ജോലി സമ്മര്‍ദ്ദവും ശമ്പളസഞ്ചിയുടെ കനവും ഐടി ജീവനക്കാര്‍ക്കിടയില്‍ നടത്തിയ പഠനം

ബെംഗളുരു പോലുള്ള വന്‍നഗരങ്ങളിലെ സാമൂഹികഘടനയും ജീവിതക്രമവും മാറ്റിമറിച്ചതില്‍ ഐടിയ്ക്കും ഐടി അനുബന്ധസേവനങ്ങള്‍ക്കും ഗണ്യമായ പങ്കുണ്ട്. അതുവരെയുണ്ടായിരുന്നതില്‍ നിന്നും തികച്ചും വിഭിന്നമായ ഒരു തൊഴില്‍സംസ്‌കാരമാണ് ഐടിയില്‍ നിന്ന് ഉരുത്തിരിഞ്ഞത്. കടുത്ത മാനസികസമ്മര്‍ദ്ദം, നിരന്തരം കംപ്യൂട്ടറുകളിലൂടെ പ്രോജക്ട് ആശയങ്ങളുമായി മല്ലിടുന്ന ഐടിജോലിയുടെ കൂടെപ്പിറപ്പാണ്. ഐടി സേവനങ്ങളേറെയും വികസിത വിദേശരാജ്യങ്ങള്‍ക്ക് വേണ്ടിയാകയാല്‍ അവര്‍ക്ക് അനുയോജ്യമായ സമയത്ത് ഇന്ത്യയിലെ ഐടിക്കാര്‍ പണിയെടുക്കേണ്ടിവരുന്നു. അസമയത്ത് ആരംഭിച്ച് അസമയത്ത് അവസാനിക്കുന്ന തൊഴില്‍സമ്പ്രദായമാണ് നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മിക്ക ഐടി സ്ഥാപനങ്ങളിലുമുള്ളത്.

രാത്രിജോലി ഐടി സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ താളക്രമമനുസരിച്ച് ചലിക്കാന്‍ ഐടി ജീവനക്കാരില്‍ ബഹുഭൂരിപക്ഷത്തിനും സാധിക്കാറില്ല. കുടുംബജീവിതം താളംതെറ്റാന്‍ ഇതു കാരണമാവുന്നു എന്നതുമാത്രമല്ല, ഗുരുതരമായ ചില പ്രശ്‌നങ്ങള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും വഴിവെക്കുകയും ചെയ്യുന്നു. സാധാരണ ഫാക്ടറികളിലും മറ്റും ഒരു തൊഴിലാളി ശരാശരി നാല്‍പ്പത് വര്‍ഷം ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും പണിയെടുക്കുമ്പോള്‍ ഐടി ജീവനക്കാര്‍ പത്തുവര്‍ഷം തുടര്‍ച്ചയായി ജോലിചെയ്താല്‍ തന്നെ പ്രശ്‌നസങ്കീര്‍ണ്ണമായ അവസ്ഥയില്‍ എത്തിച്ചേരുന്നതായാണ് കണ്ടുവരുന്നത്.

കടുത്ത മാനസികപിരിമുറുക്കം നിമിത്തം ഐടിജോലിയും, നഗരജീവിതം തന്നെയും ഉപേക്ഷിച്ച് ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകുന്നവരുമുണ്ട്.
ഇതൊക്കെയാണെങ്കിലും യുവജനങ്ങള്‍ ഐടിമേഖലയിലേക്ക് തള്ളിക്കയറുകയാണ്. ഐടിവ്യവസായമാകട്ടെ അനുദിനം വളര്‍ന്നു പന്തലിക്കുകയും ചെയ്യുന്നു. കേരളത്തില്‍ കൊച്ചിയ്ക്ക് പുറമെ തിരുവനന്തപുരവും കോഴിക്കോടും ഐടിയുടെ സ്വാധീനത്തിലായിക്കൊണ്ടിരിക്കുന്നു .കോളേജുകളില്‍ ഐടി കോഴ്‌സുകള്‍ പഠിക്കാന്‍ താല്‍പര്യപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ സംഖ്യയും വര്‍ധിക്കുകയാണ് .

മുമ്പൊക്കെ ഡോക്ടറോ എന്‍ജിനീയറോ ആകാനാണ് പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ ആഗ്രഹിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ബഹുഭൂരിപക്ഷവും ലക്ഷ്യമിടുന്നത് സോഫ്റ്റ് വെയര്‍ പ്രൊഫഷനാണ് .ഒരു ജോലി എന്നതിനപ്പുറം ,സാഹചര്യം ഒത്തുവന്നാല്‍ സ്വന്തമായി ഒരു ബിസിനസ് സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കാന്‍ ഐടിമേഖലയില്‍ സാധിക്കുമെന്ന് കരുതുന്ന വിദ്യാര്‍ത്ഥികള്‍ ഏറെയാണ് .ഐടിജോലി സമ്മര്‍ദ്ദമേറിയതും കുടുംബജീവിതത്തിന്റെ താളംതെറ്റിക്കുന്നതുമാണെന്ന ധാരണ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഐടിയിലേക്ക് യുവജനങ്ങളുടെ തള്ളിക്കയറ്റമുണ്ടാകുന്നത് എന്നത് വിരോധാഭാസമായിത്തോന്നാം .
പഠനത്തിലെ കണ്ടെത്തലുകള്‍
പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഈയ്യിടെ ബെംഗളൂരുവിലെ ഐടി ജീവനക്കാര്‍ക്കിടയില്‍ സമഗ്രമായ ഒരു പഠനം നടത്തിയിരുന്നു.

