ഭീഷണിയിൽ കുലുങ്ങാതെ സർക്കാരിനെതിരെയും സിനിമ മാഫിയക്കെതിരെയും ശബ്ദമുയർത്തിയ ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ

മുംബൈ: ഭീഷണിയിൽ കുലുങ്ങാതെ സർക്കാരിനെതിരെയും സിനിമ മാഫിയക്കെതിരെയും ശബ്ദമുയർത്തിയ ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ; അതാണ് നടി കങ്കണ റണാവത്ത്.

സുശാന്തിന്റെ മരണത്തിനുമുന്‍പേ തന്നെ വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കാറുള്ള താരമാണ് കങ്കണ. പല സഹതാരങ്ങള്‍ക്കെതിരെയും എന്തിന് പ്രമുഖ നടന്‍ ഋത്വിക് റോഷന് പോലും കങ്കണ തലവേദനയായി മാറിയിരുന്നു.

താരത്തിന്റെ പല വെളിപ്പെടുത്തലുകളും അത്രമാത്രം മൂര്‍ച്ചയുള്ളതാണ്. സുശാന്ത് ആത്മഹത്യ ചെയ്തതു മുതല്‍ ഈ സമയം വരെ സുശാന്തിനുവേണ്ടി സംസാരിച്ചയാളാണ് കങ്കണ. ബോളിവുഡില്‍ പലരും തനിക്കെതിരെ നിന്നിട്ടും ഇന്നും കങ്കണ പറഞ്ഞതൊന്നും തിരിച്ചെടുക്കാന്‍ തയ്യാറല്ല.

സുശാന്തിന്റെ മരണത്തെ സംബന്ധിച്ച് താന്‍ ഉന്നയിച്ച കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ തനിക്ക് ലഭിച്ച പദ്മശ്രീ തിരികെ നല്‍കാമെന്നും കങ്കണ പറഞ്ഞിരുന്നു. അഭിനയിച്ച ചില സിനിമകളുടെ പ്രതിഫലം സുശാന്തിന് ലഭിച്ചിട്ടില്ല എന്നും  അദ്ദേഹത്തിന്റെ മരണശേഷം ചില മാധ്യമ പ്രവര്‍ത്തകരെ സ്വാധീനിച്ചുകൊണ്ട്  ബോളിവുഡിലെ ചില  പ്രമുഖര്‍ സുശാന്തിനെ മാനസികരോഗിയും  ലഹരിമരുന്നിന് അടിമയായും ചിത്രീകരിക്കുന്നു എന്ന ആരോപണവുമായാണ്  കങ്കണ ആദ്യം  രംഗത്ത് എത്തിയത്.

ഗോഡ്ഫാദര്‍ ഇല്ലാതെയാണ് സുശാന്ത് സിനിമയില്‍ ഇത്രത്തോളം മുന്നേറിയതെന്നും ചില താരങ്ങളുടെ മക്കളെ പോലെ ചലച്ചിത്രലോകത്തിന്റെ പിന്‍വാതിലിലൂടെയല്ല സുശാന്ത് സിനിമയില്‍ എത്തിയതെന്നും കങ്കണ പറഞ്ഞിരുന്നു. പിന്നീട് ബോളിവുഡ് താരങ്ങളുടെ പാര്‍ട്ടികളും ലഹരി സംഘവുമായുള്ള ബന്ധങ്ങളെക്കുറിച്ച് വരെ കങ്കണ തുറന്നടിച്ചു. തുടര്‍ന്ന് സുശാന്തിന്റെ കേസ് സിബിഐ ഏറ്റെടുക്കുന്നതുവരെ കങ്കണ പൊരുതി.

തനിക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കും മറ്റുമെതിരെ മുംബൈ പോലീസ് നിസംഗസമീപനം സ്വീകരിക്കുന്നുവെന്നും ബോളിവുഡ് മാഫിയയേക്കാളും ഭയക്കേണ്ടത് മുംബൈ പോലീസിനെയാണെന്നും കങ്കണ സധൈര്യം തുറന്നടിച്ചിരുന്നു.

സംസ്ഥാനത്തെ പോലീസിനെ വിശ്വാസമില്ലെങ്കില്‍ കങ്കണ ഇനി മുംബൈയിലേക്ക് വരേണ്ടതില്ലെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞത്. മുംബൈയിലേക്ക് പ്രവേശിച്ചാല്‍ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്നുള്ള ഭീഷണി വരെ കങ്കണയ്ക്കുനേരെ ഉണ്ടായി.

