അതിർത്തികളിൽ നിയന്ത്രണം കടുപ്പിച്ച്‌ തമിഴ്നാട്; ഇളവ് പ്രഖ്യാപിച്ച് കർണാടക

ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് തമിഴ്‌നാട് ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോംക്വാറന്റീന്‍ ഏര്‍പ്പെടുത്തി. കൂടാതെ ഏഴ് ദിവസം സ്വയം നിരീക്ഷണത്തിലും കഴിയണം.

കേരളത്തില്‍ രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കര്‍ശനമായ പരിശോധന ആരംഭിച്ചു. വിമാനത്തില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും ആര്‍ടി പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാൽ കേരളത്തില്‍നിന്നെത്തുന്ന വിനോദസഞ്ചാരികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഊട്ടിയില്‍ ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഊട്ടിയില്‍ എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതേണ്ടിവരും.

കേരളത്തിൽനിന്നും ഹൊസൂർ വഴി വരുന്നവർക്ക് അത്തിബെലെ ചെക്ക്പോസ്റ്റിൽ കർശനപരിശോധന തുടങ്ങി. ബുധനാഴ്ച രാവിലെ മുതൽ കേരളരജിസ്‌ട്രേഷൻ വാഹനങ്ങൾ പ്രത്യേകം തടഞ്ഞാണ് യാത്രക്കാരിൽനിന്ന് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്.

ഇവിടെ സാമ്പിളുകൾ ശേഖരിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. വരുംദിവസങ്ങളിലും ഇവിടെ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

പക്ഷെ സംസ്ഥാനത്തേക്ക് കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ചെറിയ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. സ്ഥിരം യാത്രക്കാര്‍ക്ക് കൊവിഡ് ഇല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.

ജോലിക്കായും മറ്റും സ്ഥിരമായി അതിര്‍ത്തി കടന്ന് വരുന്നവരുടെ ശരീര ഊഷ്മാവ് മാത്രം പരിശോധിക്കും. ബാക്കിയുള്ള പരിശോധനകളൊന്നും ഉണ്ടാവില്ല. ഇതിനായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ആരോഗ്യ വകുപ്പിനോട് നിര്‍ദേശിക്കുമെന്ന് അശ്വന്ത് നാരായണ്‍ പറഞ്ഞു.

എന്നാൽ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നിയന്ത്രണത്തില്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും ഇളവുകള്‍ വ്യക്തമാക്കിയുള്ള പുതിയ സര്‍ക്കുലര്‍ ഇതുവരെ ഇറങ്ങിയിട്ടില്ല.  ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് ഇന്ന് ഇറക്കിയേക്കും. മറ്റുള്ളവര്‍ക്ക് കോവിഡില്ലാ രേഖ നിര്‍ബന്ധമെന്ന നിലപാടില്‍ ഇളവുണ്ടാകില്ല.

ചെക്ക്പോസ്റ്റുകള്‍ അടച്ച്‌ യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി കര്‍ണാടക സര്‍ക്കാരിനും ദക്ഷിണ കന്നഡ ജില്ലയുടെ ദുരന്തനിവാരണ സമിതി അധ്യക്ഷന്‍ കൂടിയായ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും നോട്ടീസ് അയച്ചിരുന്നു.

ചെക്ക്പോസ്റ്റുകള്‍ അടച്ചതും യാത്രക്കാരെ തടയുന്നതും കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് അണ്‍ലോക്ക് നാലാംഘട്ട യാത്രാ ഇളവിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ബി സുബ്ബയ്യ റായ് നല്‍കിയ പരാതിയിലായിരുന്നു ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവസ് ഒക്ക, ജസ്റ്റിസ് സച്ചിന്‍ ശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us