മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ “ട്വിറ്റർ യുദ്ധം മുറുകുന്നു “

ബെംഗളൂരു: സിദ്ധരാമയ്യയും ബൊമ്മെയും തമ്മിൽ “ട്വിറ്റർ യുദ്ധം മുറുകുന്നു “.സിദ്ധരാമയ്യയുടെ ഭരണകാലത്ത് ഹിന്ദുസംഘടനാ പ്രവർത്തകർ കൊലചെയ്യപ്പെട്ടെന്നും അത് ടിപ്പു സുൽത്താന്റെ ഭരണകാലത്തിനു സമാനമായിരുന്നെന്നും ഹിന്ദു വിരുദ്ധതയുടെ പ്രതിരൂപമായിരുന്നു അന്ന് സിദ്ധരാമയ്യയെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ട്വിറ്ററിൽ കുറിച്ചു.

തനിക്ക് ഭരണകാര്യത്തിലും പോലീസിനെ നിയന്ത്രിക്കുന്ന കാര്യത്തിലും സിദ്ധരാമയ്യയിൽനിന്ന് ഒന്നും പഠിക്കേണ്ടെന്നും ബൊമ്മെയുടെ അഭിപ്രായ പ്രകടനത്തിൽ പ്രകോപിതനായ സിദ്ധരാമയ്യ മറുപടിയുമായി രംഗത്തെത്തി. പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ ബൊമ്മയ്ക്കെതിരേ മാനനഷ്ടത്തിന് കേസു കൊടുക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ ഭീഷണിമുഴക്കി.

അധികാരത്തിനു മാത്രമാണ് ബൊമ്മെ ബി.ജെ.പി.യിൽ ചേർന്നതെന്നും ഭരണഘടനാവിരുദ്ധ പ്രവർത്തനങ്ങൾക്ക് അദ്ദേഹം കൂട്ടുനിൽക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. പിതാവ് മുൻ മുഖ്യമന്ത്രി എസ്.ആർ. ബൊമ്മയിൽനിന്നോ തന്നിൽനിന്നോ എന്തെങ്കിലും പഠിച്ചിരുന്നെങ്കിൽ ബൊമ്മെ ഒരു വർഗീയ പാർട്ടിയിൽ ചേരില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പിതാവ് തന്നെ പൊതുനന്മയുടെ മൂല്യം പഠിപ്പിച്ചു തന്നിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ദേശീയ ബോധമാണ് തന്നെ നയിക്കുന്നതെന്നും മറ്റൊരു ട്വീറ്റിൽ ബൊമ്മെ ഇതിനു മറുപടി നൽകി. ഇതാണ് ആർ.എസ്.എസ്. മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സദാചാര ആക്രമണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ബൊമ്മെ മംഗളൂരുവിൽ നടത്തിയ അഭിപ്രായത്തിന് സിദ്ധരാമയ്യ നടത്തിയ പ്രതികരണമാണ് ഇരുവരും ട്വിറ്റർ വഴിയുള്ള ആരോപണ-പ്രത്യാരോപണങ്ങൾക്ക് വഴിതെളിച്ചത്. വികാരം വ്രണപ്പെട്ടവരുടെ സ്വാഭാവിക പ്രതികരണമാണ് സദാചാര ആക്രമണങ്ങളെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

സമൂഹവിരുദ്ധർ നടത്തുന്ന സദാചാര ആക്രമണങ്ങളെ ന്യായീകരിച്ചതിലൂടെ നിയമവാഴ്ച നിലനിർത്താൻ ബൊമ്മെക്ക്‌ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കയാണെന്നും ഉടൻ രാജിവച്ച് കർണാടകത്തെ രക്ഷിക്കണമെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us