ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട പഠന ആപ്ലിക്കേഷനും ലോകത്തിലെ ഏറ്റവും വലിയ എഡ്-ടെക് കമ്പനിയുമായ ബൈജൂസ് ലേർണിംഗ് ആപ്പിൽ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ക്യു.ഐ.എ) 150 മില്യൺ ഡോളർ നിക്ഷേപം നടത്തുന്നു. നിക്ഷേപം വിദ്യാഭ്യാസ മേഖലയോടുള്ള ക്യുഐഎയുടെ ശക്തമായ പ്രതിബദ്ധതയെ കാണിക്കുന്നതാണെന്ന് ക്യു.ഐ.എ സി.ഇ.ഒ. മൻസൂർ അൽ മഹമൂദ് പറഞ്ഞു.
വിദ്യാഭ്യാസ സാങ്കേതിക രംഗത്തെ പ്രമുഖ നിക്ഷേപകരായ ഔൾ വെഞ്ചേഴ്സും (Owl Ventures) നിക്ഷേപത്തിൽ പങ്കാളികളാകും. ഔൾ വെഞ്ചേഴ്സ് ഒരു ഇന്ത്യൻ സ്റ്റാർട്ട്അപ്പിൽ നടത്തുന്ന ആദ്യ നിക്ഷേപം കൂടിയാണിത്. ഔൾ വെഞ്ചേഴ്സ് പോലുള്ള ശക്തരായ കമ്പനികൾ കൂടെ ഉണ്ടായിരിക്കുന്നതിൽ സന്തുഷ്ടരാണെന്നും ഇത്തരം നിക്ഷേപങ്ങൾ ആഗോളതലത്തിൽ വ്യക്തിഗത ഡിജിറ്റൽ പഠനത്തിന്റെ വ്യാപനത്തിന് സഹായിക്കുമെന്നും ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകനും സി.ഇ.ഒ.യുമായ ബൈജു രവീന്ദ്രൻ പറഞ്ഞു.
പുതിയ തലമുറയിലെ വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം എത്തിച്ചു നൽകുന്നതിൽ ബൈജൂസ് മുൻപന്തിയിലാണെന്നും ബൈജൂസുമായുള്ള പുതിയ പങ്കാളിത്തം ഓരോ വിദ്യാർഥിക്കും ഏറ്റവും മികച്ച പഠന അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനുള്ള തങ്ങളുടെ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും ഔൾ വെഞ്ചേഴ്സ് മാനേജിങ് ഡയറക്ടർ അമിത് പട്ടേൽ പറഞ്ഞു.
പുതിയ നിക്ഷേപ പദ്ധതികൾ ബൈജൂസിന്റെ ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെയുള്ള പഠന ഉത്പന്നങ്ങൾ ആഗോള തലത്തിൽ കൂടുതൽ വിദ്യാർഥികളിലേക്ക് എത്തിക്കുന്നതിന് സഹായകമാകും. സാങ്കേതിക സഹായത്തോടെയുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയെന്നതാണ് നിക്ഷേപത്തിന്റെ പ്രാഥമിക ലക്ഷ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.