ബെംഗളൂരു :കോൺഗ്രസ്-ജനതാദൾ എസ് സഖ്യത്തിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഏകോപിപ്പിച്ചുള്ള പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ളതാണു കുമാരസ്വാമി സർക്കാരിന്റെ കന്നി ബജറ്റ് എന്നാണ് വിലയിരുത്തല്
താലൂക്ക് ആസ്ഥാനങ്ങളിൽ 247 ഇന്ദിരാ കന്റീനുകൾ കൂടി സ്ഥാപിക്കും.
കഴിഞ്ഞ ഫെബ്രുവരിയിൽ സിദ്ധരാമയ്യ സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ സഖ്യ സർക്കാർ ഏറ്റെടുക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി.
വാഹന പാർക്കിങ് പ്രശ്നത്തിനു പരിഹാരമായി സംസ്ഥാനത്തെ അഞ്ചു കോർപറേഷനുകളിൽ സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തോടെ മൾട്ടി ലെവൽ പാർക്കിങ് ഏർപ്പെടുത്തും.
നഗരഭരണകൂടങ്ങൾക്കു കീഴിലുള്ള എല്ലാ വസ്തുക്കൾക്കും ജിഐഎസ് മാപ്പിങ് നടപ്പിലാക്കും. 10 മുനിസിപ്പൽ കോർപറേഷനുകളിലെ ജലവിതരണ, മാലിന്യ നെറ്റ്വർക്കുകളുടെയും മാപ്പിങ് പൂർത്തിയാക്കും.
ഹാസനിലെ ചന്നപട്ടണ തടാകത്തിനു ചുറ്റും പാർക്കും പാലവും റോഡുകളും നിർമിക്കാൻ 36 കോടി.
മണ്ഡ്യ നഗരത്തിന്റെ സമഗ്ര വികസനത്തിന് 50 കോടി രൂപ.
പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി, പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിയുന്ന സാധനങ്ങൾക്കു പ്രത്യേക പിഴ ചുമത്താൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് അനുമതി.
ഉൽപന്നത്തിന്റെ പരമാവധി വിലയുടെ 3% ആണ് പ്ലാസ്റ്റിക് വെയ്സ്റ്റ് മാനേജ്മെന്റ് ഫീസായി ഈടാക്കുക. ഇങ്ങനെ ലഭിക്കുന്ന തുക പ്ലാസ്റ്റിക് സംസ്കരണ പദ്ധതികൾക്കായി വിനിയോഗിക്കും.
ശ്രീ ശങ്കരാചാര്യരുടെ ജയന്തി ആഘോഷിക്കും.
വലിയ തുകയ്ക്കുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളുന്നത് ‘ശരി’യല്ലാത്തതിനാലാണ് രണ്ടു ലക്ഷം രൂപയായി പരിധി നിശ്ചയിച്ചതെന്നും പ്രകടന പത്രികാ വാഗ്ദാനം പരമാവധി നടപ്പിലാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി.
മുടങ്ങിയ വായ്പ തിരിച്ചടച്ചു തുടങ്ങിയ കർഷകരുടെ അക്കൗണ്ടിൽ 25,000 രൂപ വരെ നിക്ഷേപിക്കും.
തിരിച്ചടച്ച തുകയോ, 25000 രൂപയോ ഇതിൽ വലിയ തുകയായിരിക്കും നിക്ഷേപിക്കുക.
സർക്കാർ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളും സഹകരണ മേഖലയിലെ ഉദ്യോഗസ്ഥരും കഴിഞ്ഞ മൂന്നു വർഷമായി ആദായനികുതി അടച്ചുകൊണ്ടിരിക്കുന്ന കർഷകരും വായ്പ എഴുതിത്തള്ളൽ പരിധിയിൽ ഉൾപ്പെടില്ലെന്നും 2,13,734 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചു കൊണ്ടു കുമാരസ്വാമി പറഞ്ഞു.
