ബെംഗളൂരു: നഗരത്തിലെ ഒട്ടേറെ മലയാളികൾ ആശ്രയിച്ചുവരുന്ന യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് തീവണ്ടിമാത്രം ആരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. ഈ തീവണ്ടി ഉടൻ പുനരാരംഭിക്കണമെന്നാണ് ബെംഗളൂരു മലയാളികൾ ആവശ്യപ്പെടുന്നത്.
ലോക്ഡൗണിനെ തുടർന്ന് നിർത്തിവച്ച യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് ഓടിത്തുടങ്ങിയാലെ കോഴിക്കോട്, മലപ്പുറം, കണ്ണൂർ തുടങ്ങിയ വടക്കൻ ജില്ലകളിലെ യാത്രക്കാർക്ക് നാട്ടിലേക്കുള്ള വഴി തുറന്നു കിട്ടൂ.
അന്തർസ്സംസ്ഥാന ബസുകൾ നിലച്ചിരിക്കുന്ന അവസരത്തിൽ യാത്ര മുടങ്ങിയ ഒട്ടേറെ പേർ ഈ തീവണ്ടി ആരംഭിക്കുന്നതും കാത്തിരിക്കുകയാണ്. മുമ്പ് സീറ്റുകളിൽ യാത്രക്കാർ നിറഞ്ഞ് ലാഭകരമായി ഓടിക്കൊണ്ടിരുന്ന ഈ തീവണ്ടി പുനരാരംഭിക്കാത്തതെന്താണെന്നാണ് അവർ ചോദിക്കുന്നത്.
കോവിഡ് വ്യാപനം കുറഞ്ഞതോടെ റെയിൽവേ ഒട്ടേറെ തീവണ്ടികൾ പുനരാരംഭിച്ചു. മൈസൂരു-കൊച്ചുവേളി എക്സ്പ്രസും ബെംഗളൂരു-എറണാകുളം എക്സ്പ്രസും കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. മധ്യ കേരളത്തിലേക്കും തെക്കൻ കേരളത്തിലേക്കുമുള്ള യാത്രക്കാർക്ക് ഇതോടെ ആശ്വാസമായി.
എന്നാൽ മുൻപ് ബെംഗളൂരു മലയാളികൾ ഏറെ മുറവിളി കൂട്ടിയതിനെ തുടർന്ന് ആരംഭിച്ച തീവണ്ടിയാണ് യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ്. തുടക്കത്തിൽ ആഴ്ചയിൽ ഒരു ദിവസമായിരുന്നു തീവണ്ടി ഓടിയിരുന്നത്. പിന്നീട് ആഴ്ചയിൽ മൂന്നു ദിവസമായി. തുടർന്ന് എല്ലാദിവസവും സർവീസ് തുടങ്ങി. ലോക്ഡൗണിനെ തുടർന്ന് മുടങ്ങിയ ഈ തീവണ്ടിയാണ് ഇപ്പോൾ പുനരാരംഭിക്കാൻ വൈകുന്നത്.
സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാംവരവിൽ ലോക്ഡൗൺ ആരംഭിച്ച ഏപ്രിൽ അവസാനവാരത്തിലാണ് തീവണ്ടി ഓട്ടം നിർത്തിവച്ചത്. കോവിഡിന്റെ ആദ്യവരവിനു ശേഷം സ്പെഷ്യൽ സർവീസായാണ് ഓടിച്ചിരുന്നത്. ഇതാണ് നിന്നുപോയത്.
കേരളത്തിലെ വടക്കൻ ജില്ലകളിലെ യാത്രക്കാർ ആശ്രയിച്ചുവരുന്ന കർണാടകത്തിന്റെയും കേരളത്തിന്റെയും ട്രാൻസ്പോർട്ട് ബസുകൾ ഇനിയും ഓടിത്തുടങ്ങിയിട്ടില്ല. നഗരത്തിലെ ഒട്ടേറെ മലയാളികൾ ബസും തീവണ്ടിയുമില്ലാതെ നാട്ടിലെത്താൻ നിവൃത്തിയില്ലാത്ത സ്ഥിതിയിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.