തിരുവനന്തപുരം: കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ വ്യാജപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്.
മരിച്ചയാള്‍ നിലയ്ക്കല്‍ ഉണ്ടായ പൊലീസ് നടപടിയെ തുടര്‍ന്നാണ് മരിച്ചതെന്ന നിലയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് ഒരു അടിസ്ഥാനവുമില്ല. മറിച്ചുള്ള പ്രചരണങ്ങള്‍ സമൂഹത്തില്‍ കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്നും കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.
നിലയ്ക്കല്‍ ഉണ്ടായ പൊലീസ് നടപടിയിലാണ് ഇയാള്‍ മരിച്ചതെന്നാണ് പ്രചരണം. എന്നാല്‍ ഇയാളുടെ മൃതദേഹവും വാഹനവും കണ്ടെത്തിയത് ളാഹയിലാണ്. മാത്രമല്ല 19 ന് ഇയാള്‍ ശബരിമല ദര്‍ശനത്തിന് ശേഷം വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ 17 -ാം തിയതി നിലയ്ക്കലെ പൊലീസ് നടപടികള്‍ അവസാനിച്ചിരുന്നു.
അതിന് ശേഷമാണ് മരണം നടന്നത്. എന്നാല്‍ കേരളാ പൊലീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ പൊലീസ് നടപടിയെ തുടര്‍ന്നാണ് മരണം എന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ മുന്നറിയിപ്പ് ഉണ്ട്. അയ്യപ്പ ഭക്തന് മരിച്ചത് പൊലീസ് നടപടിയെ തുടര്‍ന്നാണെന്ന് ആരോപിച്ച് ബിജെപി ഇന്ന് പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.