ഐടിജോലിയുടെ ഗുണദോഷങ്ങള്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. പുതുതായി ചേര്‍ന്നവര്‍, ടീം ലീഡര്‍മാര്‍, പ്രോജക്റ്റ് മാനേജര്‍മാര്‍ എന്നിങ്ങനെ വിവിധ വിഭാഗത്തില്‍പെടുന്ന, ഇരുപത്തിരണ്ടു മുതല്‍ അമ്പത്താറു വയസ്സുവരെ പ്രായമുള്ള ആയിരത്തിപതിനേഴ് ഐടി ജീവനക്കാരെയാണ് പഠനത്തിന് വിധേയമാക്കിയത് .മുപ്പത്തിയഞ്ചുപേരെ സുദീര്‍ഘമായി ഇന്റര്‍ വ്യൂ ചെയ്തു .ജോലിസമയം, സമ്മര്‍ദ്ദം, യാത്ര, സാമൂഹികജീവിതം, വരുമാനം, ജോലിയിലുള്ള സ്വാതന്ത്ര്യം ,ജോലിസ്ഥലത്തെ പീഡനം ,കുടുംബജീവിതം തുടങ്ങിയ കാര്യങ്ങളെല്ലാം പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഐടിജോലി കടുത്ത മാനസിക സമ്മര്‍ദ്ദം ഉള്ളതാണെന്ന് ഏതാണ്ടെല്ലാവരും സമ്മതിക്കുന്നു. അറുപത്തിനാല് ശതമാനം പേര്‍ ദിവസവും എട്ടുമണിക്കൂര്‍ പണിയെടുക്കുന്നവരാണ്. ആഴ്ചയില്‍ ഏറ്റവും കുറഞ്ഞത് നാല്‍പ്പതു മണിക്കൂര്‍ പണിയെടുക്കുന്നവരാണ് അറുപത്തിയാറു ശതമാനം പേരും. എക്‌സികുട്ടീവുകളില്‍ അമ്പത്തിമൂന്ന് ശതമാനം വാരാന്ത്യത്തിലും ജോലിചെയ്യുന്നുണ്ട് .കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് വിധേയമാകുന്നുണ്ടെങ്കിലും ആ കാരണത്താല്‍ ജോലി ഉപേക്ഷിക്കാനൊന്നും ആരും തയ്യാറല്ല എന്നുള്ളതാണ് പഠനത്തില്‍ കണ്ടത്തിയ ഏറ്റവും പ്രധാനപ്പെട്ട കാര്യം .ഉയര്‍ന്ന ജീവിതനിലവാരം സാധ്യമാക്കുന്ന മെച്ചപ്പെട്ട വേതനവും ആകര്‍ഷകമായ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ് സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചുകൊണ്ട് ഈ പ്രൊഫഷനില്‍ തുടരാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതെന്ന് പഠനറിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

നാല്‍പ്പത് ശതമാനം ജീവനക്കാര്‍ ഭേദപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നവരാണ് .മുപ്പത്തഞ്ചു ശതമാനത്തിന് വേതനം കുറവാണ് .വിദ്യാഭ്യാസയോഗ്യതയുടെ പരിമിതി ,ജോലിയില്‍ പരിചയമില്ലായ്മ ,സാമര്‍ത്ഥ്യകുറവ് ,സ്ഥാപനത്തിന്റെ നിലവാരമില്ലായ്മ തുടങ്ങിയതാണ് അതിനു കാരണമെന്ന് റിപ്പോര്‍ട്ട് സ്ഥാപിക്കുന്നു .പ്രവൃത്തിപരിചയം നേടി മികച്ച സ്ഥാപനത്തിലേക്ക് കയറിക്കൂടാമെന്ന ശുഭാപ്തി വിശ്വാസമാണ് ഇവരെ നയിക്കുന്നത് .ഇരുപത്തിയഞ്ചു ശതമാനം ജീവനക്കാര്‍ ഉയര്‍ന്ന വേതനം പറ്റുന്നവരും ആഡംബരജീവിതം നയിക്കുന്നവരുമാണ് .ഇവര്‍ പണിയെടുക്കുന്നത് പ്രമുഖ ബഹുരാഷ്ട്ര സ്ഥാപനങ്ങളിലാണ് താനും.
ഐടിജീവനക്കാരുടെ ജോലിസംബന്ധമായ ഉത്തരവാദിത്തവും മാനസിക പിരിമുറുക്കവും ഓഫിസ് സമയം കഴിയുന്നതോടെ അവസാനിക്കുന്നില്ല .ഓഫിസ് വിട്ടാലും മൊബൈല്‍ഫോണിലൂടെയും ലാപ്‌ടോപ്പിലൂടെയും ജോലിഭാരം അവരെ പിന്തുടരുന്നു .

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും മാനസികമായി ഫ്രീ ആകുന്നില്ല .അവരുടെ ശരീരം മാത്രമെ വീട്ടിലുണ്ടാകൂ .മനസ്സും ചിന്തകളും മറ്റൊരു ലോകത്തായിരിക്കും .പണവും അതുവഴി ലഭ്യമാകുന്ന ജീവിത സൗകര്യങ്ങളും പ്രദാനം ചെയ്യുന്ന സംതൃപ്തിയില്‍ ഐടി ജീവനക്കാര്‍ ജോലിയിലെ സമ്മര്‍ദ്ദങ്ങളെ മറികടക്കുകയാണെന്ന് പഠനം ചൂണ്ടികാട്ടുന്നു .ശ്രദ്ധേയമായ ഈ പഠന റിപ്പോര്‍ട്ട് ‘ഇന്ത്യന്‍ ജേണല്‍ ഓഫ് ഒക്യൂപ്പേഷണല്‍ ആന്‍ഡ് എന്‍വയോമെന്റല്‍ മെഡിസിന്‍’ ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us