ബെംഗളൂരു: കേരളത്തിലും മഹാരാഷ്ട്രയിലും സിക്ക വൈറസ് സാന്നിധ്യം വൻതോതിൽ കണ്ടെത്തിയതോടെ സ്=നഗരത്തിലും സംസ്ഥാനത്തിന്റെ അതിർത്തി ജില്ലകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. ഈ സംസ്ഥാനങ്ങളിലെ സിക്ക വൈറസ് വ്യാപിച്ച പ്രദേശങ്ങൾ സന്ദർശിച്ചവർ തിരിച്ചു സംസ്ഥാനത്തെത്തിയാലുടൻ അടുത്തുള്ള ആശുപത്രിയിലെത്തി പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് കർശനമായി നിർദേശിച്ചിട്ടുണ്ട്.
നഗരത്തിൽ സിക്ക വൈറസ് പടർന്നാൽ ചികിത്സാ സംവിധാനം ഒരുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാകും. ഇതു മുൻകൂട്ടി കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുകയാണ് സംസ്ഥാന ആരോഗ്യവകുപ്പ്. നിലവിൽ ബെംഗളൂരുവിലെ ലാബിലാണ് സിക്ക പരിശോധനയ്ക്കുള്ള സംവിധാനമുള്ളത്.
സിക്ക വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഒരോ ജില്ലകളിലും കൊതുക് നശീകരണപ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.