സ്വയംഭോഗം പാപമാണോ?അത് ചെയ്യുന്നത് മൂലം വന്ധ്യതയും,മാനസിക പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യത ഉണ്ടോ ? ഇന്‍ഫോ ക്ലിനിക്‌ വ്യക്തമാക്കുന്നു.

സ്വയംഭോഗം പാപമാണെന്നും, അത് ചെയ്യുന്നത് മൂലം വന്ധ്യതയും, മാനസിക പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഒരു മെഡിക്കൽ കോളേജ് അദ്ധ്യാപകൻ ആത്മീയത പ്രചരിപ്പിക്കുന്ന ചാനലിൽ പറയുന്ന വീഡിയോ കണ്ടു. സ്വയംഭോഗവുമായി ബന്ധപ്പെട്ട മിഥ്യാധാരണകൾ ഊട്ടിയുറപ്പിക്കുന്നതും, ആധികാരികത തോന്നിപ്പിക്കുന്നതുമാണ് പ്രസ്തുത വീഡിയോ.
പല മത വിശ്വാസങ്ങളും , സാമൂഹിക കാഴ്ചപ്പാടുകളും ഈ വിഷയത്തെ സംബന്ധിച്ച അബദ്ധ ധാരണകൾ പടരാൻ കാരണമായിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിനു ഈ വിഷയത്തിലുള്ള കാഴ്ചപ്പാട് എന്താണെന്നു പറയാൻ ഇതു തന്നെയാണ് ഉചിതമായ സമയം.

എന്താണ് സ്വയംഭോഗം ?

ഒരു വ്യക്തി തന്‍റെ തന്നെ ലൈംഗിക അവയവങ്ങള്‍ സ്വയമോ മറ്റൊരാളുടെയോ/വസ്തുക്കളുടെയോ സഹായത്തോടെയോ, ഉദ്ദീപിപ്പിച്ച് ലൈംഗിക സുഖം അനുഭവിക്കുന്ന പ്രക്രിയക്കാണ് സ്വയംഭോഗം എന്ന് പറയുന്നത. ഇതുവഴി പലര്‍ക്കും രതിമൂര്‍ച്ഛയും ഉണ്ടാകാറുണ്ട്.

സ്വയംഭോഗം ചരിത്രത്തില്‍ ?

മനുഷ്യന്‍റെ ചരിത്രം അറിയാവുന്ന കാലം തൊട്ടേ സ്വയംഭോഗത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ. ക്രിസ്ത്യന്‍- യൂദ വിശ്വാസങ്ങള്‍ നിറഞ്ഞു നിന്നിരുന്ന പഴയ കാലഘട്ടങ്ങളില്‍ ഇതിനെ ഒരു പാപമായി തന്നെയാണ് ചിത്രീകരിച്ചിരുന്നത്. ഈ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരുന്ന വരെ മോശക്കാരായും കരുതിയിരുന്നു. ഇതേ കാലഘട്ടങ്ങളില്‍ വൈദ്യ ശാസ്ത്രത്തിലും ഒരു മാനസിക രോഗം എന്ന സ്ഥാനമാണ് ഉണ്ടായിരുന്നത്. എന്നാല്‍ 1950 കളില്‍ ആല്‍ഫ്രഡ്‌ കിന്‍സേ യെ പോലെയുള്ള വ്യക്തികള്‍ നടത്തിയ പഠനങ്ങള്‍ ഈ കാഴ്ചപ്പാടുകള്‍ തിരുത്തി. മാനസിക രോഗങ്ങളുടെ പട്ടികയില്‍ നിന്നും 1972ല്‍ പുറത്താകുകയും ചെയ്തു. സ്വയംഭോഗം മനുഷ്യനില്‍ ആഴത്തില്‍ വേരു പിടിച്ച ഒരു പ്രക്രിയ ആണെന്നും, ഗര്‍ഭസ്ഥ ശിശുക്കളില്‍ വരെ ലൈഗിക അവയവങ്ങള്‍ ഉദ്ദീപിപ്പിക്കുന്ന ശീലം ഉണ്ട് എന്ന കണ്ടെത്തെലും, കാര്യമായി ഒരു രോഗാവസ്ഥയും ഇതുമൂലം ഉണ്ടാകില്ല എന്ന നിരീക്ഷണവും ഒക്കെ ഈ പ്രക്രിയ മനുഷ്യന്‍റെ സാധാരണ ലൈംഗിക ജീവിതത്തിന്‍റെ ഭാഗം തന്നെയാണ് എന്ന വാദത്തെ ഉറപ്പിക്കുന്നു.

