ബെംഗളൂരു: ഡൽഹിയിലെ നിസാമുദ്ദീനിലെ ജമാ അത്ത് പള്ളിയിലെ മതചടങ്ങിൽ കർണാടകത്തിൽനിന്നുള്ള 54പേർ പങ്കെടുത്തതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ബി. ശ്രീരാമുലു പറഞ്ഞു.
ഇതിൽ 26 പേർ ബീദർ ജില്ലയിൽനിന്നുള്ളവരാണ്. ഇവരെ സമ്പർക്കരഹിത നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു.
ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും ചടങ്ങിൽ പങ്കെടുത്തവർ സ്വമേധയാ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരു, ബല്ലാരി, ബീദർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ചടങ്ങിൽ പങ്കെടുത്തത്. തുമകൂരുവിലെ സിറ സ്വദേശിയായ അറുപതുകാരൻ കൊറോണ ബാധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചിരുന്നു.
ഇദ്ദേഹം നിസാമുദ്ദീനിലെ മതചടങ്ങിൽ പങ്കെടുത്തുവെന്നാണ് കരുതുന്നത്. ഡൽഹിയിൽ ജുമാ മസ്ജിദിൽ സന്ദർശനം നടത്തിമടങ്ങിയെത്തിയപ്പോഴാണ് രോഗലക്ഷണങ്ങൾ കാണിച്ചത്.
തുടർന്ന് ഐസൊലേഷൻ വാർഡിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകനും കൊറോണ സ്ഥിരീകരിച്ചിരുന്നു.
മരിച്ചയാളുമായി സമ്പർക്കമുണ്ടായിരുന്ന 24 പേരിൽ 13 പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.