എന്നാൽ ഭീഷണികൾ അവഗണിച്ച് സെപ്റ്റംബർ ഒമ്പതിന് മുംബൈയിൽ തിരിച്ചെത്തുമെന്ന് നടി കങ്കണ റണൗട്ട് മുൻപ് പറഞ്ഞ അതെ ദിവസം തന്നെ മുംബൈയിൽ തിരിച്ചെത്തി.  “മുംബൈയിലേക്ക് തിരിച്ചു വരരുതെന്ന് പലരും ഭീഷണിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് സെപ്റ്റംബർ ഒമ്പതിന് മുംബൈയിലേക്കു പോകാൻ ഞാൻ തീരുമാനിച്ചു. അവിടെ വിമാനമിറങ്ങുന്ന സമയം അറിയിക്കാം. ധൈര്യമുള്ളവർ തടയാൻ വരട്ടേ” എന്നായിരുന്നു ട്വിറ്റർ സന്ദേശത്തിൽ കങ്കണ പറഞ്ഞത്.

കങ്കണയെ ഭീഷണിപ്പെടുത്തിയ സംഭവം വിവാദമായതിനു പിന്നാലെ സ്ത്രീ വിരുദ്ധമാണ് സഞ്ജയ് റാവത്തിന്റെ മനാസികാവസ്ഥയെന്ന് കങ്കണയും വിമര്‍ശിച്ചു. കങ്കണയെ എങ്ങനെയെങ്കിലും സമ്മര്‍ദ്ദത്തിലാക്കണമെന്ന ഉദ്ദേശ്യത്തോടെ മുംബൈയിലൈ മണികര്‍ണിക ഓഫീസ് പൊളിക്കുന്ന നടപടിയിലേക്ക് വരെ കാര്യം എത്തിനില്‍ക്കുന്നു.

മുംബൈ കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ ഒരു ഡസനിലധികം മാറ്റങ്ങള്‍ വരുത്തിയാണ് കങ്കണ ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് ആരോപണം. ഭാഗികമായി കെട്ടിടം പൊളിച്ചതും മുംബൈ ഹൈക്കോടതി സ്‌റ്റേ പുറപ്പെടുവിച്ചത് മൂലം തുടർനടപടികൾ നിർത്തിവയ്ക്കുകയായിരുന്നു.

അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് നടി ട്വിറ്ററിലൂടെ രംഗത്തെത്തി. രാമക്ഷേത്ര൦ പൊളിച്ച ബാബറിന്റെ നടപടിയ്ക്ക് സമാനമാണ് കോര്‍പ്പറേഷന്‍ നടപടിയെന്ന് കങ്കണ ആരോപിച്ചു.

ഓഫീസ് കെട്ടിടം തകർത്തതിന്റെ പേരിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ കടുത്ത വിമർശനമാണ് കങ്കണ റണൗട്ട് ട്വിറ്ററിലൂടെ നടത്തിയത്. “ഉദ്ധവ് താക്കറെ, നിങ്ങൾ എന്താണ് കരുതുന്നത്. സിനിമ രംഗത്തെ മാഫിയകളുമായി കൂട്ടുചേർന്ന് നിങ്ങൾ എന്റെ വീട് തകർക്കുകയും എന്നോട് പ്രതികാരം ചെയ്യുകയുമുണ്ടായി. എന്റെ വീട് ഇന്ന് തകർക്കപ്പെട്ടു. നിങ്ങളുടെ അഹങ്കാരം നാളെ തകർക്കപ്പെടും” എന്നാണ് പറഞ്ഞത്.

സുഷാന്ത് സിംഗ് രാജ്പുതിന്റെ കേസുമായി ബന്ധപ്പെട്ട് കങ്കണയും ശിവസേനാ നേതാക്കളും തമ്മിലുള്ള വാക്പോരിനു പിന്നാലെയാണ് കെട്ടിടം പൊളിക്കല്‍ നടപടി എന്നതും ശ്രദ്ധേയമാണ്.

