ബെംഗളൂരു : സുരേഷ് കല്ലട എന്ന ട്രാവൽസിൽ തിരുവനന്തപുരത്തു നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവാക്കളെ ജീവനക്കാർ ക്രൂരമായി തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട് ഉള്ള വിഷയത്തിൽ ട്രാവൽസിന് എതിരെയുള്ള പ്രതിഷേധങ്ങൾ കനക്കുന്നു.
മലയാളികളുടെ പ്രധാന ആയുധമായ സോഷ്യൽ മീഡിയയിൽ കൂടി തന്നെയാണ് പ്രധാന പ്രതിഷേധങ്ങൾ നടക്കുന്നത്. ബെംഗളൂരു മലയാളികൾ ഒന്നിച്ച് ചേരുന്ന ഓരോ സോഷ്യൽ മീഡിയ പേജുകളിലും നിരവധി ഹാഷ് ടാഗുകളാണ് ഈ കമ്പനിക്ക് എതിരെ നിറയുന്നത്.
കമ്പനിയുടെ ഫേസ് ബുക്ക് പേജിലെ റേറ്റിംഗ് 24 മണിക്കൂറിൽ മൂക്കുകുത്തി വീണു, നിരവധി പേരാണ് റിവ്യു വിൽ ഈ സർവ്വീസ് ശുപാർശ ചെയ്യില്ല എന്നെഴുതി കുറഞ്ഞ റേറ്റിംഗ് നൽകിയത്.ഇപ്പോൾ റേറ്റിംഗ് നൽകുന്ന ടൂൾ നിർത്തിവച്ച നിലയിലാണ്.
മലയാളികളുടെ ഓൺലൈൻ പ്രതിഷേധത്തിന്റെ രുചി അറിഞ്ഞു കൊണ്ടിരിക്കുന്നത് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് അഗ്രിഗേറ്റ് ആയ “റെഡ് ബസ്”. നിരവധി മലയാളികൾ ഇവരുടെ സോഷ്യൽ മീഡിയ പേജിൽ കയറി പ്രതിഷേധം രേഖപ്പെടുത്തുകയാണ്.സുരേഷ് കല്ലടയെ നിങ്ങളുടെ ബുക്കിംഗ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ റേറ്റിംഗ് കുറവ് നൽകുകയും ഇനി മുതൽ നിങ്ങളുടെ സേവനം ഉപയോഗിക്കില്ല എന്നും വരെ മലയാളികൾ എഴുതുന്നു.
യശ്വന്ത്പുരയിൽ നിന്നും ബാനസവാടിയിലേക്ക് മാറ്റിയ കണ്ണൂർ എക്സ്പ്രസ് തിരിച്ചു കൊണ്ടു വരുന്നതിൽ മലയാളി കൂട്ടായ്മയുടെ പ്രതിഷേധം ഫലം കണ്ടിരുന്നു, അതു കൊണ്ടു തന്നെ ബെംഗളൂരു മലയാളികളുടെ ഇടയിൽ ഇതുവരെ കാണാത്ത ഒരു ഐക്യം രൂപപ്പെട്ടിട്ടുണ്ട് എന്ന് വേണം മനസ്സിലാക്കാൻ.
അതേ സമയം ചില മലയാളി ഗ്രൂപ്പുകൾ ബസ് കമ്പനിയുടെ ചെയ്തികളെ അനുകൂലിച്ചു മുന്നോട്ട് വന്നത് ആശ്ചര്യകരമായ നടപടിയായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.