സൗജന്യ കോവിഡ് ടെസ്റ്റ്: മാളുകളിലും ഷോപ്പിങ് കോംപ്ലക്സുകളിലും പാർക്കുകളിലും കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ നിർബന്ധമാക്കുന്നു

ബെംഗളൂരു: നഗരത്തിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മാളുകളിലും ഷോപ്പിങ് കോംപ്ലക്സുകളിലും പാർക്കുകളിലും കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ നിർബന്ധമാക്കാനൊരുങ്ങി ബി.ബി.എം.പി. മൊബൈൽ കോവിഡ് പരിശോധനാ കേന്ദ്രങ്ങളൊരുക്കി സൗജന്യമായി പരിശോധന നടത്താനാണ് ലക്ഷ്യമിടുന്നത്.

ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ബി.ബി.എം.പി. അധികൃതർ അറിയിച്ചു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും സ്വകാര്യ ലാബുകളിലും മറ്റുമാണ് നിലവിൽ പരിശോധന നടത്തുന്നത്.

മാളുകൾ പോലുള്ള പൊതുസ്ഥലങ്ങളിലും പരിശോധനാ സൗകര്യം വേണമെന്ന് ആവശ്യമുയർന്നതിനെത്തുടർന്നാണ് നടപടിയെന്ന് ബി.ബി.എം.പി. കമ്മിഷണർ മഞ്ജുനാഥ പ്രസാദ് പറഞ്ഞു.

കഴിഞ്ഞദിവസം ബി.ബി.എം.പി. ഉദ്യോഗസ്ഥർ ചില മാളുകളിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയപ്പോൾ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. രോഗലക്ഷണങ്ങളില്ലാതെ പോസിറ്റീവായവർ മാളുകളിലും മറ്റും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

നിലവിലുള്ള രോഗികളിൽ നല്ലൊരുശതമാനം ആളുകളുടെയും രോഗ ഉറവിടം പാർക്ക്, ഷോപ്പിങ് മാൾ, മാർക്കറ്റ് എന്നിവിടങ്ങളാണെന്ന് അധികൃതർ പറഞ്ഞു. മാളുടമകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ ലൈസൻസ് റദ്ദാക്കേണ്ടി വരുമെന്ന് മഞ്ജുനാഥ പ്രസാദ് പറഞ്ഞു.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 10 വയസ്സിൽ താഴെയുള്ള കുട്ടികളും 60 വയസ്സിനു മുകളിലുള്ളവരും പാർക്കുകളിലും മറ്റു പൊതുസ്ഥലങ്ങളിലും പോകരുതെന്ന് ബി.ബി.എം.പി. നിർദേശിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us