കൊച്ചി: യഥാര്‍ഥ ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം യുവതികളുടെ മൗലികാവകാശങ്ങള്‍ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഉണ്ടെന്ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ. സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശബരിമലയിലെ ആചാരങ്ങളില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ഇടപെടുകയും ആചാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.
ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ല. ഇനി ഇടപെടുകയുമില്ല. ആചാരങ്ങളില്‍ ഇടപെടാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടില്ല. അതേസമയം സുരക്ഷ പ്രധാനമാണ്. അതുകൊണ്ടു തന്നെ അതിനുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തും. അത് മാത്രമാണ് ഇതുവരെ ചെയ്തിട്ടുള്ളതെന്നും തീവ്രസ്വഭാവമുള്ള സംഘടനകളുടെ ഇടപെടലുണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് കനത്ത സുരക്ഷയൊരുക്കിയതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
അതിനിടെ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നിലവില്‍ വിലക്കില്ലെന്നും അതിനാല്‍ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും, അത് പ്രത്യേക സാഹചര്യത്തിലുള്ള നിയന്ത്രണമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്. ഇനി അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഹര്‍ജിക്കാരന് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
ശബരിമല ആക്രമണത്തില്‍ അറസ്റ്റിലായ ശൈനേഷ് എന്നയാളുടെ ജാമ്യ ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട മറ്റ് നാല് ഹര്‍ജികള്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.