കൊച്ചി: ഉപജീവനത്തിനായി മീന്‍ വില്‍ക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ നല്‍കിയ നൂറുദ്ദീന്‍ ഷെയ്ക്ക് അറസ്റ്റില്‍. ഇയാളെ അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഇന്ന് രാവിലെയാണ് കസ്റ്റഡിയിലെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഹനാനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്ന് പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. വൈകിട്ട് കോതമംഗലത്ത് ഹനാനെ ചികിത്സിക്കുന്ന ആശുപത്രിയിലെത്തി പോലീസ് അവരുടെ മൊഴിയെടുക്കുകയും ചെയ്തു.
ഐ.ടി. ആക്ട് ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഐ.ടി. ആക്ട് 67 (ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള അപമാനിക്കല്‍), ഐ.പി.സി. 509
(സ്ത്രീത്വത്തെ അപമാനിക്കല്‍), 34 (പൊതു ഉദ്ദേശ്യം), കേരള പോലീസ് ആക്ട് 120 (ഒ) വിവിധ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് നൂറുദ്ദീനെതിരെ കേസെടുത്തിരിക്കുന്നത്.
കൊച്ചിയില്‍ തമ്മനത്ത് ഹനാന്‍ മീന്‍ വില്‍ക്കുന്ന സ്ഥലത്തെത്തി നൂറുദ്ദീന്‍ ഷെയ്ക്ക് വിവരങ്ങള്‍ മനസിലാക്കിയിരുന്നു. തുടര്‍ന്നാണ് ഹനാനെ അപമാനിക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ ഇയാള്‍ ലൈവ് വീഡിയോ നല്‍കിയത്. എല്ലാം പരിശോധിച്ചെന്നും ഒരു സിനിമയുടെ പ്രമോഷനു വേണ്ടിയാണ് ഹനാന്‍ മീന്‍ വിറ്റതെന്നും, മാധ്യമങ്ങളും അതില്‍ പങ്കാളികളായി എന്നാണ് ഇയാള്‍ ആരോപിച്ചത്.
ഈ വീഡിയോ പുറത്തു വന്നതോടെയാണ് അതുവരെ ഹനാനെ പിന്തുണച്ച് പോസ്റ്റുകള്‍ നിറഞ്ഞ സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചരണങ്ങളും അധിക്ഷേപങ്ങളും നിറഞ്ഞത്.
അത്തരമൊരു പോസ്റ്റിടാന്‍ നൂറുദ്ദീന്‍ ഷെയ്ക്കിനുണ്ടായ പ്രേരണയെന്താണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സമാനമായി പോസ്റ്റിട്ടവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. സൈബര്‍ സെല്ലിന്‍റെ നേതൃത്വത്തില്‍ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.