വില കൂടുന്നവ :
വൈദ്യുതി നിരക്കിൽ യൂണിറ്റ് ഒന്നിനു 10 പൈസ മുതൽ 20 പൈസയുടെ വർധനയുണ്ടാകും.ഉപയോഗത്തിന്റെ തോതനുസരിച്ച് ആറു മുതൽ ഒൻപതു ശതമാനം വരെ നികുതി വർധിപ്പിക്കാനാണു ബജറ്റ് നിർദേശം.
പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങളുടെ വലുപ്പമനുസരിച്ചു മോട്ടോർ വാഹന നികുതി 50% വർധിപ്പിക്കാൻ നിർദേശം. 1100, 1200, 1300, 1500 രൂപയായിരുന്ന നികുതി യഥാക്രമം 1650, 1800, 1950, 2250 രൂപ നിരക്കിലാണു വർധിപ്പിക്കുക. ഈ നികുതിയിനത്തിൽ 6656 കോടി രൂപ സ്വരൂപിക്കാനാണു ലക്ഷ്യം. വാഹനങ്ങളുടെ ഫ്ലോർ ഏരിയ കണക്കിലെടുത്താണ് ഈ നികുതി നിശ്ചയിക്കുന്നത്.
പെട്രോളിനു 1.14 രൂപയും ഡീസലിനു 1.12 രൂപയും വിലവർധിച്ചു. പെട്രോൾ വിൽപന നികുതി 30 ശതമാനത്തിൽ നിന്നു 32 ആയും ഡീസൽ വിൽപനനികുതി 19ൽ നിന്നു 21 ശതമാനമായുമാണു വർധിപ്പിച്ചത്.
ഇന്ത്യൻ നിർമിത മദ്യത്തിനു 18 സ്ലാബുകളിലും നാലു ശതമാനം അധിക എക്സൈസ് നികുതി ഏർപ്പെടുത്തി. എക്സൈസ് നികുതി നടപ്പു വർഷം 19750 കോടി രൂപയായി ഉയർത്താനാണു തീരുമാനം.
ലക്ഷ്യം കര്ഷക ക്ഷേമം…
കാർഷിക രംഗത്തെ കൂട്ടിയിണക്കാനായി മുഖ്യമന്ത്രിയുടെ ഏകോപന സമിതി.
ശുദ്ധമായ എണ്ണ ഉൽപാദിപ്പിക്കാനുള്ള മില്ലുകൾ സ്ഥാപിക്കാൻ അഞ്ചു കോടി രൂപ.
ധാർവാഡ് സർവകലാശാല വികസിപ്പിച്ചെടുത്ത വാക്വം സാങ്കേതിക വിദ്യ വ്യാപിപ്പിക്കാൻ മൂന്നു കോടി രൂപ.
കാർഷിക രംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് അഞ്ചു കോടി രൂപ.
2017ലെ വരൾച്ചയെ തുടർന്ന് വിഷമിക്കുന്ന കേരകർഷകർക്ക് 190 കോടി രൂപയുടെ സഹായം.
മൈസൂരുവിൽ മൂന്നു കോടി ചെലവിട്ട് കൊക്കൂൺ മാർക്കറ്റ് സ്ഥാപിക്കാൻ ഈ വർഷം ഒരു കോടി രൂപ.
ഹാസൻ മിൽക്ക് യൂണിയന് 15 ലക്ഷം ലീറ്റർ ശേഷിയുള്ള ഡയറി സ്ഥാപിക്കാൻ 50 കോടി രൂപ.
ഉൾനാടൻ ജലസ്രോതസ്സുകളിൽ മീൻവളർത്തൽ പ്രോൽസാഹിപ്പിക്കാൻ നാലു കോടി രൂപ.
കയാക്ക നിധി പദ്ധതിക്കു കീഴിലുള്ള സ്വയം സഹായ സംഘങ്ങൾക്ക് അഞ്ചു കോടി രൂപ.
