#MeToo: ലൈംഗികാതിക്രമകേസ്; നടൻ അർജുൻ സർജയെ കുറ്റവിമുക്തനാക്കി

ബെംഗളൂരു: ബഹുഭാഷാ നടൻ അർജുൻ സർജയ്‌ക്കെതിരെ നടി ശ്രുതി ഹരിഹരൻ നൽകിയ ലൈംഗികാതിക്രമക്കേസിൽ കബ്ബൺ പാർക്ക് പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് (ബി റിപ്പോർട്ട്) സിറ്റി കോടതി അംഗീകരിച്ചു.
നടന് പോലീസ് ക്ലീൻ ചിറ്റ് നൽകിയെങ്കിലും ബി റിപ്പോർട്ട് ചോദ്യം ചെയ്ത് ശ്രുതി പ്രതിഷേധ മെമ്മോ ഫയൽ ചെയ്തില്ല, അതിന്റെ ഫലമായിട്ടാണ് കോടതി പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് അംഗീകരിച്ചത്.

2018 ഒക്ടോബറിൽ, അധികാര സ്ഥാനങ്ങളിലുള്ളവരുടെ ലൈംഗികാതിക്രമത്തിനും പീഡനത്തിനും എതിരായ ആഗോള #MeToo പ്രസ്ഥാനം ഇന്ത്യയിലെത്തിയപ്പോൾ, ജനപ്രിയ നടനെതിരെ ശ്രുതി ഗുരുതരമായ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചിരുന്നു. 2015ൽ പുറത്തിറങ്ങിയ ‘വിസ്മയ’ എന്ന സിനിമയുടെ റൊമാന്റിക് സീനിന്റെ ചിത്രീകരണത്തിനിടെ സർജയുടെ പ്രവർത്തികൾ ‘ലൈംഗികമായി തോന്നിയെന്നാണ് അവർ ആരോപിച്ചിത്. കൂടാതെ, സിനിമയുടെ ചിത്രീകരണത്തിനിടെ ദേവനഹള്ളിയിലെ റിസോർട്ടിലെ തന്റെ മുറിയിലേക്ക് ക്ഷണിച്ചതുൾപ്പെടെ ചില അവസരങ്ങളിൽ സർജ തന്നെ അസ്വസ്ഥതയാക്കിയെന്നും അവർ ആരോപിച്ചിരുന്നു.

തുടർന്ന് നടി ശ്രുതി ഹരിഹരൻ കബ്ബൺ പാർക്ക് പോലീസിൽ പരാതി നൽകിയിരുന്നു, ഐ.പി.സി. സെക്ഷൻ 354 (സ്ത്രീയുടെ എളിമയെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ക്രിമിനൽ ബലപ്രയോഗം), 354 എ (ലൈംഗിക പീഡനം), 509 (ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യ അല്ലെങ്കിൽ പ്രവൃത്തി) പ്രകാരം സർജക്കെതിരെ കേസെടുത്തു. എന്നാൽ അന്വേഷണത്തിൽ സർജയ്‌ക്കെതിരെ വസ്തുനിഷ്ഠമായ തെളിവുകളൊന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. ചില ദൃക്‌സാക്ഷികൾ പോലും സെറ്റിൽ എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്ക് ഉറപ്പില്ലെന്നും അത്തരത്തിലുള്ള ഒരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നുമാണ് മൊഴി നൽകിയത്. തെളിവുകളുടെ അഭാവത്തിൽ കബ്ബൺ പാർക്ക് പോലീസ് കഴിഞ്ഞ വർഷം നവംബർ 29 ന് കോടതിയിൽ സമർപ്പിച്ച ബി റിപ്പോർട്ട് സർജയ്ക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.

നിയമ വ്യവസ്ഥകൾ അനുസരിച്ച്, കേസ് പുനരന്വേഷിക്കാൻ പോലീസിനോടോ കോടതിനോടോ ആവശ്യപ്പെട്ട് പ്രതിഷേധ ഹർജി ഫയൽ ചെയ്യാൻ ശ്രുതി ഹരിഹരന് അവസരമുണ്ടായിരുന്നു. എന്നാൽ ശ്രുതി ഹരിഹരൻ അത് പിന്തുടരേണ്ടതില്ലെന്ന് തീരുമാനിച്ചു. അതിനാൽ, നടൻ സർജയ്ക്ക് ആശ്വാസമായി എട്ടാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് (എസിഎംഎം) കോടതി വ്യാഴാഴ്ച ബി റിപ്പോർട്ട് അംഗീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us