കള്ളം പറയാത്ത കണക്കുകള്‍ ?

ആദ്യമായി ഇത്തരത്തില്‍ ഒരു പഠനം നടത്തിയത് 1950 ല്‍ ആല്‍ഫ്രഡ്‌ കിന്‍സേ ആയിരുന്നു. അമേരിക്കയില്‍ നടന്ന ഈ പഠനത്തില്‍ പങ്കെടുത്ത ആളുകളില്‍ 92% പുരുഷന്‍മാരും ,62% സ്ത്രീകളും തങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്വയംഭോഗം ചെയ്തിട്ടുള്ളവര്‍ ആണെന്ന് സമ്മതിച്ചിരുന്നു. അതുപോലെ 2007ല്‍ ബ്രിട്ടീഷ്‌ നാഷണല്‍ പ്രോബബിലിറ്റി സര്‍വ്വേ 16 മുതല്‍ 44 വരെ വയസുള്ളവരില്‍ നടത്തിയ പഠനത്തില്‍ 95% പുരുഷന്‍മാരും 71% സ്ത്രീകളും സ്വയംഭോഗം ചെയ്തിരുന്നു എന്ന് കണ്ടെത്തി. അമേരിക്കയില്‍ 2009 ല്‍ നടന്ന national survey of sexual health and behaviour (NSSHB) എന്ന പഠനത്തില്‍ പ്രായ ഭേദമന്യേ വ്യക്തികള്‍ സ്വയംഭോഗം ചെയ്യാറുണ്ടെന്നും, വിവാഹം കഴിഞ്ഞവരിലും 60% ത്തോളം ആളുകള്‍ കഴിഞ്ഞ ഒരു വര്‍ഷം തനിയെയോ പങ്കാളിയുടെ ഒപ്പമോ സ്വയംഭോഗം ചെയ്തിരുന്നു എന്നും കണ്ടെത്തി. ഈ പഠനങ്ങളും കണക്കുകളും മാത്രം നോക്കിയാല്‍ ഈ പ്രക്രിയ എത്ര സ്വാഭാവികമാണ് എന്ന് മനസിലാക്കാന്‍ സാധിക്കും.

സ്വയംഭോഗം മൂന്നു തരം!

പുരുഷന്മാരില്‍- പുരുഷ ലിംഗത്തെ കൈകള്‍ ഉപയോഗിച്ചോ,മറ്റു മാര്‍ഗങ്ങള്‍ വഴിയോ ഉദ്ധീപിപ്പിക്കുന്നതാണ് ഏറ്റവും പ്രധാന രീതി.
സ്ത്രീകളില്‍: യോനിയും അതിനോട് ചേര്‍ന്നുള്ള കൃസരി യും കൈകള്‍ ഉപയോഗിച്ച് ഉദ്ധീപിപ്പിക്കുകയാണ് പൊതു രീതി. ഇതോടൊപ്പം നിലവില്‍ വൈബ്രേറ്റര്‍ പോലയുള്ള പല sex toys ലഭ്യമാണ്.
mutual masturbation – രണ്ടു വ്യക്തികള്‍ പരസ്പരം പങ്കാളിയുടെ ലൈംഗിക അവയവങ്ങള്‍ ഉദ്ദീപിപ്പിക്കുന്ന രീതിയാണിത്. സാധാരണ ലൈംഗിക ജീവിതത്തിന്‍റെ തന്നെ ഭാഗമായി ഇത് ഉണ്ടാകാറുണ്ട്.

ആരോഗ്യപരമായ നേട്ടങ്ങള്‍

സ്വയംഭോഗം ആരോഗ്യപരമായും മാനസികമായും സാധാരണമായ ഒരു പ്രക്രിയ മാത്രമാണ് എന്നാണ് നിലവില്‍ ആരോഗ്യവിദഗ്‌ധരുടെ അഭിപ്രായം.

1. തന്‍റെ ശരീരത്തെ കുറിച്ചും, ലൈംഗിക താല്‍പര്യങ്ങളെ കുറിച്ചും കൂടുതല്‍ അറിയാനും അത് ലൈംഗിക ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും സഹായിക്കും.