ബഡവരു ബന്ധു മൊബൈൽ സർവീസ് പദ്ധതിക്കു കീഴിൽ അഞ്ചു നഗരങ്ങളിലെ തെരുവോര കച്ചവടക്കാർക്കായി മൈക്രോ ഫൈനാൻസ് സംവിധാനം.
സെന്റർ ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് ഓഫ് കർണാടകയുടെ (സിഡോക്) കീഴിലുള്ള ദിശായ പദ്ധതിക്കു കീഴിൽ തൊഴിൽ പരിശീലനം നൽകുന്നതിന് രണ്ടു കോടി രൂപ.
രാജ്യത്തിനു പുറത്തേക്കു തൊഴിൽ തേടി പോകുന്നവർക്കുള്ള പരിശീലനത്തിന് രണ്ടു കോടി രൂപ.
പ്രൈമറി, ഹൈസ്കൂൾ, പിയു കോളജ് കെട്ടിട നവീകരണത്തിന് 150 കോടി രൂപയുടെ പാക്കേജ്.
1000 കന്നഡ മീഡിയം പ്രൈമറി സ്കൂളുകളിൽ ഇംഗ്ലിഷ് മീഡിയം ക്ലാസുകൾ തുടങ്ങും.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാൻ അഞ്ചു കോടി രൂപ.
4100 പ്രൈമറി സ്കൂൾ വളപ്പുകളിലേക്ക് അങ്കണവാടികൾ മാറ്റി ബാലസ്നേഹി കേന്ദ്രങ്ങളായി ശാക്തീകരിക്കും. തുടർന്ന് ഇവിടങ്ങളിൽ എൽകെജി, യുകെജി ക്ലാസുകൾ ആരംഭിക്കും.
കോളജുകളുടെ കെട്ടിട അടിസ്ഥാന സൗകര്യ വികസനത്തിന് 250 കോടി രൂപ.
തുമകൂരുവിൽ സ്പോർട്സ് ആൻഡ് ബോഡി ബിൽഡിങ് സർവകലാശാലയും ശിവമൊഗ്ഗയിൽ ഹോംലൻഡ് സെക്യൂരിറ്റി സർവകലാശാലയും ഹംപിയിൽ ടൂറിസം സർവകലാശാലയും സ്ഥാപിക്കാൻ ഒൻപതു കോടി രൂപ.
കർണാടക എക്സാമിനേഷൻ അതോറിറ്റിക്ക് (കെഇഎ) വഴി വിവിധ മൽസര പരീക്ഷകൾക്കായി ഇൻഫർമേഷൻ ആൻഡ് ടുൾസ് (ഐസിടി) പരിശീലനം.
മെഡിക്കൽ ഹെൽപ്ലൈനായ 108, എമർജൻസി റെസ്പോൺസ് സർവീസസിന്റെ 104 സേവനങ്ങൾ വ്യാപിപ്പിക്കും. ഈ സേവനങ്ങൾക്കൊപ്പം മാതൃ-ശിശു ആരോഗ്യ, മാനസികാരോഗ്യ സേവനങ്ങളും കൂട്ടിയിണക്കും.
മരുന്നുകൾ ലഭ്യമാകുന്നത് കൂടുതൽ കാര്യക്ഷമമാക്കാൻ 40 കോടി രൂപ.
പാവപ്പെട്ട രോഗികൾക്ക് ഹൃദയ, വൃക്ക, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 30 കോടി രൂപ.
കനക്പുരയിൽ പുതിയ മെഡിക്കൽ കോളജ്.
തലഘട്ടപുരയിലെ സംസ്ഥാന പട്ടുനൂൽ വികസന കേന്ദ്രത്തിന് അഞ്ചു കോടി രൂപ ഗ്രാന്റ്. പട്ടുനൂൽ ഉൽപന്ന പ്രചാരണത്തിന് അവസരമൊരുക്കാൻ രണ്ടു കോടി രൂപ ഗ്രാന്റ്.
