കാടിനുള്ളിലൂടൊരുദിവസം-ബി.ആര്‍.ഹില്‍സ്

ഒരു രണ്ടു വർഷം പഴക്കമുള്ളയാത്രയായിരുന്നു അത്, ബംഗളൂരുവിൽ നിന്നും ഏകദേശ ദൂരം: 189km

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ് എത്ര ചുരുക്കാൻ ശ്രമിച്ചാലും ഇര വിഴുങ്ങിയ പെരുമ്പാമ്പിനേപ്പോലതു നീണ്ടു നിവർന്നങ്ങനെ കിടക്കും അതുകൊണ്ട് നീളത്തെ ക്ഷമിക്കുക..

വൈകി എണീറ്റ് വൈകി ഭക്ഷണം കഴിച്ച് ഉറങ്ങിത്തീർക്കുന്ന ഞായറുകളിൽ നിന്നും ഉറക്കമില്ലാതെയും ഭക്ഷണo ബിസ്ക്കറ്റിൽ ഒതുങ്ങിയതുമായി, ആഴ്ചയിലെ ഏറ്റവും നീളം കൂടിയ ദിനമായുള്ള ഞായറിന്റെ മാറ്റത്തിനു പിന്നിൽ ഒരേ ഒരു വികാരമേയുള്ളു, യാത്രകൾ! എത്തവണത്തെയും പോലെ യാത്രകളുടെ തലേരാത്രികൾ ഉറക്കം, ഒരു നടക്കാത്ത സ്വപ്നമാണ്. പോകുന്നിടത്തേക്ക് ലക്ഷ്യം, അലക്ഷ്യമായ് പിന്തള്ളി മനസ്സൊരു പട്ടം പോലെ പാറാൻ തുടങ്ങും. പിടിച്ചുകെട്ടി ഒരു പാട്ടൊക്കെ കേൾപ്പിച്ചുറക്കാൻ നോക്കിയാലും വികൃതികുട്ടിയേപ്പോലതു കണ്ണുംമിഴിച്ചു നോക്കിയിരിക്കും.

1:15 AM ന്റെ അലാമുണരുo മുൻപതു ഓഫ് ചെയ്ത്, അത്യാവശ്യ വസ്തുക്കളുമായി ഒരുങ്ങിയിറങ്ങി. യാത്ര തുടങ്ങി ബ്ലാഗ്ലൂരിന്റെ പലയിടങ്ങളിൽ നിന്നുമായി ഓരോരോ ബൈക്കുകളിലായ് സഞ്ചാരികളെത്തി. നഗരത്തിൽ നിന്നും അകലും തോറും ഇരുട്ടിനു കനം വെച്ചു തുടങ്ങി. നൈസ് റോഡും കഴിഞ്ഞ്, പെട്ടെന്ന് വന്നു പൊതിയുന്ന തണുപ്പ് മതി നമ്മൾ കനകപുര ഹൈവെ കയറിയെന്നോർമിപ്പിക്കാൻ. ഇരുട്ടിനു തുളയിട്ട 8 bikeകളുടെ നിര കണ്ടു പലരും എത്തിനോക്കുന്നുണ്ട്, ഇവർക്കൊന്നും ഉറക്കമില്ലേയെന്നു ചോദിച്ചാൽ നമുക്കുമാത്രമല്ല കന്നടികർക്കും കുoഭമാസം ഉത്സവങ്ങളുടെ കാലമാണ്. എങ്ങും തോരണങ്ങളും വെളിച്ചവും കാവടിയും ബൊമ്മയും മേള കൊഴുപ്പുകളും. നാട്ടിലെ നഷ്ടമാകുന്ന ഉത്സവങ്ങളെയോർത്തൊരു നെടുവീർപ്പെട്ടു യാത്ര തുടർന്നു.

