“അന്വേഷണകമ്മീഷൻ എന്നിൽ നിന്ന് മൊഴിയെടുത്തിട്ടും ചില മുതിർന്ന നേതാക്കൾ എന്നോട് പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തി”;ഷൊറണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ പരാതിക്കാരിയായ യുവതി തെളിവ് സഹിതം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രണ്ടാമത് വീണ്ടും അയച്ച കത്തിന്‍റെ പൂര്‍ണരൂപം.

ഷൊറണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ പരാതിക്കാരിയായ യുവതി തെളിവ് സഹിതം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രണ്ടാമത് വീണ്ടും അയച്ച കത്തിന്‍റെ പൂര്‍ണരൂപം:

സഖാവേ,

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഷൊറണൂർ എംഎൽഎയുമായ പി.കെ.ശശിയ്ക്കെതിരെ ഞാൻ കേന്ദ്ര, സംസ്ഥാനനേതൃത്വങ്ങൾക്ക് ലൈംഗികപീഡനപരാതി നൽകിയത് കഴിഞ്ഞ ആഗസ്തിലാണ്. ആ പരാതിയിൻമേൽ ഒരു നടപടിയുമുണ്ടായില്ലെന്ന് കാട്ടി ഞാൻ വീണ്ടും അങ്ങേയ്ക്ക് കത്ത് നൽകിയിരുന്നു. താങ്കളുടെ ഇടപെടൽ കൊണ്ടാണ്, അങ്ങനെയൊരു പരാതിയുണ്ടെന്ന് സംസ്ഥാന നേതൃത്വം തുറന്നുസമ്മതിച്ചതും, അന്വേഷിയ്ക്കാൻ രണ്ട് കേന്ദ്ര കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തി  ഒരു കമ്മീഷനെ നിയോഗിച്ചതും.

ഈ പരാതിയുമായി ബന്ധപ്പെട്ട് എന്നിൽ നിന്നും, മറ്റുള്ളവരിൽ നിന്നും അന്വേഷണകമ്മീഷൻ അംഗങ്ങൾ മൊഴിയെടുത്തിട്ടും, ഇതുവരെ തുടർനടപടികളൊന്നുമുണ്ടായിട്ടില്ല. മാത്രമല്ല, ഈയടുത്ത കാലത്തുണ്ടായ ചില സംഭവങ്ങൾ, ഈ അന്വേഷണത്തിന്‍റെ നിഷ്പക്ഷതയിൽ സംശയം ജനിപ്പിയ്ക്കുന്നതും, പാർട്ടി നേതൃത്വത്തിന്‍റെ വിശ്വാസ്യതയിൽ സംശയം ജനിപ്പിയ്ക്കുന്നതുമാണ്.

അന്വേഷണകമ്മീഷൻ എന്നിൽ നിന്ന് മൊഴിയെടുത്തിട്ടും ചില മുതിർന്ന നേതാക്കൾ എന്നോട് പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തി. കെജിഒഎ സെക്രട്ടറി നാസറുൾപ്പടെയാണ് എന്നോട് പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടത്. അങ്ങനെ ചെയ്താൽ അതിനുള്ള ഗുണഫലങ്ങളുണ്ടാകുമെന്നാണ് അവരെന്നോട് പറഞ്ഞത്.

ഈ പരാതി കിട്ടിയെന്ന് സിപിഎം കേന്ദ്രനേതൃത്വം സ്ഥിരീകരിച്ച ദിവസം തന്നെ, പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ചേർന്നിരുന്നു. അതിന് അധ്യക്ഷത വഹിച്ചത് സഖാവ് ശശി തന്നെയാണ്! സെപ്റ്റംബർ 7-ന് ചെർപ്പുളശ്ശേരി ടൗണിൽ പി.കെ.ശശിയ്ക്ക് ഒരു സ്വീകരണം ഒരുക്കിയിരുന്നു. മുതിർന്ന നേതാക്കൾ പൂമാലകളുമായാണ് ശശിയെ സ്വീകരിച്ചത്. മാത്രമല്ല, അന്നേ ദിവസം അന്വേഷണകമ്മീഷൻ അംഗമായ എ.കെ.ബാലൻ സ്വന്തം വീട്ടിൽ വച്ച് പി.കെ.ശശിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വാർത്താറിപ്പോർട്ടുകൾ കൂടി പുറത്തുവന്നത് എന്‍റെ സംശയും കൂട്ടുകയാണ്. രണ്ടരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു നിന്നു എന്നായിരുന്നു റിപ്പോർട്ട്.

പാലക്കാട്ടെ സ്വീകരണത്തിന് മുന്നോടിയായി വഴി നീളെ ഫ്ലക്സ് ബോർഡുകളിൽ പി.കെ.ശശിയുടെ ചിത്രങ്ങളായിരുന്നു. അതിൽ ഒപ്പമുണ്ടായിരുന്നതാകട്ടെ, അന്വേഷണകമ്മീഷൻ അംഗം എ.കെ.ബാലനും പാലക്കാട് ജില്ലാ കമ്മിറ്റി സെക്രട്ടറിയും. ഹൃദയഭേദകമായിരുന്നു ആ കാഴ്ച.

പാർട്ടിയിൽ നിന്ന് വിലക്കേർപ്പെടുത്തിയ ഒരാളായിട്ടുപോലും എല്ലാ പൊതുപരിപാടികളിലും പി.കെ.ശശി പങ്കെടുത്തു. ആരും അദ്ദേഹത്തെ തടഞ്ഞില്ല. ഇപ്പോൾ നവംബർ 21-ന് തുടങ്ങാനിരിക്കുന്ന നാല് ദിവസത്തെ പാർട്ടി ജാഥകളുടെ ക്യാപ്റ്റനായി തെരഞ്ഞെടുത്തിരിക്കുന്നതും പി.കെ.ശശിയെത്തന്നെയാണ്.

പലയിടത്തു നിന്നുമുള്ള സഖാക്കൾ ഇതിനെതിരെ എതിർപ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതിനെല്ലാം പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഞാൻ സംശയിക്കുകയാണ്. അന്വേഷണകമ്മീഷൻ റിപ്പോർട്ട് വൈകിക്കാനുള്ള ബോധപൂർവമായ ശ്രമമുണ്ടെന്നും ഞാൻ സംശയിക്കുന്നു. ഇത് നമ്മുടെ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതാണ്.

അന്വേഷണകമ്മീഷൻ റിപ്പോർട്ട് പുറത്തുവരുന്നത് എനിയ്ക്ക് നീതി ഉറപ്പാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്. പൊതുജനത്തിന് പാർട്ടിയിലുള്ള വിശ്വാസം ശക്തിപ്പെടുത്താൻ മാത്രമേ ഇത് ഉപകരിക്കൂ. താങ്കളുടെ ഇടപെടൽ പ്രതീക്ഷിച്ചുകൊണ്ട്,

വിപ്ലവാഭിവാദ്യങ്ങളോടെ,

പി. എസ്: ശശിയുടെ തന്നെ ഓഡിയോ സംഭാഷണം ഇതോടൊപ്പം ചേർക്കുന്നു. കാര്യങ്ങളെല്ലാം ഇതിൽ നിന്ന് തന്നെ വ്യക്തമാകുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us