ന്യൂഡല്‍ഹി: അലോക് വര്‍മ്മ വീണ്ടും പുറത്ത്. സുപ്രീം കോടതി അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ ആയി നിയമിച്ചതിനു പിന്നാലെയാണ് സെലക്ഷന് കമ്മിറ്റി അദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കിയത്. വീണ്ടും ചുമതലയേറ്റ് 36 മണിക്കൂറിനുള്ളിലാണ് അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനം നഷ്ടപ്പെട്ടത്.
നാഗേശ്വര റാവു പുതിയ സിബിഐ ഇടക്കാല ഡയറക്ടറായി നാഗേശ്വര റാവു ഇന്നലെ രാത്രിതന്നെ ചുമതലയേറ്റിരുന്നു. അലോക് വര്‍മ്മയെ ഡയറക്ടര്‍ ഫയര്‍ സര്‍വ്വീസസ് ആന്റ് ഹോം ഗാര്‍ഡ്സ് ആയാണ് മാറ്റം.
സെലക്ഷന് കമ്മിറ്റി യോഗത്തില്‍ അലോക് വര്‍മ്മയുടെ ഭാഗം കേട്ട ശേഷമേ തീരുമാനം പാടുള്ളു എന്ന് മല്ലികാര്‍ജ്ജുന ഖര്‍ഗെ വാദിച്ചു. അലോക് വര്‍മ്മയെ ഉടന്‍ മാറ്റണമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനോട് ജസ്റ്റിസ് എ കെ സിക്രിയും യോജിച്ചു. ഇതോടെ ഖര്‍ഗെയുടെ വിജയോജനക്കുറിപ്പ് എഴുതി വാങ്ങി തീരുമാനം കൈക്കൊള്ളുകയായിരുന്നു.
സെലക്ഷന് കമ്മിറ്റി യോഗം തുടരുമ്പോള്‍ തന്നെ അലോക് വര്‍മ്മ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെയുള്ള കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചിരുന്നു. ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവു വീണ്ടും ഈ ഉത്തരവുകള്‍ റദ്ദാക്കാനാണ് സാധ്യത. രാകേഷ് അസ്താനയ്ക്കെതിരായ കേസില്‍ ഡല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയുന്നതിനു തൊട്ടുമുമ്പാണ് അലോക് വര്‍മ്മയക്ക് സ്ഥാനം നഷ്ടമായത്.
രണ്ടു ദിവസം മുമ്പ് സുപ്രീം കോടതിയില്‍ നിന്ന് കനത്ത പ്രഹരമേറ്റ സര്‍ക്കാര്‍ ഒരു സുപ്രീംകോടതി ജഡ്ജിയുടെ പിന്തുണ ഉറപ്പാക്കി തിരിച്ചടിച്ചിരിക്കുകയാണ്. അതേസമയം സിബിഐ തലപ്പത്തെ മാറ്റത്തോട് കോണ്‍ഗ്രസ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. സിബിഐ ഡയറക്ടറെ മാറ്റി സ്വന്തം ഇഷ്ടക്കാരനെ അവിടെ നിയമിക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിക്കുന്ന ഭയം എന്താണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ആനന്ദ് ശര്‍മ്മ ചോദിച്ചു. പ്രധാനമന്ത്രിയെ നയിക്കുന്നത് ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി അലോക് വര്‍മ്മയെ സിബിഐ തലപ്പത്ത് വീണ്ടും നിയമിച്ചെങ്കിലും അദ്ദേഹത്തിനെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ (സി.വി.സി) അന്വേഷണം കഴിയുന്നതു വരെ പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും നടപ്പിലാക്കരുതെന്ന് കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു.
സി.ബി.ഐ സ്പെഷ്യല്‍ ഡയരക്ടറും നരേന്ദ്ര മോദിയുടെ അടുപ്പക്കാരുനുമായ രാകേഷ് ആസ്താനയ്ക്കെതിരെ അലോക് വര്‍മ്മ അഴിമതിക്കേസില്‍ നടപടി എടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരെയും താല്കാലികമായി സിബിഐയില്‍ നിന്നും മാറ്റി നിര്‍ത്തിയത്.
മോയിന്‍ ഖുറേഷി എന്ന വ്യവസായിയില്‍ നിന്നും 5 കോടി രൂപ വാങ്ങി എന്നായിരുന്നു രാകേഷ് ആസ്താനയ്ക്കെതിരെയുള്ള പരാതി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.