കനകാപുരവിട്ടു കൊല്ലഗേലയിലേക്കു കടക്കാൻ തുടങ്ങിയപ്പോഴേക്കും ഇരുട്ടു പതിയെ പിൻവാങ്ങി കൊണ്ടിരുന്നു, എങ്കിലും പ്രതാപം വിടാതെ ചന്ദ്രനുമുണ്ടൊപ്പം. യാത്രകളെ കൊതിപ്പിക്കുന്ന നീളുന്ന വഴികൾ, വഴിയോരം ഇരുവശവും കേരളത്തെ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. വെളുപ്പാൻ കാലത്തിന്റെ കുളിരും മലനിരകളും റോഡിനെ പുതഞ്ഞു നിൽക്കുന്ന മരങ്ങളുo ഒരു വശത്തോരo ചേർന്നൊരു ചെക്ക്ഡാമുമായപ്പോൾ ഇതുവരേക്കുമുള്ള ഈ യാത്രയെ വേർതിരിച്ചു സ്നേഹിക്കാതെ വയ്യ. മനസ്സുകുളിർന്നങ്ങനെ എത്തിചേരുന്നത് ചാമരാജനഗറിലെ വണ്ടികൾ കയറിയിറങ്ങുമ്പോഴൊക്കെയും ആടികുലുങ്ങുന്ന ഒരു പാലത്തിനു മുകളിലേക്കാണ്. തഴേക്കു നോക്കിയാൽ ഉദിച്ചു വരുന്ന ചുവന്ന സൂര്യന്റെ പ്രതിബിoബ മൊഴുകുന്ന ചെറുപുഴയുണ്ട്. വേനൽ പകുതിയും കുടിച്ചു വറ്റിച്ചിരുന്നുവെങ്കിലും, സുന്ദരം.

കന്നട ഗൊത്തുന്ന പ്രഗത്ഭർക്കൊപ്പം വഴി ചോദിച്ചു ചോദിച്ചു മറ്റൊരു പാലത്തിനു മുൻപിലെത്തി. ഒന്നു പാലം കടന്നു മുൻപോട്ട് ബന്ദീപൂർ വഴി, മറ്റൊന്നാണ് നമ്മുടെ ലക്ഷ്യസ്ഥാനത്തിലേക്ക് നീളുന്നത്.ഇവിടെ വഴിത്തെറ്റി സഞ്ചാരിയുടെ ഒരു കൂട്ടർ പുതുവഴികൾ തേടി പോയത് ചെറു ചരിത്രം. ഗ്രാമത്തിലൂടെയുള്ള യാത്ര മനോഹരമായിരുന്നു. ഇരുവശത്തുമായ് കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ, നിറഞ്ഞുനില്ക്കുന്ന ചോളത്തൈകൾ. വഴിത്തെറ്റിയവർക്കായുള്ള കാത്തുനിൽപ്പിനിടയിൽ ഒരാൺമയിൽ പീലി വിടർത്തിയാടുന്നുണ്ടായിരുന്നു, കാടിന്റെ വരവറിയിച്ച്.

ഗ്രാമം കടന്നെത്തുന്നതൊരു ചെക്ക് പോസ്റ്റിലേക്കാണ്. ചെറു നിരാശയോടെ വിവരങ്ങൾ കൊടുത്ത് യാത്ര തുടരുക മാത്രമാണ്, സഫാരി നിരോധിച്ചെന്നറിഞ്ഞപ്പോൾ ഞങ്ങൾക്കാകെ ചെയ്യാനുണ്ടായിരുന്നത്.

എലന്തൂരിലെ (ചാമാരാജനഗർ ജില്ല) BR hills എന്നു ചുരുക്കപേരിൽ വിളിക്കപെടുന്ന വന്യമൃഗസംരക്ഷണകേന്ദ്രം കർണ്ണാടകയിലെ എല്ലാ വിനോദ സഞ്ചാര സ്ഥലങ്ങളും പോലെ തന്നെ ഒരമ്പലത്തെ ചുറ്റിയുള്ളതാണ്. 322 sq. km. ആയി 1974 ൽ മലമുകളിലെ അമ്പലത്തിനു ചുറ്റും ഉണ്ടാക്കിയെടുത്ത വന്യമൃഗസംരക്ഷണ കേന്ദ്രം പിന്നീട് 539 Sq.km വിസ്തൃതമാക്കുകയാണുണ്ടായത്. എണ്ണപ്പെട്ട ഒരു Tiger reserve കൂടിയായ BR hills, Biliranganatha swamy temple wildlife Sanctury അഥവാ BRT wildlife Sanctury എന്നും അറിയ പെടുന്നു. ഇവിടങ്ങളിൽ കാണപ്പെടുന്ന വെളുത്ത പാറ കെട്ടുകളാണ് ബിലിഗിരി എന്ന പേരിനു പിന്നിൽ. പശ്ചിമഘട്ടത്തിന്റെ കിഴക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന BR hills സത്യമംഗലം കാടുമായി തമിഴ്നാടിന്റെ അതിർത്ഥി പങ്കിടുന്നു.

