വടക്കൻ കർണാടകയിൽ കനത്ത മഴ തുടരുന്നു, മൂന്ന് മരണം, അൽമാട്ടി അണക്കെട്ട് തുറന്നു, നദികൾ കരകവിഞ്ഞ് ഒഴുകിയതോടെ കൂടുതൽ മേഖലകൾ പ്രളയഭീതിയിൽ..

ബെംഗളൂരു: വടക്കൻ കർണാടകയിൽ കനത്ത മഴ തുടരുന്നു, മൂന്ന് മരണം, അൽമാട്ടി അണക്കെട്ട് തുറന്നു, നദികൾ കരകവിഞ്ഞ് ഒഴുകിയതോടെ കൂടുതൽ മേഖലകൾ പ്രളയഭീതിയിൽ.

ബെലഗാവി, വിജയപുര, യാദ്ഗീർ, റായ്ച്ചൂർ, ബാഗൽകോട്ട്, ഹുബ്ബള്ളി-ധാർവാഡ്, ശിവമോഗ, കുടക്, ഉത്തരകന്നഡ തുടങ്ങിയ ജില്ലകളിലെ പലയിടങ്ങളിലും വെള്ളംകയറി. മഴക്കെടുതിയിൽ ബെലഗാവിൽ പോലീസുകാരനുൾപ്പെടെ മൂന്നുപേർ മരിച്ചു.

ഗതാഗതം തടസ്സപ്പെട്ട റോഡിൽ വാഹനം നിയന്ത്രിക്കുന്നതിനിടെ നിയന്ത്രണംവിട്ട വാഹനമിടിച്ചാണ് കിട്ടൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ. എരന്ന ലട്ടി മരിച്ചത്. ചിക്കോടിയിൽ പുഴയിലെ ഒഴുക്കിൽ പെട്ട് 33-കാരനും മതിലിടിഞ്ഞുവീണ് മറ്റൊരാളും മരിച്ചു.

പുനെ-ബെംഗളൂരു ദേശീയപാതയിൽ ബെലഗാവിക്കടുത്ത് റോഡിടിഞ്ഞ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഇതോടെ കർണാടക ആർ.ടി.സി. ബെലാഗാവിൽനിന്ന് പുനെയിലേക്കുള്ള ബസ് സർവീസ് പൂർണമായും നിർത്തിവെച്ചു. ലോൻഡയ്ക്കും താനിഘട്ടിനുമിടയിൽ റെയിൽപാതയിൽ മണ്ണിടിഞ്ഞതിനാൽ ദക്ഷിണ-പശ്ചിമ റെയിൽവേ ഈ ഭാഗത്തേക്കുള്ള തീവണ്ടി സർവീസ് പൂർണമായും നിർത്തിവെച്ചു.

മഹാരാഷ്ട്രയിലെ മഴയെത്തുടർന്ന് കൃഷ്ണനദിയിലെ ഒഴുക്ക് വർധിച്ചതും സ്ഥിതി രൂക്ഷമാക്കിയിരിക്കുകയാണ്. മാർക്കണ്ഡേയ, ഗാഥപ്രഭ, മാലപ്രഭ, ഭീമ തുടങ്ങിയ ചെറുനദികളും കരകവിഞ്ഞു. കൃഷ്ണ നദിയിലെ ബസവസാഗര അണക്കെട്ടും പരമാവധി സംഭരണശേഷിയോട് അടുത്തുകൊണ്ടിരിക്കുകയാണ്.

നദിയുടെയും അണക്കെട്ടുകളുടെയും സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരെ താലൂക്ക് ആസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന താത്കാലിക ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. പലയിടങ്ങളിലും റോഡിടിഞ്ഞ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. അപകട സാധ്യതയെത്തുടർന്ന് വൈദ്യുതി വിച്ഛേദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം വിവിധജില്ലകളിൽ വ്യോമനിരീക്ഷണം നടത്തിയ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വിളനാശം കണക്കാക്കി കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചു. 1200 ഹെക്ടറോളം പ്രദേശത്തെ കൃഷി പൂർണമായും നശിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും അഗ്നിരക്ഷാ സേനയുടെ യൂനിറ്റുകളും മഴബാധിത പ്രദേശങ്ങളിൽ ക്യാമ്പ്ചെയ്യുന്നുണ്ട്. ജില്ലാ ആസ്ഥാനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും പ്രവർത്തിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us