ബെംഗളൂരു: നഗരത്തിലെ ദേശീയപാതകളിലെ അപകട മരണങ്ങൾ കൂടുതലും സംഭവിക്കുന്നത് ഹൊസൂർ റോഡിൽ. സംസ്ഥാനത്ത് ദേശീയ പാതകളിൽ പത്ത് അപകടമേഖലകളുള്ളതായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തുവിട്ട റിപോർട്ടിലാണ് ഇത് വെളിപ്പെടുത്തിയത്.
ഹൊസൂർ റോഡിൽ ഹുളിമാവ് – സിങ്ങസാന്ദ്ര റോഡ്, ഹെബ്ബഗൊഡി ബസ് സ്റ്റോപ്പ് എന്നിവയാണ് കൂടുതൽ അപകടസാധ്യതയുള്ള മേഖലകൾ. 23 മരണങ്ങൾ വീതമാണ് ഇവിടങ്ങളിൽ സംഭവിച്ചത്. 2016-നും 2018-നുമിടയിൽ സംഭവിച്ച അപകടമരണങ്ങൾ കണക്കാക്കിയാണ് അപകടമേഖലകൾ തിരഞ്ഞെടുത്തിരിക്കുന്നത്.
37 മരണങ്ങൾ സംഭവിച്ച രാമനഗര ജില്ലയിലെ അഗര ക്രോസ്, 35 മരണങ്ങൾ സംഭവിച്ച ബാഗൽകോട്ട് ജില്ലയിലെ ദേവലപുര ക്രോസ്, 30 മരണങ്ങൾ സംഭവിച്ച രാമനഗരയിലെ മലഗനഹള്ളി എന്നിവിടങ്ങളാണ് സംസ്ഥാനത്തെ ഏറ്റവും കൂടുതൽ അപകട സാധ്യതയുള്ള സ്ഥലങ്ങൾ.
28 മരണങ്ങൾ സംഭവിച്ച ചിത്രദുർഗയിലെ ജെ.ജി. ഹള്ളി, 27 മരണങ്ങൾ സംഭവിച്ച മാണ്ഡ്യയിലെ ഈസ്റ്റ് പി.എസ്. ക്രോസ്, 24 മരണങ്ങൾ സംഭവിച്ച റായ്ച്ചൂരിലെ സന്തെകെല്ലൂർ, 23 മരണങ്ങൾ സംഭവിച്ച രാമനഗരയിലെ കഗ്ഗലിപുര,
20 മരണങ്ങൾ സംഭവിച്ച റായ്ച്ചൂരിലെ ബേസ് പവർ – എം.പി.സി.എൽ. പാത
എന്നിവിടങ്ങളാണ് മറ്റ് അപകടമേഖലകൾ.