നിർഭയ കേസിൽ പ്രതികളുടെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. നാലു പ്രതികൾക്കും വധശിക്ഷ തന്നെ ലഭിക്കും.

ന്യൂഡൽഹി : നിർഭയ കേസിൽ പ്രതികളുടെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. നാലു പ്രതികൾക്കും വധശിക്ഷ തന്നെ ലഭിക്കും. വധശിക്ഷ ലഭിച്ചതിൽ മൂന്നു പേർ മാത്രമേ പുനഃപരിശോധന ഹർജി നൽകിയിരുന്നുള്ളു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണു വിധി പ്രഖ്യാപിച്ചത്.

പ്രതികൾക്ക് വിചാരണക്കോടതി നൽകിയ വധശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു. 2012 ഡിസംബർ 16ന് ആണ് ഓടിക്കൊണ്ടിരുന്ന ബസിൽ ഫിസിയോതെറപ്പി വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായത്. പിന്നീടു സിംഗപ്പുരിൽ ചികിൽസയിലിരിക്കെ മരിച്ചു.

പ്രതികളായ മുകേഷ് (29), വിനയ് ശർമ (23), അക്ഷയ് കുമാർ സിങ് (31), പവൻ ഗുപ്ത (22) എന്നിവർക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. കൊടുംക്രൂരവും വന്യവും പൈശാചികവുമായ രീതിയിൽ നടത്തിയ കുറ്റകൃത്യം സമൂഹ മനഃസാക്ഷിയെ ഒന്നാകെ ഞെട്ടിച്ചെന്നു വധശിക്ഷ ശരിവച്ചു കൊണ്ടു കഴിഞ്ഞ വർഷം മേയിൽ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.

കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പാരാ മെഡിക്കൽ വിദ്യാർഥിനിയുടെ മരണമൊഴിയും പൊലീസ് നടത്തിയ സാങ്കേതിക, ശാസ്ത്രീയ പരിശോധനകളും ശക്തമായ തെളിവുകളാണെന്നും സുപ്രീം കോടതി വിലയിരുത്തി. പീഡനത്തിന് ഇരയായ പെൺകുട്ടിയെ പ്രതികൾ ഒരു വിനോദോപാധിയായി മാത്രമാണു പരിഗണിച്ചതെന്നു നിരീക്ഷിച്ചു.

2012 ഡിസംബർ 16നു രാത്രിയിൽ, മുനീർക്കയിൽ ദ്വാരകയ്ക്ക് അടുത്തുള്ള മഹാവീർ എൻക്ലേവിലേക്കു ബസിൽ പോയ ഫിസിയോതെറപ്പി വിദ്യാർഥിനിയാണു കൊടുംക്രൂരതയ്ക്ക് ഇരയായത്. സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം സിംഗപ്പൂരിലേക്കു മാറ്റി. ഡിസംബർ 29ന് എലിസബത്ത് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. ഒന്നാംപ്രതി റാം സിങ് 2013 മാർച്ചിൽ തിഹാർ ജയിലിൽ ജീവനൊടുക്കിയതിനാൽ കേസിൽ നിന്ന് ഒഴിവാക്കി.

പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈൽ നിയമം അനുസരിച്ച് മൂന്നു വർഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. ഇയാൾ ശിക്ഷാകാലാവധി കഴിഞ്ഞു പുറത്തിറങ്ങി. ബാക്കിയുള്ള നാല് പ്രതികൾക്ക് സാകേതിലെ ഫാസ്റ്റ്ട്രാക്ക് കോടതി 2013 സെപ്റ്റംബർ 13ന് തൂക്കുകയർ വിധിച്ചു. 2017 ജനുവരിയിൽ ഡൽഹി ഹൈക്കോടതി വിധി ശരിവച്ചു. ഇതിനുപിന്നാലെയാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us