ഇന്ത്യൻ ഗർജനത്തിൽ പതറി പാകിസ്ഥാൻ; ഇന്ത്യക്ക് അനായാസ ജയം!

ഇന്ത്യക്കെതിരെ 337 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാൻ, ഒന്ന് പൊരുതാൻ പോലുമാവാതെ മുട്ട് മടക്കി. അടിച്ചോതുക്കിയും എറിഞ്ഞിട്ടും ഇന്ത്യൻ ചുണക്കുട്ടികൾ നേടിയത് അഭിമാന വിജയം. പാകിസ്താനെ മാത്രമല്ല, രണ്ടു തവണ വില്ലനായെത്തിയ മഴയെയും കാഴ്ചക്കാരനാക്കി മാഞ്ചസ്റ്ററിൽ ഇന്ത്യ നേടിയത് ഉജ്വല വിജയം.

രണ്ടാമതും മഴ കളി മുടക്കിയപ്പോൾ 35 ഓവറിൽ പാകിസ്ഥാൻ അഞ്ചിന് 166 റൺസ് ആണ് നേടിയത്. ശേഷം വീണ്ടും പാക്കിസ്ഥാൻ ബാറ്റിംഗ് പുനഃരാരംഭിച്ചപ്പോൾ, ഡക്ക്വർത് ലൂയിസ് നിയമ പ്രകാരം 40 ഓവറായി ചുരുക്കുകയും വിജയ ലക്‌ഷ്യം 302 ആക്കുകയും ചെയ്തു. അങ്ങനെ ശേഷിച്ച 5 ഓവറിൽ പാകിസ്ഥാന് വേണ്ടിയിരുന്നത് 136 റൺസ്.

അസാധ്യമായ ഈ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 40 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്ക് 89 റൺസിന്റെ തിളക്കമാർന്ന വിജയം. തകർപ്പൻ ബാറ്റിംഗ് കാഴ്ചവെച്ച രോഹിത് ശർമയ്ക്ക് പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചു.

രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ഇമാം ഉൾ ഹഖ് (7), ഫഖർ സമാൻ (62), ബാബർ അസം (48), മുഹമ്മദ് ഹഫീസ് (9), ഷുഐബ് മാലിക്ക് (0), എസ് അഹമ്മദ് (12) എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

18 പന്തിൽ നിന്ന് 7 റൺസെടുത്ത ഇമാം ഉൾ ഹഖാണ് ആദ്യം പുറത്തായത്. 48 റൺസെടുത്ത ബാബർ അസമാണ് പിന്നീട് പുറത്തായത്. കുൽദീപ് യാദവാണ് ബാബറിനെ പുറത്താക്കിയത്. 62 റൺസെടുത്ത ഫഖർ സമാനെയും കുൽദീപ് തന്നെയാണ് പുറത്താക്കിയത്. മുഹമ്മദ് ഹഫീസും ഷുഐബ് മാലിക്കും പിന്നാലെ പുറത്തായി. നിലയുറപ്പിച്ചു കളിക്കുകയായിരുന്ന ബാബർ അസമിനെ പുറത്താക്കി കുൽദീപ് യാദവാണ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ നൽകിയത്. ഇമാദ് വസിം (46), ഷാദബ് ഖാൻ (20) പുറത്താവാതെ അവസാനം വരെ പൊരുതിയെങ്കിലും പാകിസ്ഥാന് വിജയം സമ്മാനിക്കാൻ കഴിഞ്ഞില്ല.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 336 റൺസെടുത്തു. ഇടയ്ക്കുവെച്ച് മഴ കാരണം മത്സരം തടസപ്പെട്ടിരുന്നെങ്കിലും പിന്നീട് മത്സരം പുനഃരാരംഭിക്കുകയായിരുന്നു.

ഇന്ത്യൻ ബാറ്റസ്മാന്മാർ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തിൽ തകര്‍പ്പന്‍ സെഞ്ച്വറിയാണ് രോഹിത് ശര്‍മ മാഞ്ചസ്റ്ററില്‍ കുറിച്ചത്.

മികച്ച റെക്കോര്‍ഡുകളും ഈ മത്സരത്തില്‍ പിറന്നിരിക്കുകയാണ്. ലോകകപ്പില്‍ പാകിസ്താനെതിരെ സെഞ്ച്വറിയടിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് രോഹിത്തിനെ തേടിയെത്തിയത്. 85 പന്തിലാണ് രോഹിത് സെഞ്ച്വറിയടിച്ചത്. 140 റണ്‍സുമായിട്ടാണ് രോഹിത് ക്രീസില്‍ നിന്ന് മടങ്ങിയത്. അതേസമയം ഓപ്പണിംഗില്‍ ആദ്യമായി പാകിസ്താനെതിരെ 100 റണ്‍സിന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കാനും രോഹിത്തിന് സാധിച്ചു.

ഈ ലോകകപ്പിൽ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. രോഹിത് – ലോകേഷ് രാഹുൽ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് നൽകിയത്. 23.5 ഓവറിൽ 136 റൺസ് ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 78 പന്തിൽ നിന്ന് 57 റൺസെടുത്ത രാഹുൽ വഹാബ് റിയാസിന്റെ പന്തിലാണ് പുറത്തായത്.

പിന്നീട് ക്രീസിൽ ഒന്നിച്ച രോഹിത് – കോലി കൂട്ടുകെട്ട് 98 റൺസ് ഇന്ത്യൻ സ്കോറിലേക്ക് ചേർത്തു. 39-ാം ഓവറിൽ രോഹിത് പുറത്തായ ശേഷം എത്തിയ ഹാർദിക് പാണ്ഡ്യ 19 പന്തിൽ നിന്ന് 26 റൺസെടുത്ത് പുറത്തായി. ധോനിക്ക് വെറും ഒരു റണ്ണെടുക്കാനേ സാധിച്ചുള്ളൂ.

ഇതിനിടെ മത്സരത്തിൽ 57 റൺസ് നേടിയതോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 11,000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടം സച്ചിനെ മറികടന്ന് കോലി സ്വന്തമാക്കി. 222 ഇന്നിങ്സുകളിൽ നിന്നാണ് കോലി ഈ നേട്ടം പിന്നിട്ടത്. സച്ചിന് 11,000 റൺസ് തികയ്ക്കാൻ 276 ഇന്നിങ്സുകൾ വേണ്ടിവന്നിരുന്നു. ഈ നേട്ടം പിന്നിടുന്ന എട്ടാമത്തെ താരവും മൂന്നാമത്തെ ഇന്ത്യൻ താരവുമാണ് കോലി. 18,426 റൺസെടുത്ത സച്ചിൻ തെണ്ടുൽക്കറും 11,363 റൺസുമായി സൗരവ് ഗാംഗുലിയുമാണ് കോലിക്ക് മുന്നിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us