ബെംഗളൂരു: ഓക്സിജൻ സിലിൻഡറുകൾക്ക് ആശുപത്രികളിൽ ക്ഷാമമനുഭവപ്പെട്ടുതുടങ്ങിയതോടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങളുമായി കർണാടക സർക്കാർ. അത്യാവശ്യ ഘട്ടങ്ങളിൽ കോവിഡ് രോഗികൾക്ക് ഓക്സിജൻ ലഭ്യമല്ലാത്ത സാഹചര്യം ഒഴിവാക്കുകയാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
ആവശ്യമായ അളവിൽ മാത്രം രോഗികൾക്ക് ഓക്സിജൻ ലഭ്യമാക്കുന്നതിൽ ശ്രദ്ധ വേണമെന്നാണ് ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നിർദേശം നൽകിയിരിക്കുന്നത്. ഓക്സിജൻ ആവശ്യമായ ഘട്ടം പിന്നിട്ടശേഷവും ഓക്സിജൻ നൽകുന്നത് കർശനമായി നിയന്ത്രിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
നേരത്തേ ഓക്സിജന്റെ അനാവശ്യ ഉപഭോഗം കുറയ്ക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിവിധ ചികിത്സകൾക്ക് എത്ര അളവിൽ ഓക്സിജൻ ഉപയോഗിക്കാമെന്നും ആരോഗ്യവകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മൂന്നുദിവസംമുമ്പ് ബെംഗളൂരു കിംസ് ആശുപത്രിയിൽനിന്ന് ഓക്സിജൻ സിലിൻഡറുകൾ കാലിയായതിനെത്തുടർന്ന് 50-ഓളം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. സ്വകാര്യ ആശുപത്രികളിലും ഓക്സിജൻ സിലിൻഡറുകളുടെ എണ്ണം കുറവാണ്. ഓക്സിജൻ പ്ലാന്റുകൾ ഉത്പാദനക്ഷമതയുടെ പരമാവധി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ഇവ മതിയാകാതെ വരുന്ന സാഹചര്യമാണുള്ളത്.
സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലാ ആശുപത്രികളിലും ഓക്സിജൻ സിലിൻഡറുകളുടെ ക്ഷാമമുണ്ട്. വിവിധ ഏജൻസികളുമായി ബന്ധപ്പെട്ട് സിലിൻഡറുകൾ എത്തിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതർ. സംസ്ഥാനത്തെ ആശുപത്രികളിൽ ഓക്സിജൻ സിലിൻഡറുകളുടെ അളവിൽ വ്യാപകമായ കുറവാണുള്ളത്.
അനാവശ്യ ഉപയോഗം കുറയ്ക്കുന്നതോടെ കൂടുതൽ രോഗികൾക്ക് ഓക്സിജൻ ലഭ്യമാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പല ആശുപത്രികളിലും ഓക്സിജൻ സൂക്ഷിക്കാനുള്ള ടാങ്കുകൾ ഇല്ലാത്തതും പ്രതിസന്ധിയാകുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.