കർഷകരുടെ കണ്ണീരൊപ്പാൻ പരമാവധി ശ്രമങ്ങൾ മുഖ്യമന്ത്രി കുമാരസ്വാമി അവതരിപ്പിച്ച ബജറ്റിലുണ്ട്.
ഇസ്രയേൽ മാതൃകയിൽ 5000 ഹെക്ടറുകളിലായി കോലാർ, ചിത്രദുർഗ, കൊപ്പാൾ, ഗദഗ് ജില്ലകളിൽ കൃഷി വ്യാപിപ്പിക്കാൻ 150 കോടി രൂപ.
സീറോ ബജറ്റ് പ്രകൃതിദത്ത കൃഷി രീതിക്കായി 50 കോടി രൂപയുടെ ഗ്രാന്റ് അനുമതി.
ധർവാഡ്, കലബുറഗി, മൈസൂരു എന്നിവിടങ്ങളിൽ ബീജ വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ 2.25 കോടി രൂപ.
ഹൈഡ്രോഫോണിക്സ് രീതിയിലൂടെ പച്ചപ്പുല്ല് നിർമാണ യൂണിറ്റുകൾ സ്ഥാപിക്കാൻ മൂന്നു കോടി രൂപ.
5000 പട്ടികവിഭാഗം തൊഴിൽരഹിതർക്ക് തൊഴിലധിഷ്ഠിത സാങ്കേതിക പരിശീലനത്തിന് 15 കോടി രൂപ.
പട്ടികവിഭാഗ കായിക പ്രതിഭകൾക്ക് മുൻനിര സ്ഥാപനങ്ങളിൽ പരിശീലനത്തിന് രണ്ടു കോടി രൂപ.സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ഷില്ലേക്യാത, ദൊംബിദാസ, ഗൗളി, ഹെലുവ, ശിക്കാരി, ഹൂവഡിഗ, കഞ്ചുഗര, കമ്മാര, ദർജി, ദേവഡിഗ, ബുഡുബുഡിഗെ, തിഗള, ബഡിഗ, ഹത്ഗാര, കരിയോക്കലിഗ വിഭാഗക്കാരുടെ വികസനത്തിന് 10 കോടി രൂപയുടെ ഗ്രാന്റ്.
അന്നഭാഗ്യ പദ്ധതിക്കു പുറമെ കുറഞ്ഞ വിലയിൽ അഞ്ചു കിലോ ഗ്രാം അരി, അര കിലോ തുവരപ്പരിപ്പ്, ഒരു കിലോ പാംഓയിൽ, ഒരു കിലോ ഉപ്പ്, ഒരു കിലോ പഞ്ചസാര എന്നിവ ബിപിഎൽ കാർഡ് ഉടമകൾക്ക് ലഭ്യമാക്കും.
ബധിര സ്കൂളിൽ സ്പെഷൽ ടീച്ചേഴ്സ് പരിശീലനം ആരംഭിക്കും.
ഗവേഷണം നടത്തുന്നവർക്കും വിദേശ സർവകലാശാലകളിൽ പഠിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്നവർക്കുമായി ഒരു കോടി രൂപയുടെ ഗ്രാന്റ്.
സന്ധ്യാ സുരക്ഷാ പദ്ധതിക്കു കീഴിൽ മുതിർന്ന പൗരന്മാർക്ക് 1000 രൂപ വീതം പെൻഷൻ. 32.92 ലക്ഷം പേർക്ക് ഇതിന്റെ ഗുണം ലഭിക്കും.
ഭൂമി റീസർവേ അഞ്ചു ജില്ലകളിൽ തുടക്കമിടും.ബ്രാഹ്മണ സമുദായത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ക്ഷേമത്തിന് 25 കോടി രൂപ. 4236 പുതിയ ബസുകൾ ട്രാൻസ്പോർട്ട് കോർപറേഷനുകൾ വാങ്ങും.