അതിനിടെ കങ്കണയുടെ ലഹരി മാഫിയയുമായി ബന്ധ൦ അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞിരുന്നു. അതനുസരിച്ചുള്ള നിയമ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. മുന്‍ കാമുകനായ അധ്യയന്‍ സുമന്‍ 2016ല്‍  നല്‍കിയ അഭിമുഖമാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം. അഭിമുഖത്തില്‍ കാമുകി കങ്കണ റണൗത് ലഹരി ഉപയോഗിച്ചിരുന്നതായി പറഞ്ഞിരുന്നു. ആ അഭിമുഖമാണ് ഇപ്പോള്‍ വിവാദ മായിരിക്കുന്നത്.

എന്നാൽ തനിക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടി രംഗത്ത്‌ വന്നു. ലഹരി മാഫിയയുമായി തനിക്ക് ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ മുംബൈ വിടാന്‍ താന്‍ തയ്യാറാണെന്നും നടി പറഞ്ഞു. തനിക്കെതിരായ ലഹരി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍  പോലീസിനോട് പൂര്‍ണമായും സഹകരിക്കുമെന്നും കങ്കണ പറഞ്ഞു.

അതേസമയം മുംബൈയിലെ നടിയുടെ വസതിയില്‍ കേന്ദ്രമന്ത്രി രാംദാസ് അത്താവലെ സന്ദര്‍ശനം നടത്തി. കഴിഞ്ഞദിവസം ശിവസേന എംപി ഭീഷണിപ്പെടുത്തി എന്ന ആരോപണത്തില്‍ കങ്കണയ്ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി രംഗത്തുവന്നിരുന്നു.

രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലെന്ന് കങ്കണ പറഞ്ഞതായി രാംദാസ് അത്താവലെ മാധ്യമങ്ങളോട് പറഞ്ഞു. ‘എത്രനാള്‍ സിനിമാ മേഖലയില്‍ തുടരാന്‍ കഴിയുമോ, അത്രയും നാള്‍ രാഷ്ട്രീയത്തില്‍ ചേരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. അതേസമയം സമൂഹത്തിന്റെ ഐക്യത്തിനായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ട്. പുതിയ ചിത്രത്തില്‍ ദലിതിന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത്.  ജാതി വ്യവസ്ഥ പൂര്‍ണമായി ഇല്ലായ്മ ചെയ്യണം’ – കങ്കണ കൂടിക്കാഴ്ചയില്‍ പറഞ്ഞതായി രാംദാസ് അത്താവലെ പറഞ്ഞു.

സിനിമയില്‍ നില്‍ക്കുന്നിടത്തോളം കാലം രാഷ്ട്രീയത്തില്‍ ചേരാന്‍ താത്പര്യമില്ല എന്നാണ് കങ്കണ പറഞ്ഞത്. കങ്കണ ബിജെപിയിലോ ആര്‍പിഐയിലോ ചേരാന്‍ ആഗ്രഹിച്ചാല്‍ സ്വാഗതം ചെയ്യുമെന്നും രാംദാസ് അത്താവലെ പറഞ്ഞു.

കങ്കണ റണൗട്ടിനെ സ്വാതന്ത്ര്യസമരത്തില്‍ രക്തസാക്ഷിത്വം വഹിച്ച ഭഗത് സിംഗിനോടാണ് തമിഴ് നടന്‍ വിശൽ ഉപമിച്ചത്.

എന്തെങ്കിലും തെറ്റ് സംഭവിക്കുമ്പോള്‍ സര്‍ക്കാറിനെതിരെ പ്രതികരിക്കുന്നവരുടെ ഉദാഹരണമാണ് കങ്കണയെന്നും വിശാല്‍ ട്വീറ്റ് ചെയ്തു. ‘നിങ്ങളുടെ ധൈര്യത്തിന് കൈയടി. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് പറയാന്‍ നിങ്ങള്‍ രണ്ട് വട്ടം ആലോചിച്ചിട്ടുണ്ടാകില്ല. ഇത് നിങ്ങളുടെ സ്വന്തം പ്രശ്‌നം മാത്രമല്ല. സര്‍ക്കാറിന്റെ കോപത്തെ നേരിട്ടപ്പോള്‍ പോലും ശക്തയായി നേരിട്ടു. 1920കളില്‍ ഭഗത് സിംഗ് ചെയ്തതിന് തുല്യമാണ് നിങ്ങളുടെ പ്രവൃത്തി’-വിശാല്‍ ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us