2. ഓരോ വ്യക്തിക്കും തന്‍റെ ലൈംഗിക താല്പര്യങ്ങള്‍ പങ്കാളിയിലൂടെ പൂര്‍ണ്ണമായി ലഭിക്കണം എന്നില്ല. ഇത്തരം അവസരങ്ങളില്‍ സംതൃപ്തി കണ്ടെത്താന്‍ സ്വയംഭോഗം സഹായമാകും. പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, വിവാഹിതരായ സ്ത്രീകളില്‍ സ്വയംഭോഗം ചെയ്യുന്നവരാണ് ലൈംഗിക ജീവിതം കൂടുതല്‍ ആസ്വദിക്കുന്നത് എന്നാണ്.

3. യുവാക്കളിലും മറ്റും അവരുടെ ലൈംഗിക തൃഷ്ണ പൂര്‍ത്തികരിക്കാന്‍ സഹായിക്കും. ഇത്തരത്തില്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളിലേക്ക് പോകുന്നത് കുറയുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒപ്പം പ്ലാന്‍ ചെയ്യാതെയുള്ള ഗര്‍ഭധാരണവും ഒഴിവാക്കാം.

4. സ്വയംഭോഗം ചെയ്യുന്നതു വഴി വൃഷണ സഞ്ചികളില്‍ ശേഖരിച്ചു വെച്ചിരിക്കുന്ന പുരുഷ ബീജം പുറത്തേക്കു പോകുകയും ,പകരം പുതിയ ബീജം ഉണ്ടാകുകയും ചെയ്യും.

5. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ വഴി പടരുന്ന HIV,STD ഇവയുടെ സാധ്യത കുറയും.

6. വ്യക്തികളുടെ ആത്മവിശ്വാസം കൂട്ടാനും, വിഷാദം, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകാതെ ഇരിക്കാനും ഇതു മൂലം സാധിക്കും എന്നും പഠനങ്ങള്‍ ഉണ്ട്.

7. ലൈംഗിക പങ്കാളിയോടൊപ്പം സ്വയംഭോഗം ചെയുന്നത് രണ്ടു പേരുടെയും സഹവര്‍ത്തിത്വം കൂട്ടുകയും, ഒപ്പം രണ്ടു പേരുടെയും ലൈംഗിക താല്‍പര്യങ്ങള്‍ അടുത്തറിയാന്‍ സഹായിക്കുകയും ചെയ്യുന്നു എന്നും കണ്ടിട്ടുണ്ട്.

എപ്പോഴാണ് സ്വയംഭോഗം ശ്രദ്ധ നല്‍കേണ്ട ഒരു പ്രശ്നം ആകുന്നതു ?

പ്രധാനമായും മൂന്നു സാഹചര്യങ്ങളിലാണ്‌ സ്വയംഭോഗം ഒരു പ്രശ്നമായി കണക്കാക്കി പരിഹാരത്തിന് ശ്രമിക്കേണ്ടത്.

1. ഒരു compulsion പോലെ ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു സ്വയംഭോഗം ചെയ്യുകയും, അത് നിയന്ത്രിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുമ്പോള്‍‍‍.

2. പങ്കാളിയോടൊപ്പം ജീവിക്കുന്ന ഒരു വ്യക്തി പരസ്പരം ഉള്ള ലൈംഗിക ബന്ധം പാടെ ഉപേക്ഷിച്ചു, സ്വയംഭോഗം മാത്രം ചെയ്യുമ്പോള്‍‍.

3. പൊതു സ്ഥലങ്ങളില്‍ വെച്ചുള്ള സ്വയംഭോഗം.

സ്വയംഭോഗത്തെ കുറിച്ചുള്ള ചില അബദ്ധ ധാരണകള്?!‍

1. സ്വയംഭോഗം ചെയ്യുന്നവര്‍ക്ക് കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യത കുറയും – തെറ്റ്. ഇതുവരെയുള്ള ഒരു പഠനങ്ങളിലും ഇത്തരം ഒരു കാര്യം തെളിയിക്കപെട്ടിട്ടില്ല. സ്വയംഭോഗം ചെയ്യുന്നവരില്‍ ബീജങ്ങളുടെ എണ്ണത്തിലോ പ്രവര്‍ത്തനത്തിലോ എന്തെങ്കിലും വ്യത്യാസം ഉണ്ടാകുന്നതായി കണ്ടിട്ടില്ല.