മുഖ്യമന്ത്രിക്കു കീഴിൽ സമഗ്ര റോഡ് ഗതാഗത അതോറിറ്റി രൂപീകരിക്കും.∙ ഐടി, ബിടി ശാസ്ത്ര സാങ്കേതികം.
ഹാസൻ ജില്ലയ്ക്കു ചുറ്റും 30 കോടി രൂപ ചെലവിട്ട് റിങ് റോഡ്.
ജൂഡീഷ്യൽ രേഖകൾ സൂക്ഷിക്കാൻ ഒരു കോടി രൂപ ചെലവിട്ട് മ്യൂസിയം.
വ്യാവസായിക മേഖലയിൽ ഉൽപാദന ശേഷി വർധിപ്പിക്കാൻ ‘കംപീറ്റ് വിത്ത് ചൈന’ പദ്ധതി. ചിത്രദുർഗയിൽ വീടുകളിൽ എൽഇഡി ബൾബ് നിർമാണ കേന്ദ്രങ്ങൾ ആരംഭിക്കും.
ഹാസൻ ജില്ലയെ ശുചിമുറി ഉൽപന്ന നിർമാണ കേന്ദ്രമായി വികസിപ്പിക്കും.കൊപ്പാളിൽ കളിപ്പാട്ട നിർമാണം, ബീദറിൽ കാർഷിക ഉപകരണ നിർമാണം, മൈസൂരുവിൽ ഐസി ചിപ്പ് നിർമാണം, ബെള്ളാരിയിൽ തുണി വ്യവസായം തുടങ്ങിയവരും വരും
മുഖ്യമന്ത്രിയുടെ മാതൃശ്രീ പദ്ധതിക്കു കീഴിൽ ബിപിഎൽ കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രസവത്തിന് മുൻപും പിൻപും മൂന്നു മാസം വീതം 6000 രൂപ അലവൻസിനായി 350 കോടി രൂപ.
ആധാർ സ്വയം തൊഴിൽ പദ്ധതിക്കു കീഴിൽ ഒരു ലക്ഷം രൂപയ്ക്കു വരെ 50% സബ്സിഡി. 50% ബാങ്ക് വായ്പയായും ലഭ്യമാക്കും.
ജില്ലാ തലത്തിൽ നിലവിൽ ഒന്നു വീതമുള്ള വയോജന കേന്ദ്രങ്ങൾ സബ് ഡിവിഷനുകളിലേക്കു വ്യാപിപ്പിക്കും. ഇന്ദിരാനഗറിലെ ഗവ.
മണ്ഡ്യ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് ആശുപത്രിയിൽ 800 കിടക്ക സൗകര്യങ്ങളാക്കി വികസിപ്പിക്കാൻ 30 കോടി രൂപ.
കിഡ്വായ് കാൻസർ ആശുപത്രിയിൽ മജ്ജ മാറ്റിവയ്ക്കൽ ചികിൽസയ്ക്ക് സൗകര്യമൊരുക്കാൻ 12 കോടി രൂപ.
രാമനഗരയിൽ 300 കിടക്കകളുള്ള സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിക്ക് 40 കോടി രൂപ.ബെളഗാവി, കലബുറഗി, മൈസൂരു നഗരങ്ങളിൽ ഹൃദയ, കാൻസർ രോഗ ചികിൽസയ്ക്ക് സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രികൾ.
ഗംഗാ കല്യാണ പദ്ധതിക്കു കീഴിലെ സബ്സിഡി 50000 രൂപയായി വർധിപ്പിച്ചു.സാമൂഹിക സംരംഭക പദ്ധതിക്കു കീഴിൽ പട്ടികവിഭാഗ തൊഴിൽരഹിതർക്ക് 10 ലക്ഷം രൂപ വരെ പരമാവധി ധനസഹായം നൽകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.