കവർച്ചാ ശ്രമത്തിനിടയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിന് പുതിയ സിനിമാ സ്റ്റൈൽ “ട്വിസ്റ്റ് “;തെളിയുന്നത് കാമുകനെ വികലാംഗനാക്കി സ്വന്തമാക്കാൻ കാമുകിയായ പോലീസ് കോൺസ്റ്റബിൾ നൽകിയ ക്വോട്ടേഷൻ!

ബെംഗളൂരു : ബന്നാർഘട്ടയിൽ വച്ച് കാമുകിയായ പോലീസ് കോൺസ്റ്റബിളിന്റെ കൂടെ നടക്കുകയായിരുന്ന യുവാവിന്റെ കൈപ്പത്തി മോഷ്ടാക്കൾ വെട്ടി മാറ്റിയതായുള്ള വർത്ത കഴിഞ്ഞ ആഴ്ച ഞങ്ങൾ നൽകിയിരുന്നു, എന്നാൽ ആ വാർത്തക്ക് പുതിയ സിനിമാ സ്റ്റൈൽ ട്വിസ്റ്റ് ആണ് പുറത്തു വരുന്നത്.

ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കാമുകന്റെ കൈപ്പത്തി വെട്ടിയെടുത്ത കേസിൽ വനിതാ ട്രാഫിക് പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. മറ്റാരെയും വിവാഹം കഴിക്കാതിരിക്കാനാണ് ആനേക്കൽ നിവാസി വീരേഷി(31)ന്റെ കൈപ്പത്തി വെട്ടിയെടുത്തത്. സംഭവത്തിൽ വിവി പുരം സ്റ്റേഷനിലെ ജയലക്ഷ്മി (27) ആണ് അറസ്റ്റിലായത്. ആക്രമണം നടത്തിയ കുമാർ (45), മകൻ ആനന്ദ് (22), ശ്രാവൺകുമാർ (22) എന്നിവർ നേരത്തേ പിടിയിലായിരുന്നു.

ജയലക്ഷ്മിക്കൊപ്പം കഴിഞ്ഞ ചൊവ്വാഴ്ച ബെന്നാർഘട്ടെയിലെ ക്ഷേത്രത്തിൽ പോയപ്പോഴാണ് മൊബൈലും പഴ്സും തട്ടിയെടുക്കാനെന്ന വ്യാജേന ഇവർ വീരേഷിനെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച വീരേഷിന്റെ വെട്ടിയെടുത്ത കൈപ്പത്തിയുമായി ഇവർ കടന്നുകളഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വീരേഷ് അപകടനില തരണം ചെയ്തെങ്കിലും മുറിച്ചെടുത്ത കൈപ്പത്തി പിറ്റേന്നാണ് കണ്ടെത്തിയത്. കവർച്ചാശ്രമത്തിനിടെ ഉണ്ടായ ആക്രമണം എന്നാണ് പൊലീസ് കരുതിയിരുന്നതെങ്കിലും പിടിയിലായവർ നൽകിയ മൊഴി നിർണായകമായി.

വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്നു ജയലക്ഷ്മിയാണ് ക്വട്ടേഷൻ നൽകിയതെന്നു പൊലീസ് പറഞ്ഞു. ഇതിനായി തന്റെ സ്റ്റേഷൻ പരിധിയിലുള്ള ഗുണ്ട കുമാറിന് ഒന്നരലക്ഷം രൂപ വാഗ്ദാനം ചെയ്തു. മുൻകൂറായി 15,000 രൂപയും നൽകി. തുടർന്നു വീരേഷിനെയും കൂട്ടി ക്ഷേത്രത്തിലെത്തിയ ജയലക്ഷ്മി മിസ്ഡ് കോളിലൂടെ പ്രതികൾക്കു സൂചന നൽകി. ജയലക്ഷ്മിയും വീരേഷും വർഷങ്ങൾക്കു മുൻപേ പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ എതിർത്തതിനാൽ  ജയലക്ഷ്മിക്കു മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വന്നു. ഇതിനുശേഷവും രവീഷുമായി പ്രണയം തുടർന്നതോടെ വിവാഹബന്ധം തകർന്നു. തുടർന്നു ജയലക്ഷ്മി വീരേഷിനോട് വിവാഹാഭ്യർഥന നടത്തിയെങ്കിലും നിരസിച്ചു. ഇതിന്റെ വൈരാഗ്യത്താലാണ് ക്വട്ടേഷൻ നൽകിയത്. അംഗവൈകല്യം സംഭവിച്ചാൽ വീരേഷിനെ മറ്റാരും വിവാഹം കഴിക്കില്ലെന്നും അപ്പോൾ തനിക്കൊപ്പം ജീവിക്കുമെന്നുമാണ് ജയലക്ഷ്മി കരുതിയതെന്നും പൊലീസ് പറഞ്ഞു.
ഇതിനിടെ തെളിവെടുപ്പിനു കൊണ്ടുപോയപ്പോൾ പ്രതികളിലൊരാൾ രക്ഷപ്പെടാനും ശ്രമിച്ചു. പൊലീസിനെ ആക്രമിച്ച ശ്രാവൺകുമാറിനെ മുട്ടിനുതാഴെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us