2. സ്വയംഭോഗം ചെയ്യുന്നവരുടെ ലൈംഗിക അവയവങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകാം ?

തെറ്റ്- കൈകളോ വൈബ്രേറ്റര്‍ ഉപയോഗിച്ചോ ഉള്ള സ്വയംഭോഗം വഴി ലൈംഗിക അവയവങ്ങള്‍ക്ക് പരിക്കുകള്‍ ഉണ്ടാകാറില്ല. എന്നാല്‍ അപകടകരമായ വസ്തുക്കള്‍ ,അണുവിമുക്തം അല്ലാത്ത ഉപകരണങ്ങള്‍ എന്നിവയുടെ ഉപയോഗം അണുബാധക്ക് കാരണമാകാം.

3. സ്വയംഭോഗം ചെയ്യുന്നത് വഴി മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാം ?

തെറ്റ് – സ്വയംഭോഗം ചെയുന്നതുവഴി ഉണ്ടാകുന്ന ഒരു മാനസിക സംഘര്‍ഷം മാത്രമേ ഉള്ളു – കുറ്റബോധം. അത് നമ്മുടെ സമൂഹം സ്വയംഭോഗം തെറ്റാണു എന്നും, പാപമാണെന്നു പറഞ്ഞു പഠിപ്പിച്ചത് വഴി ഉണ്ടാകുന്നതാണ്. ലൈംഗികത എന്നത് മനുഷ്യന്‍റെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ്. അതുകൊണ്ട് തന്നെയാണ് കുട്ടിക്കാലം തൊട്ടു മരണം അടുക്കുന്നത് വരെ ആളുകള്‍ക്ക് ലൈംഗിക താല്‍പര്യങ്ങള്‍ ഉണ്ടാവുന്നത്. അത് തെറ്റാണു എന്ന് പറഞ്ഞു പഠിപ്പിക്കുക വഴി നമ്മള്‍ ആളുകളില്‍ കുറ്റബോധം ഉണ്ടാക്കുകയും , സ്വയം വിലകുറച്ച് കാണാന്‍ പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നത്.

4. സ്വയംഭോഗം ചെയ്യുന്നവര്‍ക്ക് പങ്കാളിയോടൊപ്പമുള്ള ലൈംഗിക ജീവിതം ആസ്വദിക്കാന്‍‍ പറ്റില്ല

തെറ്റ്. വിവാഹിതരായവരിലും സ്വയംഭോഗം ചെയ്യുന്നവരാണ് കൂടുതല്‍ എന്ന് പറഞ്ഞു കഴിഞ്ഞല്ലോ. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പങ്കാളിയോടൊപ്പമുള്ള സ്വയംഭോഗം ലൈംഗിക ജീവിതം കൂടുതല്‍ ആസ്വാദ്യമാക്കുമെന്നാണ്.

5. പങ്കാളിയോടൊപ്പമുള്ള ലൈംഗിക ജീവിതത്തില്‍ തൃപ്തി ഇല്ലാത്തവരാണ് സ്വയംഭോഗം ചെയ്യുന്നത് – തെറ്റ്.

പല പഠനങ്ങളും സൂചിപ്പിക്കുന്നത് മികച്ച ലൈംഗിക ജീവിതം ആസ്വദിക്കുന്ന പങ്കാളികള്‍ സ്വയംഭോഗം ചെയ്യാറുണ്ട് എന്നാണ്.

6. കുട്ടികളില്‍ അമിത ലൈംഗിക താല്പര്യം ഉണ്ടാകാന്‍ കാരണമാകും ?

തെറ്റ്. ലൈംഗികത എന്നത് ഒരാളുടെ ജന്മം തൊട്ടേ ഉള്ള പ്രത്യേകതയാണ്. വളരെ ചെറിയ കുട്ടികള്‍ വരെ തന്‍റെ ലൈംഗിക അവയവങ്ങളെ തൊട്ടു പരിലാളിക്കുന്നത് നമ്മള്‍ കാണാറുണ്ടല്ലോ. അതൊക്കെ സാധാരണ ലൈംഗിക വളര്‍ച്ചയുടെ ഭാഗമാണ്. തന്‍റെ ശരീരത്തെയും ലൈംഗികതയെയും കൂടുതല്‍ മനസിലാക്കാന്‍ സ്വയംഭോഗം കുട്ടികളെ സഹായിക്കും.

