ദസറ കാഴ്ചകൾ കാണാൻ മൈസൂരിൽ തിക്കും തിരക്കും; കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ആശങ്ക

മൈസൂരു: നഗരത്തിൽ നിറയെ ദസറ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പല വർണങ്ങളിലുള്ള വൈദ്യുതദീപങ്ങൾകൊണ്ടുള്ള അലങ്കാരമാണ്. വർണശബളമായ ഈ കാഴ്ച കാണാനാൻ ആൾകൂട്ടങ്ങളുടെ തിക്കും തിരക്കുമാണ്.

സന്ധ്യയാകുന്നതോടെ നഗരം ആൾക്കൂട്ടങ്ങളെക്കൊണ്ട് വീർപ്പുമുട്ടുകയാണ്. വൈദ്യുതാലങ്കാരങ്ങൾ കോവിഡ് വ്യാപനത്തിനെതിരേ സ്വീകരിക്കുന്ന നടപടികളെ തകിടം മറിക്കുമെന്ന് ആശങ്കയുയരുന്നു. ദസറയുടെഭാഗമായി ദിവസവും മൈസൂരു കൊട്ടാരം ദീപാലംകൃതമാകും. ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കൊട്ടാരത്തിന്റെ കാഴ്ചയാസ്വദിക്കാൻ ആളുകളുടെ തിരക്കാണ്.

വൈകുന്നേരം ആളുകൾ കൂട്ടമായി ഒഴുകിയെത്തുന്നത് നിയന്ത്രണാതീതമായി മാറുന്നു. രാത്രി ഏഴുമണിയോടെയാണ് ദീപങ്ങൾ മിഴിതുറക്കുക. അപ്പോഴേക്കും ആളുകൾ നഗരത്തിന്റെ വിവിധഭാഗങ്ങളിലൂടെ സഞ്ചാരം തുടങ്ങുകയായി. ഒമ്പതുമണിവരെയാണ് ദീപക്കാഴ്ചകളുള്ളത്. അതുവരെ നഗരത്തിൽ ആൾക്കൂട്ടങ്ങൾ സജീവമാണ്.

മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്താനും കൂടിനിന്ന് സെൽഫിയെടുക്കാനും മത്സരിക്കുന്നവർ നിരവധി. കൊട്ടാരത്തിനകത്തേക്ക് പ്രവേശനമില്ല. കൊട്ടാരത്തിന്റെ കവാടങ്ങളിൽ കാഴ്ചകാണാനെത്തുന്നവരെക്കൊണ്ട് വീർപ്പുമുട്ടുന്ന സ്ഥിതിയാണ്.

കാഴ്ചകളിൽ മതിമറക്കുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ആശങ്കയുണ്ടാക്കുന്നത്. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം കാറ്റിൽ പറത്തിയാണ് കാഴ്ചക്കാരുടെ വിലസൽ. മുഖാവരണംപോലും ശരിയായി ധരിക്കാതെയാണ് മിക്കവരും കൂട്ടംകൂടുന്നത്.

സന്ധ്യയാകുന്നതോടെ നഗരത്തിലേക്ക് ഒഴുകിയെത്തുന്നവരെക്കൊണ്ട് റോഡുകളും വീർപ്പുമുട്ടുന്നു. റോഡുകളിൽ വാഹനങ്ങൾ തിങ്ങിനിറഞ്ഞാണു പോകുന്നത്. ദസറ ആഘോഷങ്ങൾ ലളിതമാക്കിയെങ്കിലും നഗരത്തിലേക്ക് ആളുകൾ ഒഴുകിയെത്തുന്നത് ഒഴിവാക്കാൻ കഴിയാതിരുന്നതിനു കാരണം നഗരത്തിലൊരുക്കിയ പല വർണങ്ങളിലുള്ള വൈദ്യുതദീപങ്ങൾകൊണ്ടുള്ള അലങ്കാരമാണ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാൻ ഇക്കുറി എക്സിബിഷനും ഫ്ളവർ ഷോയും ഗ്രാമീണദസറയും കർഷകദസറയും യുവദസറയും വനിതാദസറയും കായികമേളയുമെല്ലാം ഒഴിവാക്കിയതാണ്. പതിനായിരങ്ങൾ സംബന്ധിക്കുന്ന പരിപാടികളാണിതെല്ലാം.

കൊട്ടാരത്തിലെ കലാപരിപാടികൾ കണ്ടാസ്വദിക്കാനും പൊതുജനങ്ങൾക്ക് അവസരമില്ല. പക്ഷെ, ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കൊട്ടാരത്തിന്റെ കാഴ്ചയാസ്വദിക്കാൻ വൈകുന്നേരം കൂട്ടമായി എത്തുന്ന ആളുകളുടെ തിരക്കാണ് ഇപ്പോൾ ആശങ്കയ്ക്ക് ഇടയാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us