ബെംഗളൂരു : വിവിധ സംഘടനകൾ ഇന്ന് പ്രഖ്യാപിച്ച ഭാരത ബന്ദ് രാവിലെ 6.30 വരെ നഗര ജീവിതത്തെ ബാധിച്ചിട്ടില്ല.
കെ.എസ്.ആർ.ടി.സിയും ബി.എം.ടി.സിയും നമ്മ മെട്രോയും സാധാരണ ദിവസത്തെ പോലെ സർവീസ് നടത്തുന്നുണ്ട്.
ഓട്ടോറിക്ഷകളും ടാക്സികളും ഓൺലൈൻ ടാക്സികളും സാധാരണ ദിവസത്തെ പോലെ നിരത്തിൽ സേവനം നടത്തുന്നുണ്ട്.
അതേ സമയം സംസ്ഥാനത്തിൻ്റെ മറ്റ് ചില ഭാഗങ്ങളിൽ സമരക്കാർ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നുണ്ട്.
കലബുറഗിയിൽ ഇടതുപക്ഷ സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത സമരസമിതി പ്രധാന ബസ്സ്റ്റേഷന് മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി.
ദാവനെഗരയിൽ 10 ൽ കുറഞ്ഞ ആളുകൾ പ്രതിഷേധം നടത്തുകയും ബസ് തടയാൻ ശ്രമിക്കുകയും ചെയ്തു ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
നഗരത്തിൽ ഇതുവരെ ബന്ദുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്കോ അനിഷ്ട സംഭവങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, അതേ സമയം കെ.ആർ.മാർക്കറ്റ് – ടൗൺ ഹാൾ – മൈസൂർ ബാങ്ക് സർക്കിൾ പാതയിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്. അത് ഈ മേഖലയിൽ ഗതാഗതക്കുരുക്കിന് കാരണമായേക്കാം.
സ്വകാര്യ സ്കൂൾ മാനേജ്മെൻറുകൾ സമരത്തെ പിൻതുണക്കുന്നുണ്ട് എങ്കിലും ഓൺലൈൻ ക്ലാസുകൾ തുടർന്നേക്കും.
അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ നഗരത്തിൽ കർശ്ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ടൗൺ ഹാളിന് പരിസരത്തും മൈസൂർ ബാങ്ക് സർക്കിളിന് സമീപവും വൻ പോലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.