7. സ്വയംഭോഗം പാപമാണ്-

പല മതങ്ങളും സമൂഹവും ചെറുപ്പം മുതല്‍ പഠിപ്പിക്കുന്ന കാര്യമാണിത്. സ്വയംഭോഗം എന്നത് മനുഷ്യന്‍റെ അടിസ്ഥാന ലൈംഗിക പ്രക്രിയ ആയിട്ടാണ് ശാസ്ത്ര ലോകം വിലയിരുത്തുക. തന്‍റെ ലൈംഗിക താല്പര്യങ്ങള്‍ കണ്ടെത്താനും, ആസ്വദിക്കാനും സഹായിക്കുന്ന ഒരു മാര്‍ഗ്ഗം. ഇത് തെറ്റാണ്‌, ഒരിക്കലും ചെയ്യരുത് എന്ന് വിലക്കുന്നതിനു പകരം, ആരോഗ്യകരമായ ലൈംഗിക ജീവിതം എന്താണ് എന്നും അതില്‍ സ്വയംഭോഗത്തിനുള്ള സ്ഥാനം എന്താണ് എന്നും നമ്മള്‍ യുവ തലമുറയെ പഠിപ്പിച്ചു കൊടുക്കണം. ലൈംഗികത എന്നത് കയ്യെത്താ ദൂരത്ത്‌ സൂക്ഷിച്ചു വെക്കേണ്ട ഒന്നല്ല. മറിച്ച് അതിനു അനുയോജ്യമായ സമയത്തും സാഹചര്യത്തിലും ആസ്വദിക്കാന്‍ ഉള്ളതാണ് എന്ന് നമ്മള്‍ പറഞ്ഞു പഠിപ്പിച്ചു തുടങ്ങണം. കുറ്റബോധം അല്ല മറിച്ച് തന്‍റെ ലൈംഗിക താല്പര്യങ്ങളും പ്രക്രിയകളും അവര്‍ക്ക് സന്തോഷവും അഭിമാനവും നല്‍കട്ടെ.

ഇത്രയൊക്കെ ലോകം വളര്‍ന്നിട്ടും സ്വയംഭോഗം മോശമായ പ്രവര്‍ത്തിയാണെന്ന് തന്നെയാണ് പലരും തെറ്റിദ്ധരിക്കുന്നതു. 1994ല്‍ സ്വയംഭോഗം സംബന്ധിച്ച വിവരങ്ങള്‍ സ്കൂള്‍ കരിക്കുലത്തിന്‍റെ ഭാഗമാക്കണം എന്ന് അഭിപ്രായ പെട്ടതിന്‍റെ പേരില്‍ അമേരിക്കന്‍ സര്‍ജന്‍ ജനറല്‍ ആയിരുന്ന ജോയ്സേലിന്‍ എല്ടെര്സിന് സ്ഥാനം ഒഴിയേണ്ടി വന്നിട്ടുണ്ട്.ഇനിയെങ്കിലും ഈ കാഴ്ചപ്പാടുകള്‍ മാറണം. അമേരിക്കന്‍ മാനസികാരോഗ്യ വിദഗ്ദ്ധനായ തോമസ്‌ സ്വാസ് സ്വയംഭോഗത്തെ പറ്റി ഇങ്ങനെ പറഞ്ഞിട്ടുണ്ട്. MASTURBATION ;THE PRIMARY SEXUAL ACTIVITY OF MANKIND. IN THE 19TH CENTURY IT WAS A DISEASE ;IN THE 20TH IT’S A CURE.

സ്വയംഭോഗം പാപമാണെന്നു പറഞ്ഞു പഠിപ്പിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ ലൈംഗികതയില്‍ വിനാശകരമായി കടന്നുകയറുകയാണ് എന്നാണ് മൈക്കിള്‍‍ ഫൊക്കാള്‍ട്ട് പറഞ്ഞിട്ടുള്ളത്.
അതുകൊണ്ട് നമ്മള്‍ക്കും മാറാന്‍ ശ്രമിക്കാം. സുരക്ഷിതമായ ലൈംഗികതയെ കുറിച്ച് പഠിക്കാനും പറഞ്ഞു കൊടുക്കാനും ശ്രമിക്കാം.
എഴുതിയത് Jithin T Joseph
#സ്വയംഭോഗം #ലൈംഗികത
#221
Info Clinic

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us