസ്ഥലങ്ങളില്‍ നിന്നുള്ള അനധികൃത ഉച്ചഭാഷിണികള്‍ക്കെതിരെ നടപടിയെടുക്കുകയും ശബ്ദം അനുവദനീയമായ പരിധിക്കുള്ളില്‍ നിജപ്പെടുത്തുകയും ചെയ്തുകൊണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രകടിപ്പിച്ച ധൈര്യം കാണിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോടും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രനോടും ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ പ്രവര്‍ത്തകര്‍ ക്ഷേത്രങ്ങളില്‍ പ്രാര്‍ഥനാ പ്രചാരണം ശക്തമാക്കുമെന്ന് മുത്തലിക്ക് അറിയിച്ചു.

അതേസമയം ബെംഗളൂരിലെ ഒരു ക്ഷേത്രത്തില്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ഒരുങ്ങിയ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിഷയം വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാകുമെന്നതിനാല്‍ സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബെംഗളൂരു പോലീസ് കമ്മീഷണര്‍ കമല്‍ പന്ത്, മുഖ്യമന്ത്രി ബൊമ്മൈയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച്‌ നിലവിലുള്ള വിഷയവും ചര്‍ച്ച ചെയ്തു.

അതിനിടെ, ശബ്ദമലിനീകരണമുണ്ടാക്കുന്ന ഏതൊരു പ്രവര്‍ത്തനത്തിനെതിരെയും കോടതി ഉത്തരവിന് അനുസൃതമായി നടപടിയുണ്ടാകുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. എല്ലാവരും കോടതി ഉത്തരവുകള്‍ പാലിക്കണമെന്നും നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉച്ചഭാഷിണികള്‍ക്കെതിരെ ഇതുവരെ 301 സ്ഥാപനങ്ങള്‍ക്ക് നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്. 59 എണ്ണം പബുകള്‍ക്കും ബാറുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും 12 വ്യവസായങ്ങള്‍ക്കും 83 ക്ഷേത്രങ്ങള്‍ക്കും 22 ചര്‍ച്ചുകള്‍ക്കും 125 മസ്ജിദുകള്‍ക്കുമാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us