ന്യൂഡല്‍ഹി : ജമ്മുകശ്മീരിലെ നൗഷേരയിൽ വ്യോമ അതിർത്തി ലംഘിച്ച് 3 പാക് വിമാനങ്ങൾ. വിമാനങ്ങൾ നിയന്ത്രണരേഖയ്ക്കടുത്ത് ബോംബുകൾ വർഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ സൈന്യം വിമാനങ്ങൾക്കു നേരെ വെടിവച്ചു.
രാവിലെ 11 മണിയോടെയാണ് പാക് വിമാനങ്ങൾ അതിർത്തി ലംഘിച്ച് പറന്നെത്തിയത്. എഫ് 16 യുദ്ധവിമാനങ്ങളാണ് പറന്നെത്തിയതെന്ന് വ്യക്തമായി. രജൗരിയിലെ സൈനിക പോസ്റ്റിന് വിമാനങ്ങൾ ബോംബ് വർഷിച്ചു. ഇന്ത്യ ഉടൻ തിരിച്ചടിച്ചു.
മൂന്ന് യുദ്ധവിമാനങ്ങളാണ് അതിർത്തി കടന്ന് പറന്നെത്തിയത്. ഇതിൽ ഒരു വിമാനത്തെ ഇന്ത്യ വെടിവച്ചിട്ടു. നൗഷേരയിലെ ലാം താഴ്വരയിലാണ് വിമാനങ്ങളെത്തിയത്. അതിർത്തിയ്ക്ക് മൂന്ന് കിലോമീറ്റർ ഇപ്പുറത്തേക്ക് എത്തിയ വിമാനങ്ങൾക്ക് നേരെ ഇന്ത്യ തുടർച്ചയായി വെടിവച്ചു.
അതിർത്തിരേഖയ്ക്ക് അപ്പുറത്താണ് പാക് വിമാനം തകർന്ന് വീണത്. വിമാനം തകർന്ന് വീണതിന് പിന്നാലെ പൈലറ്റ് പാരച്യൂട്ടിൽ പറന്നിറങ്ങുന്നത് കണ്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പാക് പൈലറ്റിന് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല.
രജൗരി സൈനിക പോസ്റ്റിന് സമീപത്ത് ഉണ്ടായ ആക്രമണത്തിൽ ആളപായമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
നിയന്ത്രണരേഖയിൽ ആക്രമണം നടത്തിയതായി പാകിസ്ഥാനും സ്ഥിരീകരിച്ചു. അതിർത്തി കടന്ന് പറന്ന രണ്ട് വിമാനങ്ങൾ വെടിവച്ചിട്ടതായും പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെടുന്നു. ഒരു ഇന്ത്യൻ പൈലറ്റിനെ കസ്റ്റഡിയിലെടുത്തതായും പാക് സൈനിക വക്താവ് അവകാശപ്പെട്ടു.
ഇന്ത്യൻ വ്യോമമേഖലയിൽ തുടർച്ചയായി ആക്രമണങ്ങൾ നടന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചു. അനിശ്ചിതകാലത്തേക്ക് ലേ, ജമ്മു, ശ്രീനഗർ, പത്താൻ കോട്ട് എന്നീ നാല് വിമാനത്താവളങ്ങളും തുറന്ന് പ്രവർത്തിക്കില്ല. ഈ വിമാനത്താവളങ്ങൾക്ക് ചുറ്റും അതീവ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു.
ഇവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ വഴി തിരിച്ച് വിടുകയാണ് ഇപ്പോൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.