ബെംഗളൂരു : കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ച വയനാട്, കണ്ണൂർ അതിർത്തികൾ തുറക്കാമെന്ന് കർണാടക ഹൈക്കോടതിയിൽ.
എന്നാൽ, കാസർകോട് അതിർത്തിയിലെ റോഡുകൾ തുറക്കാനാവില്ലെന്നാണ് തങ്ങളുടെ നിലപാടെന്നും കർണാടക അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.
കോവിഡ് 19 ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കർണാടക കേരളത്തിലേക്കുള്ള അതിർത്തികൾ അടച്ചത്.
ഇതിനെതിരായ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി ഇപ്പോൾ വാദം കേൾക്കുന്നത്.
വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതി നടപടികൾ പുരോഗമിക്കുന്നത്. വിഷയത്തിൽ നിലപാട് അറിയിക്കാൻ കർണാടക എജിയോട് തിങ്കളാഴ്ച ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
കോവിഡ് ലോക്ഡൗണിന്റെ ഭാഗമായാണ് അതിർത്തികൾ അടച്ചതെന്നാണ് കർണാടക പറയുന്നത്.
സംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയമായതിനാൽ ഹൈക്കോടതിയ്ക്ക് ഇടപെടുന്നതിന് നിയമപരമായി പരിമിതികളുണ്ടെന്നും അവർ പറയുന്നു.
അതേസമയം, പൗരാവകാശ ലംഘനമാണ് നടക്കുന്നതെന്നും കേരളത്തിലെ പൗരൻമാർക്ക് അവശ്യസാധനങ്ങളും ചികിത്സയും കിട്ടാത്ത സാഹചര്യമുണ്ടെന്നും കേരളം വ്യക്തമാക്കി.
ദേശീയപാത അടക്കാൻ കർണാടകത്തിന് അനുമതിയില്ലെന്നും ഇരിട്ടി, കുടക്, വിരാജ്പേട്ട റോഡുകൾ തുറക്കണമെന്നും കേരളം ആവശ്യമുന്നയിച്ചു.
എന്നാൽ, ഇക്കാര്യത്തിൽ നിലപാട് നാളെ വ്യക്തമാക്കാമെന്ന് കർണാടക കോടതിയെ അറിയിച്ചു.
കർണാടക അതിർത്തി അടച്ചതോടെ രണ്ട് രോഗികൾ ചികിത്സ കിട്ടാതെ മരിച്ച സാഹചര്യമുണ്ടായിരുന്നു.
രോഗികളെ തടയരുതെന്ന് കേസ് പരിഗണിക്കവേ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
വളരെയധികം കേസുകൾ ദിനം പ്രതി റിപ്പോർട്ട് ചെയ്യുന്ന കാസർകോട് അതിർത്തി തുറക്കരുത് എന്നാണ് ആ പ്രദേശങ്ങളിലെ ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്. മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങി കാസർകോട് പോകുകയായിരുന്ന 6 മലയാളികൾ ഇപ്പോൾ കർണാടകയിൽ ചികിൽസയിലുണ്ട്.