യെദിയൂരപ്പയുടെ കാത്തിരിപ്പ് തുടരുന്നു;സർക്കാർ രൂപീകരിക്കാൻ പച്ചക്കൊടി കാണിക്കാതെ കേന്ദ്ര നേതൃത്വം.

ബെംഗളൂരു: കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണിട്ടും കര്‍ണാടകയില്‍ അധികാരത്തിലേറാന്‍ സാധിക്കാതെ യെദ്യൂരപ്പ. സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി കേന്ദ്ര നേതൃത്വം ഇതുവരെ യെദ്യൂരപ്പയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരം.

കര്‍ണാടകയില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വേണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അതിന്‍റെ ഭാവിയെന്താവും എന്ന സംശയം കേന്ദ്രനേതൃത്വത്തിനുണ്ട്.

കേന്ദ്രനേതൃത്വത്തിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ദില്ലിയില്‍ നിന്നും നിര്‍ദേശം ലഭിച്ചാലുടന്‍ എംഎല്‍എമാരുമായി രാജ്ഭവനിലെത്തി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുമെന്നും യെദ്യൂരപ്പ ബെംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കര്‍ണാടക ബിജെപിയിലെ മുതിര്‍ന്ന നേതാവ് ജഗദീഷ് ഷെട്ടാര്‍ ദില്ലിയിലെത്തി അഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായെ കണ്ട് കൂടിക്കാഴ്ച നടത്തി.

ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെപി നഡ്ഡയേയും ഷെട്ടാര്‍ സന്ദര്‍ശിച്ചു. എന്നിട്ടും സര്‍ക്കാര്‍ രൂപീകരണ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

ഉച്ചയ്ക്ക് ശേഷം വീണ്ടും ഷെട്ടാര്‍ നഡ്ഡയെ കാണുന്നുണ്ട്. കര്‍ണാടകയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ വേണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നതെന്നും അതിനാലാണ് തീരുമാനം വൈകുന്നതെന്നും കര്‍ണാടകയിലെ ബിജെപി നേതാവ് ബസവരാജ്‌ ബൊമ്മയ് പറഞ്ഞു.

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ബിജെപിക്ക് നൂറുശതമാനം ഉറപ്പുണ്ടെന്നും ബിജെപി എംഎല്‍എമാര്‍ മറുകണ്ടം ചാടാന്‍ ഒരു സാധ്യതയുമില്ലെന്നും ബസവരാജ് പറയുന്നു.

കര്‍ണാടകയിലെ ഭാവിനടപടികള്‍ സംബന്ധിച്ച് നിയമവിദഗ്ദ്ധരുമായി ബിജെപി നേതൃത്വം ചര്‍ച്ചകള്‍ നടത്തി വരികയാണെന്നാണ് വിവരം.

ആഴ്ചകള്‍ നീണ്ട രാഷ്ട്രീയനാടകങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ചേര്‍ന്ന് രൂപീകരിച്ച കുമാരസ്വാമി സര്‍ക്കാര്‍ നിലം പതിച്ചത്. കോണ്‍ഗ്രസിലേയും ജെഡിഎസിലേയും 16 എംഎല്‍എമാര്‍ രാജിസമര്‍പ്പിച്ചതോടെ സര്‍ക്കാരിന് സഭയില്‍ കേവലഭൂരിപക്ഷം നഷ്ടമായതാണ് പ്രതിസന്ധിക്ക് കാരണം. രാജിവച്ച വിമത എംഎല്‍എമാരെ സ്പീക്കര്‍ ഉടനെ അയോഗ്യരാക്കും എന്നാണ് വിവരം.

ഇങ്ങനെ രാഷ്ട്രീയചിത്രം കൃത്യമായി തെളിയാത്ത സാഹചര്യത്തില്‍ ചാടിക്കയറി സര്‍ക്കാര്‍ ഉണ്ടാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന ചിന്തയാണ് ബിജെപി കേന്ദ്രനേതൃത്വത്തിനുള്ളത്.

കുമാരസ്വാമിയോട് കാവല്‍മുഖ്യമന്ത്രിയായി തുടരാന്‍ ആവശ്യപ്പെട്ട കര്‍ണാടക ഗവര്‍ണര്‍ ഇതുവരെ അടുത്ത നടപടികളേക്ക് കടന്നിട്ടില്ല.

നിലവില്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ കക്ഷിനേതാവായ യെദ്യൂരപ്പയെ ഗവര്‍ണര്‍ക്ക് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാം.

അതല്ലെങ്കില്‍ കര്‍ണാടകയിലെ രാഷ്ട്രീയഅനിശ്ചിതാവസ്ഥ ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭരണത്തിനും ശുപാര്‍ശ ചെയ്യാം. ഇതിലേത് വഴിയാവും ഗവര്‍ണര്‍ സ്വീകരിക്കുക എന്നു വ്യക്തമല്ല.

ദില്ലിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കായി ഗവര്‍ണറും കാത്തിരിക്കുകയാണെന്നാണ് സൂചന. നിയമസഭ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യുന്ന പക്ഷം ഇടക്കാലതെരഞ്ഞെടുപ്പിലേക്ക് കര്‍ണാടക നീങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us