“പ്രസവമെടുത്തത് ഞാനും മക്കളും”- പീഡനങ്ങള്‍ വെളിപ്പെടുത്തി മാടപ്പ

ബെംഗളൂരു: “പ്രസവത്തിനു ആശുപത്രിയില്‍ കൊണ്ടുപോകുകയോ പണം നല്‍കി സഹായിക്കുകയോ ചെയ്തില്ല. രാപ്പകലില്ലാത്ത അധ്വാനത്തിന് പുറമേ ശാരീരികമായും മാനസികമായും അവര്‍ ഒരുപാട് പീഡിപ്പിച്ചു” മാടപ്പ പറയുന്നു.

കനകപുരയിലെ മാറലവാഡി ഗ്രാമത്തിലാണ് സംഭവം. അഞ്ചുവർഷംമുമ്പ് ബെംഗളൂരുവിലെ ഒരു ഇഷ്ടികക്കളത്തിൽ ജോലിക്കെത്തിയതാണ് മാടപ്പ. അവിടെനിന്നാണ് ഒരു സുഹൃത്തുവഴി കനകപുരയിലെ തോട്ടത്തിൽ ജോലിയുണ്ടെന്നും അറുപതിനായിരം രൂപ വർഷത്തിൽ ശമ്പളമായി ലഭിക്കുമെന്നും അറിയുന്നത്. തുടർന്ന് തോട്ടമുടമയുമായി ബന്ധപ്പെട്ട് കരാറുറപ്പിച്ചു. തോട്ടത്തിൽ താമസിക്കണമെന്നു പറഞ്ഞ ഉടമ ഭാര്യയെയും മക്കളെയും കൊണ്ടുവരാനും അനുവാദം നൽകി.

എന്നാല്‍, ഭാര്യയേയും മക്കളെയും കൊണ്ടുവന്നതോടെ കഥ ആകെ മാറി. ആദ്യവർഷം ഇരുപതിനായിരം രൂപ നല്‍കിയ തോട്ടം ഉടമ പിന്നീട് പണം നല്‍കാതെയായി. കൂടാതെ, വെളുപ്പിന് 4 മണി മുതല്‍ രാത്രി 7 മണി വരെ ഊണും ഉറക്കവുമില്ലാതെ പണിയെടുപ്പിച്ചു. ആദ്യം മാടപ്പ മാത്രമായിരുന്നു പണിയെടുത്തിരുന്നത് എന്നാല്‍, അധികം വൈകാതെ ഭാര്യയും ജോലി എടുക്കേണ്ട അവസ്ഥയുണ്ടായി. പശുവിനെ കുളിപ്പിക്കുന്നതിനും മറ്റ് ചെറുപണികൾക്കും കുട്ടികളെയും ഉപയോഗിച്ചു.

തോട്ടത്തിന് പുറത്തിറങ്ങാനോ കുട്ടികളെ സ്കൂളിൽ വിടാനോ രോഗം ബാധിച്ചാൽ ആശുപത്രിയിൽ പോകാനോ മാടപ്പക്കും കുടുംബത്തിനും അനുമതിയുണ്ടായിരുന്നില്ല. മാടപ്പയുടെ പിതാവ് മരണപ്പെട്ടപ്പോള്‍ നാട്ടില്‍ പോയി അദ്ദേഹത്തിന്‍റെ മൃതദേഹം കാണാനുള്ള അവസരവും തോട്ടമുടമ നിഷേധിച്ചു.

ആയിടക്കാണ് അടുത്ത നാളുകളിലായി ഇവിടെ നിന്നും രക്ഷപ്പെട്ടവര്‍ നല്‍കിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്റർനാഷനൽ ജസ്റ്റിസ് മിഷൻ പ്രവർത്തകർ തോട്ടത്തിലെത്തുന്നത്. ഇവര്‍ മാടപ്പയെയും കുടുംബത്തെയും നിയമ സഹായത്തോടെ മോചിപ്പിക്കുകയും ചെയ്തു.

തോട്ടത്തിൽ നിന്നു രക്ഷപെടുത്തുമ്പോൾ മാടപ്പയ്ക്ക് ഫോൺ ഉപയോഗിക്കാൻ അറിയുമായിരുന്നില്ലെന്ന് ഇവരെ രക്ഷപെടുത്താൻ നേതൃത്വം നൽകിയ പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ ഗ്രാമത്തിലേക്ക് തിരിച്ചുപോകുമെന്നും, കുട്ടികള്‍ക്ക് നഷ്ടപ്പെട്ട വിദ്യാഭ്യാസം നല്‍കുമെന്നും മാടപ്പയുടെ ഭാര്യ പറഞ്ഞു.

ഇതേതുടര്‍ന്ന്, തോട്ടമുടമ കുസപ്പയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഏഴുവർഷംവരെ കഠിന തടവു ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us