പശ്ചിമഘട്ടത്തിന്റെ സ്വഭാവo എല്ലാത്തരം ജീവജാലങ്ങളേയും ഉൾകൊള്ളുവാൻ BR hillsനെ പ്രാപ്തമാക്കിയിട്ടുണ്ട്. കാടിനുള്ളിലൂടെയുള്ള യാത്രയിലുടനീളം ക്യാമറ കയ്യിലെടുത്തു ഇരുവശങ്ങളിലേക്കുമായി കണ്ണുകളെ പായിച്ചു കൊണ്ടേയിരുന്നു, ഉയരമുള്ള മരങ്ങളിലേക്കും അവിടെ നിന്നും വലിയ വലിയ പാമ്പിൻ പുറ്റു കളിലേക്കുമൊക്കെയായി അത് തുടർന്നുവെങ്കിലും ശോചനീയമായിരുന്നു അവസ്ഥ. റോഡരുകെങ്കിലും വേനലിൽ ദാഹം തീർക്കാനായ് ചെറുകുളത്തിനരികെയുണ്ടായിരുന്ന മാൻ കൂട്ടമാണാകെ ആശ്വാസമായത്. പക്ഷി വൈവിധ്യം കൊണ്ടുo സമ്പന്നമാണ് ഇവിടം.

അമ്പലത്തിലേക്കു പോകും ചെമ്മൺ പാതയിൽ മെറ്റൽ വിരിച്ചു കൊണ്ടിരുന്നത് ചെറുതായല്ല കയറ്റം ദുസ്സഹമാക്കിയത്. എങ്കിലും ഉയരകാഴ്ച മനോഹരമാണ്, അറ്റം മലനിരകളും ഒപ്പം ചേർന്ന താഴ്വാരവുമൊക്കെയായി.

കെ.ഗുഡിയാണ് അടുത്ത സവാരിയുടെ ലക്ഷ്യസ്ഥാനം. 18 km നീണ്ട റോഡ്, കാടിനു നടുവിലൂടെ , ഒരു വശo കൊക്കയും മറുവശം മലയും. വെയിലു മൂത്തു വരുന്നുണ്ടായിരുന്നു. കാട്ടാന യെ പ്രതീക്ഷിച്ച ഞങ്ങൾക്കു മുൻപിൽ ആന പിണ്ഡങ്ങൾ കൊഞ്ഞനംകുത്തി കൊണ്ടിരുന്നു. പിന്നീട് Jungle lodge ന്റെ ചങ്ങലക്കുള്ളിലെ രണ്ടാനകളേയും ഒപ്പം കണ്ടു തൃപ്തിയടഞ്ഞു മടക്കമാരംഭിച്ചു.

സുര്യ ഭാരതി.

ചെറിയ ഓഫ് റോഡുമായി തിരികെ എലന്തൂരും കടന്ന് കനകപുരവിട്ട് ബാംഗ്ലൂരിന്റെ തിരക്കുകളിലേക്ക്.

415 km ! ഒരു ദിവസം! പക്ഷെ എന്നെ വിശ്വസിക്കൂ മഴ പെയ്യുമ്പോൾ കാടിന്റെ പുതുമഴഗന്ധം തേടി നാമിനിയും പോകുo.

(ഹിന്ദുസ്ഥാന്‍ എയറനോട്ടിക്കല്‍ ലിമിറ്റെഡിലെ ജീവനക്കാരിയാണ് ലേഖിക)

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us